സൂപ്പർ ലീഗ് കേരള: കണ്ണൂരിനെ 3-0ത്തിന് തോൽപിച്ച് മ​ല​പ്പു​റം മൂന്നാം സ്ഥാനത്ത്

മഞ്ചേരി: കണ്ണൂരിന്റെ കളരിയടവുകളെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് മലപ്പുറം എഫ്.സി. സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കണ്ണൂർ വാരിയേഴ്സിനെ മലപ്പുറം കീഴടക്കിയത്.

ക്യാപ്റ്റൻ സൊക്കൂന (19), മുഹമ്മദ് മഹ്ദി (45+ 3), സി.കെ. റാഷിദ് (66) എന്നിവർ ഗോൾ നേടി. ലീഗിൽ കണ്ണൂരിനെതിരെ വിജയിക്കാനായില്ലെന്ന ചീത്തപ്പേരും മാറ്റി മലപ്പുറം. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ പോയന്റ് പട്ടികയിൽ ഇവർ മൂന്നാമതെത്തി. നവംബർ ഒന്നിന് ഇതേ സ്റ്റേഡിയത്തിൽ മലബാർ ഡർബിയിൽ കാലിക്കറ്റ് എഫ്.സിയാണ് മലപ്പുറത്തിന്റെ എതിരാളികൾ.

കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റങ്ങളുമായി 4-4-2 ശൈലിയിലാണ് കോച്ച് കരീം ബെഞ്ചറിഫ ടീമിനെ കളത്തിലേക്ക് വിട്ടത്. പ്രതിരോധത്തിൽ മഷൂർ ശരീഫ്, മധ്യനിരയിൽ ബോസ്നിയ താരം നദീം ഹാദ്സിച്ച് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മറുഭാഗത്ത് 4-4-2 ശൈലിയിലാണ് കോച്ച് ആന്ദ്രേ ചെർണിഷോവ് കണ്ണൂർ പോരാളികളെ പടയോട്ടത്തിനിറക്കിയത്. സ്പാനിഷ് താരങ്ങളായ ക്യാപ്റ്റൻ അസിയർ ഗോമസ്, അൽവാരസ് എന്നിവരുടെ കരുത്തിലാണ് കണ്ണൂർ ആതിഥേയരെ നേരിട്ടത്.

16ാം മിനിറ്റിൽ സൊക്കൂനയുടെ കിടിലൻ ത്രൂ പാസ് സ്വീകരിച്ച എൽഫോഴ്സി പന്തുമായി ബോക്സിലേക്ക് കുതിച്ചെങ്കിലും കണ്ണൂർ പ്രതിരോധത്തിൽ തട്ടി മടങ്ങി. എന്നാൽ, മലപ്പുറം ആക്രമണം കടുപ്പിച്ചതോടെ കണ്ണൂർ കോട്ട വിറച്ചു. 19ാം മിനിറ്റിൽ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് മലപ്പുറം മുന്നിലെത്തി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും എൽഫോഴ്സി നൽകിയ പന്ത് സ്വീകരിച്ച ക്യാപ്റ്റൻ സൊക്കുന കീപ്പറെ മറികടന്ന് പന്ത് വലയിലെത്തിച്ചു.

29ാം മിനിറ്റിൽ കണ്ണൂരിന് ഒപ്പമെത്താനുള്ള സുവർണാവസരം. വലതു വിങ്ങിൽ നിന്നും മുഹമ്മദ് സിനാൻ നൽകിയ ക്രോസിന് അസിയർ ഗോമസ് കാൽവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. എൽഫോഴ്സി- സൊക്കൂന ജോടി കണ്ണൂർ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു.

ഇതിന് വീണ്ടും ഫലമുണ്ടായി. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച കോർണർ എൽഫോഴ്സി ബോക്സിലേക്ക് നൽകി. കണ്ണൂർ പ്രതിരോധം ക്ലിയർ ചെയ്തെങ്കിലും പന്ത് ലഭിച്ച മഹ്ദി ലക്ഷ്യം കണ്ടു. (2-0). പന്ത് കൈവശം വെക്കുന്നതിൽ കണ്ണൂർ ആധിപത്യം കാണിച്ചെങ്കിലും ഗോൾ നേടുന്നതിൽ മുന്നേറ്റം പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ കണ്ണൂർ ആദ്യമാറ്റം വരുത്തി.

സ്റ്റമൻകോവിച്ചിനുപകരം അസർ കോസിച്ച് എത്തി. 51ാം മിനിറ്റിൽ തുടരെ കോർണറുകൾ നേടി കണ്ണൂർ ആതിഥേയരെ സമ്മർദത്തിലാക്കിയെങ്കിലും മലപ്പുറം പ്രതിരോധം മികച്ചുനിന്നു. 66ാം മിനിറ്റിൽ മൂന്നാം ഗോളും നേടി മലപ്പുറം മത്സരത്തിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ചു.

Tags:    
News Summary - Super League Kerala: Malappuram in third place after defeating Kannur 3-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.