സുനിൽ ഛേത്രി

‘പ്രായം 42; ഇനി എളുപ്പമല്ല’ -ദേശീയ ടീമിലേക്ക് ഇനിയില്ലെന്ന സൂചനയുമായി സുനിൽ ഛേത്രി

ബംഗളൂരു: ഒരു തവണ കളി മതിയാക്കി, ആരാധക​രോട് കണ്ണീരോടെ യാത്ര പറഞ്ഞ് കളം വിട്ട ശേഷം തിരികെയെത്തി കളി തുടങ്ങിയ സുനിൽ ഛേത്രി വീണ്ടും വിരമിക്കുന്നു.

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ദയനീയമായി കീഴടങ്ങിയതിനു പിന്നാലെയാണ് ദേശീയ ടീം കുപ്പായം എക്കാലത്തേക്കുമായി അഴിക്കാൻ സുനിൽ ഛേത്രി തീരുമാനിക്കുന്നത്. ഔദ്യോഗികമായൊരു പ്രഖ്യാപനം നടത്തിയില്ലെങ്കിലും, ഇനി ദേശീയ ടീമിന്റെ മത്സരങ്ങൾക്കില്ലെന്ന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ സുനിൽ ഛേത്രി വ്യക്തമാക്കി.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളും, ​മുൻനിര ഗോൾവേട്ടക്കാരനുമായി തിളങ്ങിയ സമ്പന്നമായ കരിയറിനൊടുവിൽ 2024 ജൂണിലായിരന്നു സുനിൽ ഛേത്രി ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കൊൽക്കത്ത സാൽട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്റ്റാർ സ്ട്രൈക്കർക്ക് ഹൃദ്യമായ യാത്രയപ്പും നൽകി.

എന്നാൽ, ഇന്ത്യൻ സൂപ്പർലീഗിൽ മിന്നും പ്രകടനവുമായി ഛേത്രി ഗോളടിച്ചു കൂട്ടുന്നത് കണ്ടപ്പോൾ ദേശീയ ടീം കോച്ച് മനോലോ മാർക്വേസാണ് വീണ്ടും വിളിച്ചത്. ഏഷ്യൻ കപ്പ് യോഗ്യതാ നേടാനുള്ള ദേശീയ ടീമിന്റെ ഭാഗമാകാമോ എന്ന അപേക്ഷയവുമായി കോച്ചിന്റെ വിളിയോട് ആദ്യം നോ പറഞ്ഞ സുനിൽ ഛേത്രിയെ, ഒരാഴ്ചക്കു ശേഷം വീണ്ടും വിളിച്ചാണ് മനോലോ വീഴ്ത്തിയത്. അങ്ങനെയാണ് വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം ഇന്ത്യൻ നായകൻ വീണ്ടും ദേശീയ കുപ്പായത്തിൽ തിരികെയെത്തുന്നത്. തിരിച്ചുവരവിൽ 2027 ഏഷ്യൻ കപ്പിനുള്ള യോഗ്യതാ റൗണ്ടിൽ മനോ​ലോക്കും, ശേഷം ഖാലിദ് ജമീലിനും കീഴിലായി ആറു മത്സരങ്ങളിൽ ഛേത്രി ഇന്ത്യക്കായി പന്തുതട്ടി. എന്നാൽ, ​ഏഷ്യൻ കപ്പ് യോഗ്യതയില്ലാതെ ഇന്ത്യ പുറത്തായതിന്റെ നിരാശയിലാണ് ​നായകൻ വീണ്ടും ദേശീയ കുപ്പായത്തോട് യാത്രപറയുന്നത്.

‘എന്റെ തീരുമാനം കോച്ച് ഖാലിദ് സാറിനെ അറിയിക്കൽ എളുപ്പമായിരുന്നു. ദേശീയ ടീമിൽ തിരികെയെത്തുമ്പോൾ മനസ്സിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. യോഗ്യത നേടാൻ കഴിയുന്നത്ര സഹായിക്കുക. അതിനപ്പുറം മറ്റൊന്നുമില്ല. യോഗ്യതാ മത്സരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ തിരിച്ചു വരില്ലായിരുന്നു. യോഗ്യത നേടാൻ കഴിയാതായതോടെ, പരിശീലകനോട് എന്റെ തീരുമാനം പങ്കുവെച്ചതിൽ ​സന്തോഷം. അദ്ദേഹം അത് മനസ്സിലാക്കി’ -ഛേത്രി ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഐ.എസ്.എൽ കിരീടമണിഞ്ഞാൽ ദേശീയ ടീമിൽ കളിക്കാൻ വീണ്ടും അവസരം ലഭിച്ചേക്കാം. പക്ഷേ, 42 വയസ്സുള്ളപ്പോൾ അത് എളുപ്പമല്ല. സീസണിൽ 15 ഗോളുകൾ നേടി വിരമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു -ഛേത്രി സജീവ ഫുട്ബാളിനോടും വിടപറയാനുള്ള തീരുമാനത്തിന്റെ സൂചന നൽകി.

Tags:    
News Summary - Sunil Chhetri announces international retirement after India fails to qualify Asian Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.