പനജി: സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റയുടെ ഇരട്ട ഗോളിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്.
മത്സരത്തിന്‍റെ ആദ്യ പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നു ഗോളുകളും. 17, 22 മിനിറ്റുകളിലായിരുന്നു ഒബിയെറ്റയുടെ ഗോളുകൾ. രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിക്കെതിരായ അരങ്ങേറ്റ മത്സരത്തിലും താരം വലകുലുക്കിയിരുന്നു. 34ാം മിനിറ്റിൽ കോറോ സിങ്ങാണ് ടീമിന്‍റെ മൂന്നാം ഗോൾ നേടിയത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമ്പൂർണ ആധിപത്യം പുലർത്തി. തുടർച്ചയായ സമ്മർദത്തിന് 18-ാം മിനിൽ ഫലം കണ്ടു. ഡൽഹിയുടെ പ്രതിരോധനിര വരുത്തിയ പിഴവിൽ നിന്ന് പന്ത് റാഞ്ചിയ കോൾഡോ ഒബിയെറ്റ ശാന്തമായി വലയിലെത്തിച്ച് ലീഡ് നൽകി. പത്ത് മിനിറ്റിനകം മലയാളി താരം നിഹാൽ സുധീഷിന്റെ മനോഹരമായ നീക്കത്തിൽ നിന്ന് വീണ്ടും അവസരം ലഭിച്ച കോൾഡോ, ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ലീഡ് ഇരട്ടിയാക്കി. 33-ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ നൽകിയ കൃത്യതയാർന്ന ലോങ് പാസ് കൊറോ സിങ്ങിന്റെ കാലുകളിൽ. യുവതാരം പിഴവുകളില്ലാതെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്കോർ 3-0 ആക്കി.
രണ്ടാം പകുതിയിലും കളിയിലെ നിയന്ത്രണം ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. നിഹാലിന്റെ തകർപ്പൻ മുന്നേറ്റങ്ങൾ, നോഹയുടെയും കൊറോയുടെയും ഷോട്ടുകൾ എന്നിവ ഡൽഹി ഗോൾകീപ്പറെ നിരന്തരം പരീക്ഷിച്ചു. ഡൽഹി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ ശക്തമായ പ്രതിരോധം തടയിട്ടു.
ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഡാനിഷ് ഫാറൂഖ്, വിബിൻ മോഹൻ എന്നിവർക്ക് പകരം വിദേശ താരങ്ങളായ നോഹ സദോയി, ദുസാൻ ലഗറ്റോർ എന്നിവർ ടീമിലിടം പിടിച്ചു. ഈമാസം ആറിന് കരുത്തരായ മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.
നിലവിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആറു പോയന്‍റുള്ള ബ്ലാസ്റ്റേഴ്സാണ് ഒന്നാമത്. ഒരു മത്സരം ജയിച്ച മുംബൈ മൂന്നു പോയന്‍റുമായി രണ്ടാമതും. രാത്രി രാജസ്ഥാനെ നേരിടുന്ന മുംബൈ മത്സരം ജയിച്ചാൽ ആറു പോയന്‍റാകും. ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരം ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ഒരുപോലെ നിർണായകമാകും. ജയിക്കുന്നവർ സെമിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.