ലോ​ക​ക​പ്പ്​ വ​ള​ന്റി​യ​ർ സം​ഘ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യ മ​ല​യാ​ളി​ക​ൾ ലു​സൈ​ൽ സ്​​റ്റേ​ഡി​യ​ത്തി​നു​മു​ന്നി​ൽ

സേവനഭടന്മാർ കളത്തിലിറങ്ങി; ഇനി സന്നാഹത്തിരക്ക്

ദോഹ: കാൽപന്ത് ആരാധക ഹൃദയങ്ങളിലെ സ്വർണക്കൂടാരത്തിൽ ലോകകപ്പിന്‍റെ തയാറെടുപ്പിന് കിക്കോഫ്. ഖത്തറിന്‍റെ എട്ടുവേദികളിൽ കളിമുറുകുമ്പോൾ സ്റ്റേഡിയത്തിലും പുറത്തും ഫാൻ സോണിലും റോഡിലും മെട്രോകളിലും വിമാനത്താവളത്തിലും പരിശീലന വേദികളിലുമായി ലോകകപ്പ് സംഘാടനത്തിന്‍റെ നട്ടെല്ലായി മാറുന്ന വളന്റിയർപട ആദ്യമായി സംഗമിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ലോകകപ്പിനായി തെരഞ്ഞെടുക്കപ്പെട്ട 20,000ത്തോളം വളന്റിയർമാർ ഓറിയന്‍റേഷൻ പരിപാടിയുടെ ഭാഗമായി ഒന്നിച്ചത്. ഖത്തറിലുള്ളവരും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരുമായ 16,000ത്തോളം വളന്റിയർമാർ ലുസൈലിലെ ഇരിപ്പിടങ്ങളിൽ ഹാജരായപ്പോൾ, ശേഷിച്ചവർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓൺലൈനിലൂടെ പരിപാടിയുടെ ഭാഗമായി.

പന്തുരുളാൻ മൂന്നുമാസത്തിൽ താഴെ മാത്രം ദിനങ്ങൾ ശേഷിക്കെ വളന്റിയർമാർക്കുള്ള പരിശീലന പരിപാടികളുടെ തുടക്കം കൂടിയായി സംഗമം. ലോകകപ്പിന്‍റെ സംഘാടനത്തിൽ സജീവമാവുന്ന വളന്റിയർമാർക്ക് 45ഓളം വിഭാഗങ്ങളിലാണ് സേവനം നിശ്ചയിച്ചത്.

നിലവിൽ ഡ്യൂട്ടി നിശ്ചയിക്കപ്പെട്ടവർക്ക് വരുംദിനങ്ങളിൽ പരിശീലനത്തിന് തുടക്കമാവും. നേരിട്ടും ഓൺലൈൻവഴിയും നടക്കുന്ന പരിശീലനത്തിനു ശേഷമാവും സന്നദ്ധസംഘം കളിയുടെ മഹോത്സവത്തിന് മുഖ്യ കാർമികരായി മാറുന്നത്. അവസാനഘട്ടം എന്ന നിലയിൽ ഡ്യൂട്ടി ചെയ്യുന്ന സ്ഥലത്തും പരിശീലനമുണ്ടാവും.

ചടങ്ങിൽ ലോകകപ്പ് വളന്റിയർ ടീമിന്‍റെ യൂനിഫോമും പുറത്തിറക്കി. ആയിരത്തോളം മലയാളി വളന്റിയർമാരുടെ സാന്നിധ്യമാണ് ഖത്തർ ലോകകപ്പിനെ ഇന്ത്യക്കാർക്ക് വിശേഷപ്പെട്ടതാക്കി മാറ്റുന്നത്.

ഫിഫ അറബ് കപ്പ്, ക്ലബ് ലോകകപ്പ്, ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഉൾപ്പെടെ ഖത്തർ വേദിയായ വിവിധ ചാമ്പ്യൻഷിപ്പുകളുടെ സംഘാടന പരിചയ സമ്പത്തുമായാണ് പ്രവാസി മലയാളികൾ ലോകകപ്പിനും വളന്റിയർ കുപ്പായമണിയുന്നത്. ഇവരുടെ കൂട്ടായ്മയായ ഖത്തർ മല്ലു വളന്റിയർ സംഘവുമുണ്ട്. 

Tags:    
News Summary - The servicemen took the field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.