ആസ്ട്രേലിയയുടെ ലോകകപ്പ് യോഗ്യതക്കു പിന്നാലെ കണ്ണീരടക്കാൻ പാടുപെടുന്ന അവെർ മാബിലിനെ

ആശ്വസിപ്പിക്കുന്ന സഹതാരം

അഭയം നൽകിയ മണ്ണിന് മാബിലിന്‍റെ നന്ദിയാണ് ആ ഗോൾ

ദോഹ: പെറു-ആസ്ട്രേലിയ േപ്ല ഓഫ് മത്സരം. പെനാൽറ്റി ഷൂട്ടൗട്ടും സമനിലയായതോടെ സഡൻ ഡെത്തിലേക്ക് വിധിനിർണയം നീങ്ങിയ നിമിഷം. ആദ്യ കിക്കെടുത്ത ആസ്ട്രേലിയയുടെ അവെർ മാബിൽ പന്ത് വലയിലെത്തിച്ചു. മറുപടി ഷോട്ടെടുക്കാനെത്തിയത് പെറുവിന്‍റെ അലക്സ് വലേര. ഇടത്തേക്ക് ചാടിയ ഓസീസ് ഗോളി ആൻഡ്ര്യൂ റെഡ്മെയ്ൻ പന്ത് തടഞ്ഞിട്ട്, സോക്കറൂസിന് ലോകകപ്പ് യോഗ്യത സമ്മാനിച്ച നിമിഷം. താരങ്ങളും ടീം ഒഫീഷ്യലുകളും മൈതാനത്തേക്ക് കുതിച്ചെത്തി ഗോളിയെ വാരിപ്പണുർന്ന് എടുത്തുയർത്തിയ ദൃശ്യങ്ങൾ.

അപ്പോൾ, തൊട്ടരികിൽ പോസ്റ്റിനോട് ചേർന്ന് ഗ്രൗണ്ടിനെ ചുംബിച്ച് ആഹ്ലാദവും നന്ദിയും പ്രകടിപ്പിക്കുകയായിരുന്ന അവെർ മാബിൽ ടി.വി കാഴ്ചകൾക്ക് പുറത്തായിരുന്നു. സന്തോഷക്കണ്ണീരിൽ പൊട്ടിക്കരഞ്ഞ് മാബിൽ കുറേയേറെ നേരം കളം പുണർന്നിരുന്നു. ഓടിയെത്തിയ ടീം ഓഫീഷ്യലുകൾ ആശ്ലേഷിച്ചും കെട്ടിപ്പുണർന്നും സന്തോഷം പങ്കിട്ട് അവനെ സാന്ത്വനിപ്പിച്ചു.

ശേഷം, മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭയം നൽകിയ നാടിന് എന്‍റെയും കുടുംബത്തിന്‍റെയും നന്ദിയായി ഈ പെനാൽറ്റി ഗോളിനെ മാബിൽ വിശേഷിപ്പിച്ചത്. മാബിൽ പറഞ്ഞ കഥ തുടങ്ങുന്നത് 16 വർഷം മുമ്പാണ്. കെനിയയിലെ അഭയാർഥി ക്യാമ്പിൽ നിന്നും ബാലനായ മാബിലിനെയും സഹോദരങ്ങളെയും ചേർത്തുപിടിച്ച് മാതാപിതാക്കൾ 2006ലാണ് ആസ്ട്രേലിയയിലെത്തുന്നത്.

ടിം കാഹിലിന്‍റെ ആസ്ട്രേലിയ ജർമൻ ലോകകപ്പിനായി ഒരുങ്ങുന്ന വർഷം കൂടിയായിരുന്നു അത്. അഭയം നൽകിയ നാടിന്‍റെ ഫുട്ബാൾ ലോകകപ്പ് പങ്കാളിത്തം അന്ന് 10 വയസ്സുകാരനായ മാബിലിനും അഭിമാനമായി. അന്ന് കണ്ടു തുടങ്ങിയതായിരുന്നു ആസ്ട്രേലിയൻ കുപ്പായത്തിലെ ലോകകപ്പ് സ്വപ്നങ്ങൾ. 'സ്കോർ ചെയ്യാനാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എനിക്കും, എന്‍റെ കുടുംബത്തിനും ആസ്ട്രേലിയയോട് നന്ദി പറയാൻ ഇതിനേക്കാൾ മറ്റൊരു മികച്ച അവസരമില്ലെന്ന് ഞാൻ മനസ്സിലാക്കി' നിർണായകമായ നിമിഷത്തെ കുറിച്ച് മാബിൽ.

സുഡാനിൽ ജനിച്ച മാബിൽ രാജ്യത്തെ സംഘർഷങ്ങളെ തുടർന്നാണ് കെനിയയിലെ അഭയാർഥി ക്യാമ്പിലെത്തുന്നത്. വിശപ്പ് മാറ്റാൻ പന്തു തട്ടി നടന്ന കാലം. അവിടെ നിന്നാണ് 2006ൽ ആസ്ട്രേലിയയിലെത്തുന്നത്. അഡ്ലെയ്ഡ് യുനൈറ്റഡിലായിരുന്നു പ്രഫഷണൽ കരിയറിന്‍റെ തുടക്കം. 2014 മുതൽ ഓസീസ് അണ്ടർ 20 ടീമിലും ഇടം പിടിച്ചു. 2018 മുതൽ സീനിയർ ടീമിലുമുണ്ട് 28 കാരൻ മിഡ്ഫീൽഡർ. തന്‍റെ നേട്ടം അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ലക്ഷങ്ങൾക്ക് പ്രചോദനമാവട്ടെയെന്നും മാബിൽ പറഞ്ഞു.

Tags:    
News Summary - That goal is thanks to Mabil for the soil that provided shelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.