ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണക്കെതിരെ റയൽ മഡ്രിഡിന് ആവേശ ജയം. ന്യൂകാമ്പിലെ സ്വന്തം കാണികൾക്കുമുന്നിൽ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കറ്റാലൻസ് കീഴടങ്ങിയത്. ഇരട്ട ഗോളുകളുമായി തിളങ്ങിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിന്റെ വിജയശിൽപിയായി. റഫീഞ്ഞയായിരുന്നു ബാഴ്സയുടെ സ്കോറർ. സീസണിൽ ഇവരുടെ ആദ്യ തോൽവിയാണിത്.

ഗോൾരഹിതമായി ആദ്യ പകുതി തീരാനിരിക്കെ 41ാം മിനിറ്റിൽ റയൽ ലീഡ് പിടിച്ചു. ബാഴ്സ പ്രതിരോധ താരം ജെറാർഡ് മാർട്ടിൻ ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് കിലിയൻ എംബാപ്പെയുടെ കാലിലൂടെ വലയിൽ. 44ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ മികച്ച പാസിൽ ഗോൾ പോസ്റ്റിന് തൊട്ടുമുന്നിൽവെച്ച് ലമീൻ യമാലിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്കുപോയത് ആതിഥേയ ആരാധകരെ നിരാശരാക്കി.

61ാം മിനിറ്റിൽ ബാഴ്സ സമനില പിടിച്ചു. പെഡ്രിയുടെ ഒന്നാന്തരം പാസിൽ നിന്ന് റഫീഞ്ഞ സ്കോർ ചെയ്തു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ കൗണ്ടർ അറ്റാക്കിലൂടെ എഡ്വേർഡോ കാമവിംഗ നൽകിയ പന്ത് എംബാപ്പെ (87) വലയിലെത്തിച്ചതോടെ റയൽ വിജയം ഉറപ്പിച്ചു.

സീസണിലെ ആദ്യ പത്ത് മത്സരങ്ങളിലും വിജയമെന്ന റെക്കോഡിനരികിൽ കറ്റാലൻസിന് കാലിടറുകയായിരുന്നു. ഒമ്പത് ജയവും ഒരു തോൽവിയുമായി 27 പോയന്റോടെ കറ്റാലൻസ് തന്നെയാണ് പട്ടികയിൽ മുന്നിൽ. അത്‍ലറ്റികോ മഡ്രിഡും (25) റയൽ മഡ്രിഡും (24) രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്നു.

Tags:    
News Summary - Real Madrid win El Clasico 2-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.