പന്തുരുളുന്നു! സൂപ്പർ കപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിൽ, തീയതി പ്രഖ്യാപിച്ച് എ.ഐ.എഫ്.എഫ്

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിൽ അനിശ്ചിതത്വങ്ങൾ നീങ്ങി പന്തുരുളുന്നു! അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ് ) സൂപ്പർ കപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ചു.

ഒക്ടോബർ 25 മുതൽ നവംബർ 22 വരെ ഘട്ടംഘട്ടമായാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുകയെന്ന് ഫെഡറേഷൻ അറിയിച്ചു. ശനിയാഴ്ച ചേർന്ന ഫെഡറേഷൻ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഫുട്ബാൾ ടൂർണമെന്റുകൾ സമയബന്ധിതമായി ആരംഭിക്കാൻ സുപ്രീം കോടതി കഴിഞ്ഞദിവസം ഫെഡറേഷന് നിർദേശം നൽകിയിരുന്നു.

മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അന്ത്യമായത്. ഇന്ത്യൻ സൂപ്പർ ലീഗ് നടത്തുന്നതിന് വാണിജ്യ പങ്കാളിയെ തെഞ്ഞെടുക്കുന്നതിന് മത്സരപരവും സുതാര്യവുമായ പ്രക്രിയയ്ക്കായി ബിഡുകൾ ക്ഷണിച്ചുകൊണ്ട് ഫെഡറേഷന് ആവശ്യമായ ടെൻഡറുകൾ പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് ഉറപ്പാക്കുന്നതിന് ജസ്റ്റിസ് എൽ. നാഗേശ്വര റാവുവിനെ നിയോഗിച്ചിട്ടുമുണ്ട്. ഐ.എസ്.എൽ സീസൺ വൈകിയ സാഹചര്യത്തിലാണ് സുപ്രിംകോടതി ഇടപെടൽ.

ഫുട്ബാൾ ഫെഡറേഷനും ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും തമ്മിലെ മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കാത്തതാണ് സീസൺ അനിശ്ചിതത്വത്തിലാക്കിയത്. അതേസമയം, അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഭരണഘടന സംബന്ധിച്ച് കോടതി വിധി പറഞ്ഞിട്ടില്ല.

ഭരണഘടനാ പ്രതിസന്ധി ഉടൻ അവസാനിപ്പിക്കാനും, പരിഷ്‍കരിച്ച ഭരണഘടന ഒക്ടോബർ 30ന് മുമ്പായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ഫിഫ എ.ഐ.എഫ്.എഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇല്ലെങ്കിൽ ഇന്ത്യക്ക് അന്താരാഷ്ട്ര ഫുട്ബാളിൽ വിലക്കേർപ്പെടുത്തുമെന്നും ഫിഫ അറിയിച്ചു. ഫെഡറേഷൻ ഭരണഘടന പരിഷ്‍കരണം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവു പ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാൻ കഴിയൂ.

Tags:    
News Summary - Super Cup to be held from October 25 to November 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.