ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടില്ല! തിയറി ഹെന്റി പറയുന്ന കാരണം ഇതാണ്....

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിലും തകർപ്പൻ ഫോമിലാണ് ലിവർപൂൾ കളിക്കുന്നത്. കളിച്ച നാലു മത്സരങ്ങളും ജയിച്ച് പോയന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാർ.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്ലറ്റികോ മഡ്രിഡിനെ വീഴ്ത്തി ജയത്തോടെ തുടങ്ങാനും ആർനെ സ്ലോട്ടിനും സംഘത്തിനുമായി. ചാമ്പ്യൻസ് ലീഗിലെ ഫേവറേറ്റുകളാണ് ലിവർപൂൾ. ട്രാൻസ്ഫർ വിപണിയിൽ ഇത്തവണ റെക്കോഡ് തുകയാണ് ചെമ്പട മുടക്കിയത്. ജർമൻ പ്ലേമേക്കർ ഫ്ലോറിയൻ വിറ്റ്സിനെയും സ്വീഡൻ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിനെയും വൻവിലകൊടുത്താണ് ആൻഫീൽഡിലെത്തിച്ചത്. 57 കോടി ഡോളറാണ് (5018 കോടി രൂപ) ഇത്തവണ ക്ലബ് ട്രാൻസ്ഫർ വിപണിയിൽ ഒഴുക്കിയത്. ഇതുവഴി ഒരു സീസണിൽത്തന്നെ ബ്രിട്ടീഷ് ട്രാൻസ്ഫർ റെക്കോഡ് രണ്ടുവട്ടം തിരുത്താനും ലിവർപൂളിനായി.

പുതിയ താരങ്ങളുടെ കരുത്തിൽ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. എന്നാൽ, ചെമ്പടയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ നടക്കില്ലെന്നാണ് മുൻ ഫ്രഞ്ച് താരം തിയറി ഹന്റെി പറയുന്നത്. പ്രതിരോധത്തിലെ പ്രശ്നങ്ങൾ ടീമിന് തിരിച്ചടിയാകുമെന്നാണ് മുൻ ആഴ്സനൽ താരത്തിന്‍റെ വിലയിരുത്തൽ. പ്രതിരോധത്തിലെ പിഴവുകൾ കാരണം സ്ലോട്ടിന്‍റെ സംഘം ഇത്തവണ ഗോളുകൾ വാങ്ങികൂട്ടുകയാണെന്നും ഫൈനൽ മിനിറ്റിലെ പോരാട്ടം കൊണ്ടുമാത്രമാണ് ടീം രക്ഷപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.

അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരം സമനിലയിൽ പിരിയുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ (90+2) വെർജിൽ വാൻ ഡേക്ക് ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ആദ്യ ആറു മിനിറ്റിൽ തന്നെ ടീം രണ്ടു ഗോളിന്‍റെ ലീഡ് നേടിയിരുന്നു. ആൻഡ്രൂ റോബർട്സൺ (നാലാം മിനിറ്റിൽ), മുഹമ്മദ് സലാഹ് (ആറ്), എന്നിവരാണ് വലകുലുക്കിയത്. രണ്ടു പകുതികളിലായി മാർകോസ് ലോറന്‍റെ വലകുലുക്കി ടീമിനെ ഒപ്പമെത്തിച്ചിരുന്നു. തുടർച്ചയായി ഗോൾ വഴങ്ങുന്നതിലൂടെ ലിവർപൂളിന്‍റെ ഫേവറേറ്റ് ടാഗ് നഷ്ടപ്പെട്ടെന്നും മികച്ച പ്രതിരോധമുള്ള ടീമിന് മാത്രമെ കിരീടം നേടാനാകൂവെന്നും ഹന്റെി വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ കളിച്ച നാലു മത്സരങ്ങളിലും അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിലാണ് ടീം ജയിച്ചുകയറിയത്. ശനിയാഴ്ച എവർട്ടണെതിരെയാണ് പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ അടുത്ത മത്സരം.

Tags:    
News Summary - Thierry Henry explains why Reds are not favorites to win Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.