നോർവെയുടെ എർലിങ് ഹാലൻഡ്, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു
ഓസ്ലോ: രണ്ടു വർഷം തികയുന്ന ഗസ്സയിലെ വംശഹത്യക്കെതിരെ ഇസ്രായേലിനെതിരെ ലോകം തെരുവുകളിലും വേദികളും പ്രതിഷേധം ശക്തമാക്കുമ്പോൾ അതിന്റെ ചൂട് നന്നായി അനുഭവിക്കുകയാണ് അവരുടെ കായിക ടീമുകൾ. ഭരണകൂടവും സൈന്യവും ബോംബിട്ട് കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 65000ത്തിൽ ഏറെ പേരെ കൊന്നൊടുക്കി ആക്രമണം തുടരുമ്പോൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ഫുട്ബാൾ, ടെന്നീസ് ഉൾപ്പെടെ കായിക ടീമുകൾക്കാണ് പ്രതിഷേധചൂടേൽക്കുന്നത്.
കഴിഞ്ഞയാഴ്ചയായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിഷ്പക്ഷ വേദിയിൽ കളിക്കാനിറങ്ങിയ ഇസ്രായേൽ ടീമിനെ ഇറ്റലി ആരാധകർ പ്രതിഷേധംകൊണ്ട് മൂടിയത്. മത്സരത്തിന് മുന്നോടിയായി ഇസ്രായേൽ ദേശീയ ഗാനമുയർന്നപ്പോൾ മൈതാനത്തു നിന്നും പുറംതിരിഞ്ഞ് നിന്ന്, ‘സ്റ്റോപ്പ്’ ബാനർ ഉയർത്തിയായി പ്രതിഷേധം.
ഇറ്റലിക്കെതിരായ മത്സരത്തിനു പിന്നാലെ, നോർവെക്കെതിരായ മത്സരവും പന്തുരുളും മുമ്പേ വിവാദങ്ങളുടെ വേദിയായി മാറി. ഗ്രൂപ്പ് ‘ഐ’യിൽ ഒക്ടോബർ 11ന് ഒസ്ലോയിലാണ് ഇസ്രായേലും നോർവെയും തമ്മിലെ മത്സരം. ഇസ്രായേലിനെതിരെ യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളിൽ മുൻനിരയിലുള്ള നോർവെ, ഫുട്ബാൾ മത്സരവും തങ്ങളുടെ പ്രതിഷേധ വേദിയാക്കി മാറ്റുകയാണിപ്പോൾ.
മത്സരത്തിൽ നിന്നുള്ള വരുമാനം ഗസ്സയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് നോർവീജിയൻ ഫുട്ബാൾ അസോസിയേഷൻ നേരത്തെ പ്രഖ്യാപിച്ചു.
ഗസ്സയിലെ ദുരിതങ്ങളിൽ നിസ്സംഗത പാലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ഫെഡറേഷൻ പ്രസിഡന്റ് ലിസെ ക്ലാവ്നെസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
സ്പോർട്സിനപ്പുറം, ഇസ്രായേലിനൊപ്പമുള്ള മത്സരം തന്നെ ഞങ്ങൾക്ക് പ്രയാസമേറിയതാണ്. ഗസ്സയിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കികൊണ്ടുള്ള ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ ആർക്കും നിസ്സംഗത പാലിക്കാനാവില്ല. മത്സരത്തിൽ നിന്നുള്ള വരുമാനം ഗസ്സയിലെ മാനുഷിക സഹായങ്ങൾക്ക് നേതൃത്വം നൽകുന്ന ഏതെങ്കിലും സംഘടനകൾക്ക് കൈമാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, മത്സരത്തിനു തലേദിനം മാത്രം ഇസ്രായേൽ നോർവെയിൽ പ്രവേശിച്ചാൽ മതിയെന്നും അധികൃതർ നിർദേശിച്ചു. ശക്തമായ പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിൽ ടീമിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളിയാണെന്ന് ചൂണ്ടികാട്ടിയാണ് തലേദിനം മാത്രം രാജ്യത്ത് എത്തിയൽ മതിയെന്ന് അറിയിച്ചത്.
സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണവും കുറക്കും. 26,000 ശേഷിയുള്ള സ്റ്റേഡിയത്തിൽ 3000 ടിക്കറ്റുകൾ മാത്രമേ വിൽക്കുവെന്നും നോർവെ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.
അതിനിടെ, യുക്രെയ്നെ ആക്രമിച്ച റഷ്യക്ക് ഏർപ്പെടുത്തിയ വിലക്ക് പോലെ ഇസ്രായേലിനും അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും വിലക്കണമെന്ന ആവശ്യവുമായി ഇറ്റാലിയൻ സോക്കർ കോച്ചസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഗസ്സ ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ മുതൽ ഇസ്രായേൽ അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകുന്നില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇസ്രായേലിന്റെ ഹോം മത്സരങ്ങളും നിഷ്പക്ഷ വേദിയെന്ന നിലയിൽ ഹംഗറിയിലാണ് നടക്കുന്നത്.
അതേസമയം, നോർവെയുടെ പ്രതിഷേധത്തിന് പരിഹാസത്തോടെയായിരുന്നു ഇസ്രോയൽ പ്രതികരണം. ‘മറ്റൊരു ഫെഡറേഷൻ തങ്ങളുടെ വരുമാനം എന്ത് ചെയ്യുമെന്നതിനെ കുറിച്ച് സാധാരണ ഞങ്ങൾ പ്രതികരിക്കാറില്ല. ഒക്ടോബർ ലെ കൂട്ടക്കൊലയെ അപലപിക്കുന്നതിനോ 50 ബന്ദികളെ മോചിപ്പിക്കുന്നതിനോ വേണ്ടി കുറച്ച് പണം ഉപയോഗിക്കുന്നത് നന്നായിരിക്കും. ദയവായി ഫണ്ട് തീവ്രവാദ സംഘടനകൾക്കോ നിയമവിരുദ്ധമായ ആവശ്യങ്ങൾക്കോ കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക’ -ഇസ്രായേൽ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കി.
എർലിങ് ഹാലൻഡിന്റെ നോർവെ, ഇറ്റലി എന്നിവർക്കു പുറമെ എസ്തോണിയ, മൊൾഡോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അഞ്ചിൽ അഞ്ച് കളിയും ജയിച്ച നോർവെ (15 പോയന്റ്) ഒന്നും, ഇറ്റലി, ഇസ്രായേൽ (9) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.