ഗസ്സക്ക് പിന്തുണയുമായി ഫുട്ബാൾ വേദിയിൽ ഉയർന്ന ബാനർ

ഇസ്രായേലി​നെ ഉടൻ വിലക്കുക; ഫിഫക്കും യുവേഫക്കും മുമ്പാകെ ആവശ്യവുമായി യു.എൻ വിദഗ്ധർ

ജനീവ: ഗസ്സയിലെ വംശഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബാൾ വേദിയിൽ വിലക്കാൻ ഫിഫയും യുവേഫയും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിദഗ്ധർ.

അടിയന്തിര പ്രതികരണം എന്ന നിലയിൽ ഇരു ഫുട്ബാൾ ഭരണ സമിതികളും ഇസ്രയേലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യു.എന്നിലെ എട്ട് സ്വതന്ത്ര വിദഗ്ധസംഘം സംയുക്ത പ്രസ്താവനയിലൂടെ ആവശ്യമുന്നയിച്ചു. സാംസ്കാരിക അവകാശ വിഭാഗം പ്രതിനിധി അലക്സാണ്ട്ര ഷൻതാകി, ഫലസ്തീൻ മേഖലയിലെ മനുഷ്യാവകാശ പ്രതിനിധി ഫ്രാൻസിസ്ക അൽബനീസ് എന്നിവരടങ്ങിയ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും ഇസ്രായേലിനെ അടിയന്തിരമായി വിലക്കണമെന്ന് ആഗോള ഫുട്ബാൾ ഭരണസമിതിയായ ഫിഫ, യൂറോപ്യൻ ഫുട്ബാൾ ഭരണ സമിതിയായ യുവേഫ എന്നിവ മുമ്പാകെ ആവശ്യമുന്നയിച്ചത്.

ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്നത് കടുത്ത വംശഹത്യയാണെന്നും, ഫലസ്തീൻ മണ്ണിലെ ക്രൂരതകളുടെ പേരിൽ അടിയന്തിര വിലക്ക് ഏർപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അനീതികൾ തുടരുകയും, എന്നാൽ അവയെ സാമാന്യവൽകരിക്കാൻ കായിക പ്ലാറ്റ്ഫോമുകൾ ഉപയോപപ്പെടുത്തുകയും ചെയ്യുന്ന ഘട്ടത്തിൽ കായിക സംഘടനകൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കണ്ണടക്കരുതെന്ന് യു.എൻ വിദഗ്ധ സംഘം ആവശ്യപ്പെട്ടു.

മുമ്പെന്ന പോലെ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്ന രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ദേശീയ ടീമുകളെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യമുന്നയിച്ചു. ഫിഫയും യുവേഫയും അന്താരാഷ്ട്ര മനുഷ്യാവകാശ ഉത്തരവാദിത്തങ്ങൾക്ക് വിധേയരാണെന്നും യു.എൻ അംഗങ്ങൾ ചുണ്ടികാട്ടി. എന്നാൽ, ഏതൊരു കായിക ബഹിഷ്‌കരണവും താരങ്ങളെ വ്യക്തിപരമായല്ല ലക്ഷ്യമിടുന്നത്. ഇസ്രായേൽ എന്ന രാജ്യത്തിനെതിരെയാണെന്നും വ്യക്തമാക്കി. കളിക്കാർക്കെതിരെ അവരുടെ ദേശീയതയുടെ പേരിൽ വിവേചനമോ വിലക്കോ ഉണ്ടാകില്ലെന്നും, എന്നാൽ ഇസ്രായേൽ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ നിന്നു വിലക്കണമെന്നും നിർദേശിച്ചു. ഗസ്സയിൽ രണ്ടു വർഷത്തിലേക്ക് നീളുന്ന ഇസ്രായേലിന്റെ വംശഹത്യക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മുറവിളി ഉയരുന്നതിനിടെയാണ് യുവേഫയെയും ഫിഫയെയും കൂടുതൽ സമ്മർദത്തിലാക്കി യു.എൻ മനുഷ്യാവകാശ വിദഗ്ധ സമിതിയും വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

അംഗരാജ്യങ്ങളിൽ നിന്നും ആവശ്യമുയർന്നതോടെ ഇസ്രായേലി​ന്റെ ഭാവി നിർണയിക്കുന്നതിൽ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരാൻ ഒരുങ്ങുകയാണ്. 20 അംഗ എക്സിക്യൂട്ടീവിൽ കൂടുതൽ രാജ്യങ്ങളും വിലക്ക് നിർദേശത്തിന് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം, വിവിധ രാജ്യങ്ങളെ ഒപ്പം കൂട്ടി വിലക്ക് ഭീഷണി മറികടക്കാൻ ഇസ്രായേലും സജീവമായി രംഗത്തുണ്ട്. ഇസ്രായേലിനെ അന്താരാഷ്ട്ര വേദിയിൽ കളിപ്പിക്കരുതെന്ന് ആവശ്യവുമായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ്-ഫ്രഞ്ച് താരം എറിക് ക​ന്റോണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഇതിനു പുറമെ, യൂറോപ്പിലെ വിവിധ ലീഗ് മത്സര വേദികളും ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും ഫലസ്തീൻ ഐക്യദാർഢ്യവുമായി സജീവമാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇസ്രായേൽ-ഇറ്റലി മത്സരവും പ്രതിഷേധങ്ങളുടെ വേദിയായി മാറി. 2022 ഫെബ്രുവരിയിൽ യുക്രെയ്നെ ആക്രമിച്ച റഷ്യക്കെതിരെ നാലു ദിവസത്തിനുള്ളിൽ വിലക്ക് പ്രഖ്യാപിച്ച ഫിഫയും യുവേഫയും രണ്ടു വർഷമാവുന്ന ഗസ്സ ആക്രമണത്തിനിടയിലും ഇസ്രായേലിനെ സംരക്ഷിക്കുവെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.

Tags:    
News Summary - UN experts urge FIFA, UEFA to suspend Israel's national football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.