സൂപ്പർലീഗ് കേരള; ഇന്ന് വാരിയേഴ്സ്-ഫോഴ്‌സ മുഖാമുഖം

കണ്ണൂര്‍: സൂപ്പര്‍ലീഗ് കേരളയില്‍ കണ്ണൂർ വാരിയേഴ്സിന് ഞായറാഴ്ച നിർണായക പോരാട്ടം. സെമി ഫൈനല്‍ സാധ്യത നിലനിർത്താൻ സ്വന്തം തട്ടകത്തിൽ ആദ്യ ജയം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്‌സ് ഫോഴ്‌സ കൊച്ചിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം. സൂപ്പർലീഗിൽ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് രണ്ട് ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി (10 പോയന്റ്) അഞ്ചാമതാണ്. ഒറ്റ കളിയും ജയിക്കാത്ത ഫോഴ്‌സ കൊച്ചി ഒരു പോയന്റുമില്ലാതെ അവസാന സ്ഥാനത്തും.

മൂന്ന് കളി മാത്രം ബാക്കിയിരിക്കെ ഫോഴ്സയോട് ആദ്യപാദത്തിലെ വിജയം ആവർത്തിച്ച് പോയന്റ് നിലയിൽ മൂന്നാമതെത്താനാണ് കണ്ണൂരിന്റെ ശ്രമം. ഹോം മത്സരങ്ങളിൽ സ്റ്റേഡിയത്തിലൊഴുകിയെത്തുന്ന പതിനായിരക്കണക്കിന് കാണികളുടെ പൂർണ പിന്തുണയുമായി കളിക്കുന്ന വാരിയേഴ്സിന് ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും മതിയാവില്ല. മലപ്പുറത്തിനെതിരെ പിന്നിൽനിന്ന ശേഷം സമനില പിടിച്ച ആത്മവിശ്വാസമാണ് കണ്ണൂരിന്റെ കൈമുതൽ.

കണ്ണൂരുകാരനായ മുഹമ്മദ് സിനാൻ രണ്ടു ഗോളും ഒരു അസിസ്റ്റുമായി ടീമിന്റെ പ്രതീക്ഷയായി നിലനിൽക്കുന്നു. ചുവപ്പ് കാര്‍ഡ് കണ്ട് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ തിരിച്ചെത്തുന്നത് ടീമിന് കരുത്തേകും. തുടർ തോൽവികളിൽനിന്ന് കരകയറാനാവും ഫോഴ്‌സ കൊച്ചിയുടെ ശ്രമം. സീസണില്‍ ഒരു ആശ്വാസ വിജയം അവർക്ക് ആവശ്യവുമാണ്.

Tags:    
News Summary - Super League Kerala; Warriors-Forza face off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.