ഷഫീഖ് ഹസന്‍
ഇന്ത്യക്ക് സാഫ് അണ്ടര്‍ 19 കിരീടം, കേരളത്തിന് ദേശീയ ഗെയിംസ് ഫുട്‌ബാള്‍ സ്വർണം എന്നിവ സമ്മാനിച്ചശേഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെയും ജേതാക്കളാക്കി സന്തോഷ് ട്രോഫി ദൗത്യത്തിന്
മലപ്പുറം: കളിയോതിക്കൊടുക്കുന്ന കാര്യത്തിൽ കളിദൈവത്തിന്‍റെ കൈയൊപ്പ് പതിഞ്ഞൊരു വയനാട്ടുകാരനുണ്ട്. ഇന്ത്യക്ക് സാഫ് അണ്ടര്‍ 19 കിരീടം, കേരളത്തിന് ദേശീയ ഗെയിംസ് ഫുട്‌ബാള്‍ സ്വർണം എന്നിവ സമ്മാനിച്ചശേഷം സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെയും ജേതാക്കളാക്കിയ ഷഫീഖ് ഹസന്‍ മഠത്തിൽ. ആ പേര് കേരള ഫുട്ബാളിന് ചിരപരിചിതമാണ്. ഈ വര്‍ഷം മാത്രം മൂന്നു കിരീടമാണ് അയാൾ ഷെല്‍ഫിലേക്ക് എടുത്തുവെച്ചത്.
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂരിന്റെ അസിസ്റ്റന്റ് കോച്ചായ ഷഫീഖ് സര്‍വമേഖലയിലും ടീമിനെ പടുത്തുയര്‍ത്തി. ഹാട്രിക് കിരീടത്തോടെ 2025 സീസണ്‍ അവസാനിപ്പിച്ച ഷഫീഖിനെ തേടിയെത്തിയത് പുതിയ ചുമതല. അസമില്‍ ജനുവരിയില്‍ നടക്കാന്‍ പോകുന്ന സന്തോഷ് ട്രോഫി ഫുട്‌ബാളില്‍ കേരള ടീമിന്‍റെ മുഖ്യ പരിശീലകനാണ് ഈ 39 കാരൻ. കേരളം തങ്ങളുടെ സന്തോഷ് ട്രോഫിയിലെ എട്ടാം കിരീടം സ്വപ്നം കാണുന്നതിനൊപ്പം തുടര്‍ച്ചയായ തന്‍റെ നാലാം കിരീടം കൂടിയാണ് ഷഫീഖ് ലക്ഷ്യമിടുന്നത്. ഏറ്റെടുത്ത ചുമതലയെക്കുറിച്ചും പുതിയ പ്രതീക്ഷകളും ഷഫീഖ് മാധ്യമത്തോട് പങ്കുവെക്കുന്നു.
മൂന്ന് കിരീടം നേടി എന്നത് കഴിഞ്ഞ കാര്യമാണ്. ഇനിയുള്ള ശ്രദ്ധ മുഴുവനായും വരാനുള്ള സന്തോഷ് ട്രോഫിയിൽ മാത്രമാണ്. കേരളത്തിനുവേണ്ടി നല്ലൊരു ടീമിനെ ഉയർത്തികൊണ്ടുവരണം. എല്ലാ ചാമ്പ്യൻഷിപ്പുകളും പുതിയതാണ്. അതിനുവേണ്ടി നമ്മൾ എത്രത്തോളം ഒരുങ്ങുന്നു, എങ്ങനെ കഠിനാധ്വാനം ചെയ്യുന്നു എന്നതാണ് പ്രധാനം. അതിന്‍റെ ഫലമാണ് ഓരോ വിജയവും. കഴിഞ്ഞ വിജയങ്ങളിൽ കൂടെ നിന്ന താരങ്ങളെ നന്ദിയോടെ ഓർക്കുന്നു. സഹപരിശീലകരായി കൂടെയുള്ള എബിന്‍ റോസും കെ.ടി. ചാക്കോയുമെല്ലാം മികച്ച പിന്തുണയാണ് നൽകുന്നത്. വരാനുള്ള സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ കഴിയട്ടെയെന്ന് പ്രാർഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.
സന്തോഷ് ട്രോഫിക്കുള്ള ക്യാമ്പ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സീനിയേഴ്‌സ് ഫുട്‌ബാള്‍ കളിച്ച 35 പേര്‍ക്കും എസ്.എല്‍.കെ കളിച്ച 35 പേര്‍ക്കുമാണ് ക്യാമ്പിലേക്ക് അവസരം. മിക്ക താരങ്ങളും ക്യാമ്പിനൊപ്പം ചേർന്നിട്ടുണ്ട്. പരിക്കേറ്റ ചില താരങ്ങൾ ഫിറ്റ്നെസ് വീണ്ടെടുത്ത് കൂടുതൽ വൈകാതെ ടീമിനൊപ്പം ചേരും. ജനുവരി ആദ്യത്തോടെ ക്യാമ്പ് പൂർണമായും സജീവമാവും. അസമിലെ കാലാവസ്ഥ പരിഗണിച്ച് വയനാട്ടേക്കോ ഇടുക്കിയിലേക്കോ പരിശീലനം മാറ്റാനുള്ള ആലോചനകളുമുണ്ട്. അത് കളിക്കാർക്ക് കൂടുതൽ സഹായകരമാകുമെന്ന് കരുതുന്നു. ദിവസവും ഒരുനേരം മാത്രമാണ് നിലവിൽ പരിശീലനം.
ടീമിനുവേണ്ടി നിലവിൽ മികച്ച പ്രകടനം നടത്താൻ കഴിയുന്ന 22 പേരാണ് ടീമിലുണ്ടാവുക. കഴിവുള്ള ഒരാളെയും മാറ്റിനിർത്തപ്പെടുകയില്ല. ഒരു പുതുമുഖതാരത്തിനുവേണ്ടി നന്നായി കളിക്കുന്ന ഒരു സീനിയർ താരത്തെയോ ഒരു സീനിയർ താരത്തിനുവേണ്ടി കഴിവുള്ളൊരു പുതുമുഖത്തെയോ മാറ്റിനിർത്തില്ല. ജനുവരി 20നാകും കേരളത്തിന്റെ ആദ്യ കളിയെന്ന് പ്രതീക്ഷിക്കുന്നു. ഫിക്സ്ചര്‍ പുറത്തുവന്നിട്ടില്ല. 17ന് മുമ്പ് ടീം പുറപ്പെടും. അവിടേക്കുള്ള യാത്ര എളുപ്പമല്ല. അതിനു മുമ്പ് അന്തിമ പട്ടിക പുറത്തിറക്കും. എല്ലാ കാര്യങ്ങൾക്കും കെ.എഫ്.എ മികച്ച പിന്തുണതന്നെയാണ് നൽകുന്നത്.
സൂപ്പര്‍ ലീഗ് കേരള നമ്മുടെ നാട്ടിലും ടീമിലെ കളിക്കാർക്കും വലിയ വഴിത്തിരിവാകും. എസ്.എൽ.കെയിലൂടെ വന്ന ഓരോ താരത്തിനും അതിന്‍റേതായ നേട്ടങ്ങളുണ്ടാകും. വിദേശ പരിശീലകർക്കും താരങ്ങൾക്കുമൊപ്പമുള്ള സമ്പർക്കവും ഇടപെടലുകളും താരങ്ങൾക്ക് വലിയ അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
ഓരോ ജില്ലയിലും മുളച്ച ആരാധക കൂട്ടത്തിലും വലിയ പ്രതീക്ഷയുണ്ട്. വലിയ ആരാധകർക്കുമുന്നിൽ പന്ത് തട്ടിയതിന്‍റെ പരിചയസമ്പന്നത താരങ്ങൾക്ക് കൂടുതൽ ഗുണകരമാവും. സീസണിന്റെ ദൈര്‍ഘ്യം കൂട്ടിയാല്‍ കളിക്കാര്‍ക്കും മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഗുണകരമാകും. കേരളത്തിന്റെ പ്രഫഷണലിസം എസ്.എൽ.കെയിലൂടെ മാറുകയാണ്. ആ മാറ്റങ്ങള്‍ നല്ലതിനാണ്. കണ്ണൂർ വാരിയേഴ്സിന്‍റെ മുഴുസമയ കോച്ചായിട്ട് പോലും സ്റ്റേറ്റ് ഏൽപിച്ച ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കണ്ണൂർ മാനേജ്മെന്‍റ് മികച്ച പിന്തുണയാണ് നൽകിയത്. ആ കാര്യത്തിലും ടീമിനോടും മാനേജ്മെന്‍റിനോടും നന്ദി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.