ഐ.എസ്.എൽ പ്രതിസന്ധിക്ക് പരിഹാരമാകുമോ? കേന്ദ്ര കായിക മന്ത്രി വിളിച്ച നിർണായക യോഗം നാളെ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) പ്രതിസന്ധി തീർക്കാനായി കേന്ദ്ര കായിക മന്ത്രി മുൻസുഖ് മാണ്ഡവ്യ വിളിച്ച ഫുട്ബാൾ പ്രതിനിധികളുടെ യോഗം ബുധനാഴ്ച നടക്കും. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികളും ഐ.എസ്.എൽ ക്ലബ് അധികൃതരും മുൻ വാണിജ്യ പങ്കാളികളും യോഗത്തിൽ പങ്കെടുക്കും.

ഐ.എസ്.എൽ ഉൾപ്പെടെയുള്ള ആഭ്യന്തര ഫുട്ബാൾ ലീഗ് നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താനാകാത്തതാണ് പ്രതിസന്ധിക്കു കാരണം. സുപ്രീംകോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷൻ കമ്മിറ്റി അധ്യക്ഷൻ ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ഐ.എസ്‌.എൽ പുതിയ സീസൺ ആരംഭിക്കാനുള്ള സാധ്യത മങ്ങിയതോടെ വിഷയത്തിൽ ഇടപെടാൻ തയാറാണെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.

പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം യോഗം വിളിച്ചത്. പുതിയ ടെൻഡർ ചിട്ടപ്പെടുത്തിയ ട്രാൻസാക്ഷൻ അഡ്വൈസർ കെ.പി.എം.ജിയോടും യോഗത്തിൽ സന്നിഹിതരാകാൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. 2025-26 ഇന്ത്യൻ ഫുട്ബാൾ സീസണിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബാഗാനടക്കം പല ക്ലബുകളും നിലവിൽ പ്രവർത്തനം നിർത്തി വെച്ചിരിക്കുകയാണ്. പ്രതിസന്ധി നീണ്ടുപോയതോടെ ക്ലബ് മാനേജ്മെന്‍റും ഫുട്ബാൾ ഫെഡറേഷനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പുതിയ സീസണിന്‍റെ സംഘാടനം അനിശ്ചിതത്വത്തിലായതോടെ തുറന്ന കത്തുമായി താരങ്ങളും രംഗത്തുവന്നിരുന്നു. ഐ.എസ്.എൽ സ്പോൺസർഷിപ്പിനായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ടെൻഡർ ക്ഷണിച്ചിട്ടും ആരും താൽപര്യമറിയിച്ച് രംഗത്തുവരാതിരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ വന്നതോടെയാണ് ഐ.എസ്.എൽ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എല്‍) പിന്മാറിയത്. കരാർ ഈമാസം എട്ടിന് അവസാനിക്കും.

Tags:    
News Summary - Sports Minister To Meet Indian Football Stakeholders On December 3 To Solve Indian Super League Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.