കിയവ്: റഷ്യൻ അധിനിവേശത്തെത്തുടർന്ന് ആറു മാസം മുമ്പ് അടച്ചിട്ട യുക്രെയ്നിലെ കളിക്കളങ്ങൾ ഉണരുന്നു. ആദ്യ ഘട്ടമെന്നോണം യുക്രെയ്നിയൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ പുതിയ സീസണിന് തുടക്കമായി. ചരിത്രമുറങ്ങുന്ന കിയവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ ശക്തമായ സുരക്ഷ സംവിധാനങ്ങൾക്ക് കീഴിലാണ് കളി. അധിനിവേശ വിരുദ്ധ പോരാളികൾക്ക് ആദരം അർപ്പിച്ചായിരുന്നു തുടക്കം.
കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ ഷാക്തർ ഡോണെസ്കും മെറ്റാലിസ്റ്റ് 1925 ഖാർകിവും ഏറ്റുമുട്ടി. കള വളർന്ന സ്റ്റേഡിയത്തിലെ പൊലീസ് കാവലിന് കീഴിൽ അരങ്ങേറിയ കളി ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. പട്ടാള നിയമവും കൂട്ടംകൂടലിന് വിലക്കും തുടരുമ്പോഴും യുക്രെയ്നിയൻ ജനത സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് ലോകത്തെ അറിയിക്കാനുള്ള ശ്രമം കൂടിയാണ് പ്രീമിയർ ലീഗ്. ഫെബ്രുവരിയിലാണ് റഷ്യൻ അധിനിവേശത്തെത്തുടർന്ന് രാജ്യത്തെ മുഴുവൻ കായിക മത്സരങ്ങളും റദ്ദാക്കിയതും മൈതാനങ്ങൾ അടച്ചിട്ടതും. 65,500 പേരെ ഉൾക്കൊള്ളുന്ന ഒളിമ്പിക് സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ പ്രീമിയർ ലീഗ് തുടരും.
യുക്രെയ്നിലെ ജീവിതം അവസാനിക്കുന്നില്ലെന്നും അത് തുടരുന്നുവെന്ന് ലോകത്തെ കാണിക്കാനുമുള്ള പ്രവർത്തനമാണിതെന്നും ഷാക്തർ പരിശീലകൻ ഇഗോർ ജോവിസെവിക് ഉദ്ഘാടന മത്സരത്തിന് മുമ്പ് പറഞ്ഞു. ''ഫുട്ബാൾ എന്നത് മുഴുവൻ രാജ്യത്തിന്റെയും പോരാടുന്ന ജനതയുടെയും വികാരങ്ങളെ ചലിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. അതിനാൽ ടീമെന്ന നിലയിൽ ഷാക്തറിന് മാത്രമല്ല എല്ലാവർക്കും അത്യന്താപേക്ഷിതമാണിത്. ജീവിതം മുന്നോട്ട് നയിക്കാനും ഫുട്ബാൾ തുടരുന്നുവെന്ന് ലോകത്തെ കാണിക്കാനും സഹായകവുമാണ്'' -ജോവിസെവിക് കൂട്ടിച്ചേർത്തു. യുക്രെയ്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം ഓർക്കണമെന്ന് മിഡ്ഫീൽഡർ മുദ്രിക് പറഞ്ഞു.
ഒരുപാട് സമയം കടന്നുപോകുകയാണ്. ഒരുപക്ഷേ ലോകം ഇതേക്കുറിച്ച് മറന്നേക്കാം. അതിക്രമങ്ങൾ നടക്കുമ്പോഴും ഒന്നും അവസാനിച്ചിട്ടില്ലെന്ന് മറ്റുള്ളവരെ അറിയിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം തുടർന്നു. പ്രീമിയർ ലീഗിന്റെ 2021-22 സീസൺ ഇടക്കുവെച്ച് നിർത്തിയെങ്കിലും പോയന്റ് പട്ടികയിൽ മുന്നിലുണ്ടായിരുന്ന ഷാക്തർ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. പുതിയ ഉദ്ഘാടന മത്സരത്തിന് ഇരു ടീമുകളിലെയും കളിക്കാർ നീലയും മഞ്ഞയും നിറമുള്ള യുക്രെയ്നിയൻ ദേശീയ പതാക തോളിൽ പുതപ്പിച്ചാണ് മൈതാനത്തേക്ക് പ്രവേശിച്ചത്.
അധിനിവേശത്തിൽ ആളുകൾ മരിച്ച യുക്രെയ്നിയൻ നഗരങ്ങളുടെ പേരുകൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ ഒരു മിനിറ്റ് മൗനം ആചരിച്ചു. 1976ൽ കാനഡയിലെ മോൺട്രയൽ ഒളിമ്പിക്സിൽ സോവിയറ്റ് യൂനിയൻ-ഈസ്റ്റ് ജർമനി മത്സരം നടക്കുമ്പോൾ ഡാനിലോ മിഹാൽ എന്നയാൾ യുക്രെയ്‍ൻ പതാകയുമായി മൈതാനത്തേക്ക് പാഞ്ഞെത്തിയിരുന്നു. യുക്രെയ്ൻ വംശജനും കനേഡിയൻ പൗരനുമായ മിഹാൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് യുക്രെയ്നിയൻ നാടോടി നൃത്തവും ചവിട്ടി. മിഹാൽ നൽകിയ പതാക നാലരപ്പതിറ്റാണ്ടിനിപ്പുറം കഴിഞ്ഞ ദിവസം ഉദ്ഘാടന മത്സരത്തിന് മുമ്പ് ഷാക്തർ ഡോണെസ്റ്റ്, മെറ്റാലിസ്റ്റ് ഖാർകിവ് ക്യാപ്റ്റന്മാർ സ്റ്റേഡിയത്തിൽ ഉയർത്തി.
പതാക യുക്രെയ്നിലേക്ക് കൊണ്ടുവരുകയെന്നത് മിഹാലിന്റെ സ്വപ്നമായിരുന്നുവെന്നും ഒടുവിൽ അത് സംഭവിച്ചെന്നും കിക്കോഫിന് മുമ്പ് താരങ്ങളെ വിഡിയോയിലൂടെ അഭിസംബോധന ചെയ്ത പ്രസിഡൻറ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.