എൽ ക്ലാസിക്കോക്ക് മണിക്കൂറുകൾ മാത്രം ബാക്കി; റയലിന് തിരിച്ചടിയായി തിബോ കോർട്ടുവയുടെ പുറത്താകൽ
ക്യാംപ്നൗ: ലാലിഗയിലെ എൽ ക്ലാസിക്കോ പോരാട്ടത്തിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റയൽ മാഡ്രിഡിന് വലിയ തിരിച്ചടിയായി ഗോൾകീപ്പർ തിബോ കോർട്ടുവയുടെ പിന്മാറ്റം. കടുത്ത പനിയെ തുടർന്നാണ് അദ്ദേഹത്തിന് മത്സരം നഷ്ടമാകുന്നത്. കോർട്ടുവത്ത് പകരം ഇല്ലിയ വോളോഷിനെ റയൽ മാഡ്രിഡ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത്, ബാഴ്‌സലോണയ്ക്കും പ്രധാന താരത്തിന്റെ സേവനം നഷ്ടമായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരായ മത്സരത്തിനിടെ ഇടത് തുടയിലെ പേശികൾക്ക് പരിക്കേറ്റ മധ്യനിര താരം ഡാനി ഓൽമോ ഇന്ന് കളത്തിലിറങ്ങില്ല. മത്സരത്തിന്റെ 27-ാം മിനിറ്റിൽ പിഎസ്ജിയുടെ വിറ്റിന്യയുമായി കൂട്ടിയിടിച്ചാണ് ഓൽമോയ്ക്ക് പരിക്കേറ്റത്. തുടർ പരിശോധനകളിൽ അദ്ദേഹത്തിന് കുറഞ്ഞത് നാല് ആഴ്ചത്തെ വിശ്രമം ആവശ്യമാണെന്ന് ബാഴ്‌സലോണ അറിയിച്ചു.
ലാലിഗ കിരീടം ലക്ഷ്യമിടുന്ന ഇരുടീമുകൾക്കും ഈ മത്സരം അതിനിർണായകമാണ്. ഈ കളിയിൽ വിജയിച്ചാൽ ബാഴ്‌സലോണയ്ക്ക് റയലിനെതിരെയുള്ള പോയിന്റ് ലീഡ് ഒമ്പതായി ഉയർത്താം. എന്നാൽ റയൽ മാഡ്രിഡാണ് വിജയിക്കുന്നതെങ്കിൽ ബാഴ്‌സയുമായുള്ള വ്യത്യാസം മൂന്ന് പോയിന്റാക്കി കുറയ്ക്കാൻ സാധിക്കും. മാത്രമല്ല, അവസാന ഏഴ് എൽ ക്ലാസിക്കോകളിൽ ആറിലും തോറ്റ റയലിനെ സംബന്ധിച്ച് അഭിമാനകരമായ ഒരു തിരിച്ചുവരവിനുള്ള അവസരം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.