‘ഒരു ദിവസത്തെ ശമ്പളം 5.73 കോടി, ക്ലബിൽ 15 ശതമാനം ഓഹരി, സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി...’; ക്രിസ്റ്റ്യാനോക്കായി കോടികൾ വാരിക്കോരി നൽകി അൽ നസ്ർ

റിയാദ്: പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബിൽ നിലനിർത്താനായി അൽ നസ്ർ കോടികളാണ് വാരിക്കോരി നൽകുന്നത്. സൗദി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വ്യാഴാഴ്ച താരം ക്ലബുമായി രണ്ടു വർഷത്തെ കരാർ പുതുക്കിയത്. 42 വയസ്സുവരെ താരം സൗദി പ്രോ ലീഗിൽ പന്തുതട്ടും.

കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കരാറുകളിലൊന്നാണിത്. കരാറിന് 5779.53 കോടി രൂപ മൂല്യം വരും. കരാര്‍ പ്രകാരം ഒരു വര്‍ഷം ക്രിസ്റ്റ്യാനോക്ക് 2000 കോടി രൂപ (178 മില്ല്യണ്‍ പൗണ്ട്) ലഭിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. അതായത് താരത്തിന്‍റെ ഒരു ദിവസത്തെ ശമ്പളം 5.73 കോടി രൂപ വരും. ക്ലബില്‍ 15 ശതമാനം ഓഹരിയും താരത്തിനുണ്ടാകും. 387.44 കോടി രൂപ (33 മില്ല്യണ്‍ പൗണ്ട്) മൂല്യം വരുന്നതാണിത്.

കരാറിലെ ആദ്യ വർഷം സൈനിങ് ബോണസായി 287.71 കോടി (24.5 മില്ല്യണ്‍ പൗണ്ട്). രണ്ടാം വര്‍ഷം ഇത് 446.23 കോടി രൂപയാകും (38 മില്ല്യണ്‍ പൗണ്ട്). സ്വകാര്യ വിമാനം ഉപയോഗിക്കാൻ 46.98 കോടി നൽകും. കൂടാതെ, ക്ലബ് സൗദി പ്രോ ലീഗ് കിരീടം നേടിയാല്‍ എട്ട് മില്ല്യണ്‍ പൗണ്ടും ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ നാല് മില്ല്യണ്‍ പൗണ്ടും ബോണസായി താരത്തിന് ലഭിക്കും. വിവിധ ജോലികൾക്കായി താരത്തിനൊപ്പം 16 പേർ മുഴുവൻ സമയവും ഉണ്ടാകും.

മൂന്നു ഡ്രൈവര്‍മാർ, വീട്ടുജോലികള്‍ക്കായി നാല് പേർ, രണ്ട് ഷെഫുമാർ, പൂന്തോട്ട പരിപാലനത്തിനായി മൂന്ന് പേർ. താരത്തിന്‍റെ സുരക്ഷക്കായി നാലുപേരും ഉണ്ടാകും. ക്ലബ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയും വിജയിക്കുകയും ചെയ്താല്‍ 6.5 മില്ല്യണ്‍ പൗണ്ട് ബോണസായി കിട്ടും. 2022ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് നസറിലെത്തിയ താരത്തിന്റെ കരാര്‍ കാലാവധി ഈ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് 2027 വരെ കരാർ നീട്ടിയത്. സൗദി പ്രോ ലീഗ് സീസണ്‍ അവസാന ഘട്ടത്തിലെത്തിയതിനു പിന്നാലെ താരം ഇൻസ്റ്റഗ്രാമിൽ 'അധ്യായം അവസാനിച്ചു' എന്ന് കുറിപ്പിട്ടതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.

‘ഈ അധ്യായം അവസാനിച്ചു. കഥയോ? അതിപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതോടൊപ്പം അല്‍ നസറിന്റെ ജഴ്‌സിയണിഞ്ഞ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. സൗദി പ്രോ ലീഗില്‍ സീസണിൽ അല്‍ ഇത്തിഹാദിനും അല്‍ ഹിലാലിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ക്ലബ് ഫിനിഷ് ചെയ്തത്. ക്രിസ്റ്റ്യാനോ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിന് സീസണില്‍ ഒരു കിരീടം പോലും നേടാനായില്ല.

സീസണിൽ തുടർച്ചയായി രണ്ടാം തവണയും ടോപ് സ്കോററായി. മൂന്നു സീസണുകളിലായി അൽ നസറിനൊപ്പം വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിൽ 111 മത്സരങ്ങളില്‍നിന്നായി 99 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന്‍റെ കരിയറിലെ ആകെ ഗോളുകൾ 936 ആയി. അടുത്തിടെ യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിന് കിരീടം നേടികൊടുത്തിരുന്നു.

‘പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം’ -കരാർ പുതുക്കിയതിനു പിന്നാലെ ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:    
News Summary - Staggering details of Cristiano Ronaldo's new '£492MILLION Al-Nassr contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.