മൊറോക്കോയിലെ ​മറാ​കേഷിൽ ആഫ്രി​ക്ക​ൻ ഫു​ട്ബാ​ള​ർ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ശേ​ഷം കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം​ചെ​യ്യു​ന്ന വി​ക്ട​ർ ഒ​സിം​ഹ​ൻ 

തെരുവിൽ വെള്ളം വിറ്റ് നടന്ന വിക്ടർ ഒസിംഹൻ; ഇന്ന് ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദി ഇയർ

ദാരിദ്ര്യം കൊടികുത്തിവാണിരുന്ന കാലത്തെ ചെറുത്തുനിൽപുകൊണ്ട് പരാജയപ്പെടുത്തി ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചവരുടെ കഥകൾ നമുക്ക് പുതുമയുള്ളതല്ല. ആഫ്രിക്കൻ മണ്ണിലെ അത്തരം ജീവിതകഥകൾക്ക് കദനം ഏറെയാകും. ഇത്തരത്തിൽ ജീവിതോപാധിപോലുമില്ലാത്ത കുടുംബപശ്ചാത്തലത്തിൽ വളർന്ന് ഫുട്ബാൾ ലോകം കീഴടക്കുന്ന ഒരു പറ്റം കരുത്തരുടെ ഈറ്റില്ലമാണ് ആഫ്രിക്ക. ലോക ഫുട്ബാളിൽ അങ്ങോളമിങ്ങോളം ഇന്ന് ആഫ്രിക്കൻ താരങ്ങളുടെ സ്വാധീനമുണ്ട്. അതിൽ വാണവരും വീണവരും ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു ഇതിഹാസത്തിന്‍റെ യുഗപ്പിറവിക്കാണ് കഴിഞ്ഞദിവസം ആഫ്രിക്കൻ വൻകര സാക്ഷിയായത്. 24കാരനായ നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ജെയിംസ് ഒസിംഹൻ. ആദ്യ നാളുകളിൽ തെരുവുകളിൽ വെള്ളം വിറ്റും കൂലിവേല ചെയ്തും ജീവിതം പടുത്തുയർത്തിയ ഒസിംഹൻ 2023ലെ ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെടുമ്പോൾ സൃഷ്ടിക്കുന്നത് പുതുചരിതമാണ്.

അബെദി പെലെ, സാമുവൽ എറ്റൂ, ദിദിയർ ദ്രോഗ്ബ തുടങ്ങി ഇതിഹാസങ്ങൾ നിറഞ്ഞാടിയ ആഫ്രിക്കൻ ഫുട്ബാൾ ചരിത്രത്തിലെ ഇന്നത്തെ ഏടുകളായ സാദിയോ മാനെ, മുഹമ്മദ് സലാഹ്, അശ്റഫ് ഹക്കീമി എന്നിവരിലേക്ക് ചേർത്തപ്പെട്ടിരിക്കയാണ് വിക്ടർ ഒസിംഹൻ എന്ന നാമവും. 2023ലെ ആഫ്രിക്കയിലെ മികച്ച താരങ്ങളുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ ഒസിംഹന് പിന്നിലുണ്ടായത് ഹക്കീമിയും സലാഹുമായിരുന്നു എന്നതാണ് അദ്ദേഹത്തെ മികച്ചതാക്കുന്നത്. 1999ൽ കാനു നംകാവോ നൈജീരിയയുടെ തട്ടകത്തിലെത്തിച്ച ആഫ്രിക്കയുടെ മികച്ച കളിക്കാരനെന്ന പട്ടം നീണ്ട 23 വർഷങ്ങൾക്കുശേഷം ഒസിംഹനിലൂടെയാണ് വീണ്ടും നൈജീരിയയിലെത്തുന്നത്. ദാരിദ്ര്യത്തിന്‍റെയും സഹനത്തിന്‍റെയും ചെറുപ്പകാലമാണ് ഓർക്കാനുള്ളത്. ചെറുപ്രായത്തിലേ മാതാവിനെ നഷ്ടമായ ഒസിംഹനും സഹോദരങ്ങൾക്കും താങ്ങായിരുന്നത് പിതാവ് പാട്രിക് ഒസിംഹനായിരുന്നു.

എന്നാൽ, പിതാവിന്‍റെ ജോലി നഷ്ടമായതിനെ തുടർന്ന് കൂലിവേല ചെയ്തും വെള്ളം വിറ്റുമാണ് ഒസിംഹനും കുടുംബവും ജീവിച്ചത്. തെരുവുകളിലെ വേസ്റ്റ് കൂമ്പാരങ്ങൾക്കും റോഡുകൾക്കുമരികിൽ പന്തുതട്ടി മികവുകാണിച്ച അദ്ദേഹം ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശംമൂലം തന്‍റെ വഴി അതാണെന്ന് മനസ്സിലാക്കുകയായിരുന്നു. ലാഗോസിലെ സ്ട്രൈക്കേഴ്സ് അക്കാദമിയിലൂടെയാണ് ഒസിംഹനെ നൈജീരിയ ശ്രദ്ധിച്ചു തുടങ്ങുന്നത്. 2015ൽ ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ആ വർഷം ചിലിയിൽ നടന്ന അണ്ടർ 17 ലോകകപ്പ് കിരീടം ഒസിംഹനും കൂട്ടരും നൈജീരിയയിലെത്തിക്കുകയും ചെയ്തതോടെ ഒസിംഹനെ ലോകം ശ്രദ്ധിച്ചുതുടങ്ങി. ഏഴു കളികളിൽ 10 ഗോളുകളുമായി ഗോൾഡൻ ബൂട്ടും സിൽവർ ബാളും നേടിയാണ് തന്‍റെ തേരോട്ടം അവസാനിപ്പിച്ചത്. അതുതന്നെ ധാരാളമായിരുന്നു ഒസിംഹന് പ്രമുഖ ക്ലബുകളുടെ റഡാറിലാവാൻ. അസാധാരണ കളിവൈഭവംകൊണ്ട് എതിർകളിക്കാരെ അനായാസം ഡ്രിബ്ൾ ചെയ്യാനും സ്കോർചെയ്യാനുമുള്ള ഒസിംഹന്‍റെ മികവുതന്നെയായിരുന്നു പലർക്കും അദ്ദേഹത്തിൽ കണ്ണുടക്കിയത്. ബുണ്ടസ് ലിഗയിലെ വോൾഫ്സ് ബർഗിലും ഷൽട്ടോറയിലും ലില്ലെയിലും പന്തുതട്ടിയ ഒസിംഹൻ ഇന്ന് ഇറ്റാലിയൻ സീരി എ ടീമായ നാപോളിയുടെ പകരംവെക്കാനില്ലാത്ത കുന്തമുനയാണ്.

കഴിഞ്ഞ വർഷത്തോടെ ഡീഗോ മറഡോണ യുഗത്തിനുശേഷം ആദ്യമായി ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് നാപോളി. കൃത്യമായി പറഞ്ഞാൽ 33 വർഷത്തെ ഇടവേളക്കുശേഷമാണ് സീരി എ കിരീടത്തിലേക്ക് നാപോളി കുതിച്ചെത്തിയത്. മുന്നേറ്റനിരയിൽ നൈജീരിയൻ താരം വിക്‌ടർ ഒസിംഹന്‍റെ മിന്നുംപ്രകടനമാണ് ടീമിലെ കിരീടത്തിലേക്കു നയിക്കുന്നതിൽ നിർണായകമായത്. ടീമിനായി 26 മത്സരങ്ങളിൽ 21 ഗോളുകളാണ് ഒസിംഹന്റെ ബൂട്ടിൽനിന്ന് പിറന്നത്. അതുതന്നെയാണ് ഈ വർഷത്തെ മികച്ച ആഫ്രിക്കൻ പുരുഷതാരമായി തിരഞ്ഞെടുത്തതിലുള്ള ആധാരവും. കഠിനമായ ഒരു ബാല്യത്തെ അതിജീവിച്ച് ധൈര്യത്തോടെയും അഭിനിവേശത്തോടെയും നിങ്ങൾക്ക് എത്രത്തോളം മുന്നേറാം എന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഒസിംഹൻ. ശാരീരികക്ഷമതയും വേഗമാർന്ന നീക്കങ്ങളും മികവുകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കരിയറിലുടനീളം ഈ ഫോം നിലനിർത്താനായാൽ വിക്ടർ ജെയിംസ് ഒസിംഹൻ എന്ന നാമം ഫുട്ബാൾ ചരിത്രത്തിന്‍റെ തങ്കലിപികളിലേക്ക് ചേർക്കപ്പെടും.

Tags:    
News Summary - Victor Osimhan selling water on the street; Now African Footballer of the Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.