ചാമ്പ്യൻസ് ലീഗ് ഫൈനൽ അതിക്രമം: ലിവർപൂൾ ആരാധകർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകി വിഷയമവസാനിപ്പിക്കാൻ യുവേഫ

പാരിസ് മൈതാനത്ത് കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാനെത്തിയവർക്ക് നഷ്ടപരിഹാരവുമായി ഫിഫ. ലിവർപൂൾ ആരാധകർ പൊലീസ് നടപടികൾക്കിരയായത് കടുത്ത വിമ​ർശനത്തിനിടയാക്കിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവേഫക്ക് സംഭവത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നഷ്ടപരിഹാര നടപടി.

സ്റ്റേഡിയത്തിന് പുറത്തെ അതിക്രമങ്ങളെ തുട​ർന്ന് മത്സരം അരമണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചിരുന്നത്. നിരവധി പേർ കളികാണാനാകാതെ മടങ്ങുകയും ചെയ്തു. ചിലർക്കെതിരെ പൊലീസ് ക്രൂരതകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അകത്തേക്കുവിടാതെ പൊലീസ് പിടിച്ചുവെച്ചത് കൈയാങ്കളിക്കുമിടയാക്കി. ലിവർപൂളിനായി കളി കാണാനെത്തിയത് തെമ്മാടിക്കൂട്ടമാണെന്നും അവരാണ് അക്രമങ്ങളുണ്ടാക്കിയതെന്നുമായിരുന്നു പൊലിസ് വിശദീകരണം.

വിഷയത്തെ കുറിച്ച് പുറത്തുവന്ന സ്വതന്ത്ര റിപ്പോർട്ട് യുവേഫയെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലിവർപൂൾ ക്ലബ് വിതരണം ചെയ്ത 19,618 ടിക്കറ്റുകൾക്കും തുക മടക്കി നൽകാൻ ഫിഫ തീരുമാനം. ‘പരസ്യമായും സ്വകാര്യമായും നിരവധി പേർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകു​ന്നതെന്ന് യുവേഫ ജനറൽ സെക്രട്ടറി തിയോഡർ തിയോഡറൈഡിസ് പറഞ്ഞു.

ടിക്കറ്റില്ലാതെ എത്തിയവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് തുടക്കത്തിൽ വിശദീകരിച്ച യുവേഫക്കെതിരെ എതിർപ്പ് ശക്തമായതിനു പിന്നാലെയാണ് കുറ്റമേറ്റ് നഷ്ടപരിഹാര വിതരണം. കടുത്ത പൊലീസ് വിവേചനത്തിനിടെയും ലിവർപൂൾ ആരാധകർ കാണിച്ച ആത്മസംയമനം പ്രശ്നം കൂടുതൽ വഷളാക്കാതെ കാത്തെന്നും ആർക്കും ജീവൻ നഷ്ടമാകാതിരുന്നത് ശ്ര​ദ്ധേയമാണെന്നും സ്വതന്ത്ര അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ടിക്കറ്റുകൾ ലിവർപൂൾ നേരിട്ട് വിതരണം ചെയ്തതായതിനാൽ നഷ്ട പരിഹാര വിതരണവും ക്ലബിന്റെ മേൽനോട്ടത്തിലാകും.

അതേ സമയം, ആരാധകർക്ക് ടിക്കറ്റ് തുക തിരി​ച്ചേൽപ്പിച്ചതു കൊണ്ട് മാത്രം നഷ്ടപരിഹാരം പൂർത്തിയാകില്ലെന്നും കൂടുതൽ തുകക്കായി നിയമനടപടി തുടരുമെന്നും ആരാധക​രെ പ്രതിനിധാനം ചെയ്യുന്ന നിയമസഹായ സ്ഥാപനം അറിയിച്ചു. 

Tags:    
News Summary - Uefa to refund Liverpool fans who had tickets for 2022 Champions League final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.