ചെൽസിയെ തകർത്ത് ബയേൺ; ജയിച്ചുകയറി പി.എസ്.ജിയും ലിവർപൂളും ഇന്‍ററും

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ലിവർപൂളിനും ഇറ്റാലിയൻ വമ്പന്മാരായ ഇന്‍റർ മിലാനും ജയം. കരുത്തരായ ചെൽസിയെ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് തരിപ്പണമാക്കി.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേണിന്‍റെ ജയം. ലിവർപൂൾ 3-2ന് സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡിനെയും പി.എസ്.ജി മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ഇറ്റാലിയൻ ക്ലബ് അറ്റലാൻഡയെയും ഇന്‍റർ മിലാൻ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അജാക്സിനെയും പരാജയപ്പെടുത്തി. ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയിനിന്‍റെ ഇരട്ടഗോളുകളാണ് ബയേണിന് ഗംഭീര ജയമൊരുക്കിയത്.

27ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച താരം, 63ാം മിനിറ്റിലും വലകുലുക്കി. ചെൽസി പ്രതിരോധ താരം ട്രെവോ ചലോബയുടെ (20ാം മിനിറ്റിൽ) വകയായിരുന്നു മറ്റൊരു ഗോൾ. 29ാം മിനിറ്റിൽ കോൾ പാമറാണ് ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത്. ചെൽസി കുപ്പായത്തിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി പാമറുടെ നൂറാം മത്സരമായിരുന്നു.

പ്രതിരോധത്തിലടക്കം താരങ്ങൾ വരുത്തിയ പിഴവുകളാണ് ചെൽസിക്ക് തിരിച്ചടിയായത്. മത്സരത്തിന്‍റെ തുടക്കത്തിൽ പെഡ്രോ നെറ്റോ, എൻസോ ഫെർണാണ്ടസ്, പാമർ എന്നിവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും വലകുലുക്കാനായില്ല. മത്സരത്തിന്‍റെ എല്ലാ മേഖലകളിലും അറ്റലാന്‍റക്കെതിരെ പാരീസ് ക്ലബിന്‍റെ സമ്പൂർണ ആധിപത്യമായിരുന്നു. മൂന്നാം മിനിറ്റിൽ മാർക്കിനോസാണ് പി.എസ്.ജിയുടെ ആദ്യ വെടിപൊട്ടിച്ചത്. ക്വിച്ച ക്വാരത്സ്ഖേലിയ (39ാം മിനിറ്റ്), ന്യൂനോ മെൻഡിസ് (51), ഗോൺസാലോ റാമോസ് (90+1) എന്നിവരും ഫ്രഞ്ച് ചാമ്പ്യന്മാർക്കായി ലക്ഷ്യംകണ്ടു.

ആൻഡ്രൂ റോബർട്സൺ (നാലാം മിനിറ്റിൽ), മുഹമ്മദ് സലാഹ് (ആറ്), വെർജിൽ വാൻഡേക്ക്  (90+2) എന്നിവരാണ് ചെമ്പടക്കായി ഗോൾ നേടിയത്. മാർകോസ് ലോറന്‍റെയുടെ വകയാണ് അത്ലറ്റികോയുടെ രണ്ടു ഗോളുകളും. മാർകസ് തുറാമിന്‍റെ ഇരട്ട ഗോൾ ബലത്തിലാണ് ഡച്ച് ക്ലബ് അജാക്സിനെ ഇന്‍റർ വീഴ്ത്തിയത്. 42, 47 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഇന്ന് രാത്രി ബാഴ്സലോണ ന്യൂകാസിൽ യുനൈറ്റഡിനെയും മാഞ്ചസ്റ്റര് സിറ്റി എസ്.എസ്.സി നാപ്പോളിയെയും നേരിടും.

Tags:    
News Summary - UEFA Champions League: Bayern beat Chelsea; PSG, Liverpool and Inter win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.