പ്രിമിയർ ലീഗിൽ അഗ്യൂറോ ഗോളടിച്ചു, 14 മാസത്തിനു ശേഷം; കിരീടത്തിലേ​ക്ക്​ സിറ്റി അതിവേഗം ബഹുദൂരം

ലണ്ടൻ: പ്രിമിയർ ലീഗിൽ 2020 ജനുവരിയിൽ അടിച്ചുമറന്ന ഗോൾ പിന്നെയും കണ്ടെത്തി അർജന്‍റീന താരം സെർജിയോ അഗ്യൂറോ. ലീഗിൽ സ്വന്തം ടീം കിരീടത്തിലേക്ക്​ അഞ്ചു ജയം മാത്രം അകലെയായിട്ടും തന്‍റെ ഇടം സന്ദിഗ്​ധാവസ്​ഥയിലായ ഘട്ടത്തിലാണ്​ ഫുൾഹാമിനെതിരെ മനോഹര ഗോളുമായി അഗ്യൂറോ പഴയ ഫോമിലേക്ക്​ തിരിച്ചെത്തുന്നതിന്‍റെ സൂചന നൽകിയത്​. രണ്ടാം പകുതിയിൽ പിറന്ന മൂന്നു ഗോളുകൾക്ക്​ ഏകപക്ഷീയമായ ജയം സ്വന്തമാക്കിയ സിറ്റി ഇതോടെ പ്രിമിയർ ​ലീഗ്​ പോയിന്‍റ്​ പട്ടികയിൽ 17 പോയിന്‍റിന്‍റെ അഭേദ്യ ലീഡിലെത്തി.

47ാം മിനിറ്റിൽ ജൊആവോ കാൻസലോ എടുത്ത ഫ്രീകിക്ക്​ ടാപ്​ ചെയ്​ത്​ ജോൺ സ്​റ്റോൺസ്​ ആണ്​ ഗോളടിമേളം തുടങ്ങിയത്​. ഫുൾഹാം പ്രതിരോധത്തിലെ പിഴവ്​ ​ഗോളാക്കി ഗബ്രിയേൽ ജീസസ്​ ലീഡുയർത്തി. ഫെറാൻ ടോറസിനെ ഫൗൾ ചെയ്​തതിന്​ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ അഗ്യൂറോ പട്ടിക തികച്ചു.

നീണ്ട ഇടവേളക്കു ശേഷം പ്രതിരോധത്തിൽ മൂന്നുപേരെയും മുന്നേറ്റത്തിൽ ജീസസ്​- അഗ്യൂറോ ​േജാഡിയെ നിയോഗിച്ച്​ ​പെപ്​ ഗാർഡിയോള നടത്തിയ പരീക്ഷണം ആദ്യ പകുതിയിൽ പാളിയെന്നു തോന്നിച്ചെങ്കിലും എല്ലാം മാറ്റിമറിച്ച്​ രണ്ടാം പകുതിയിൽ തുടർച്ചയായ ഗോളുകൾ കുറിച്ചാണ്​ സിറ്റി വിജയം കൊണ്ടുപോയത്​. ചൊവ്വാഴ്​ച ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടറിൽ ബൊറൂസിയ മോൻഷെൻഗ്ലാഡ്​ബാഹിനെതിരെ കളിക്കും മുമ്പ്​ സ്വന്ത ലീഗിൽ നേടിയ ആധികാരിക വിജയം സിറ്റിക്ക്​ കരുത്തുനൽകും.

മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ്​ ഏകപക്ഷീയമായ ഒരു ഗോളിന്​ ക്രിസ്റ്റൽ പാലസ്​ വെസ്റ്റ്​ ബ്രോമിനെയും 2-1ന്​ ബേൺലി എവർടണിനെയും തോൽപിച്ചപ്പോൾ ചെൽസി- ലീഡ്​സ്​ മത്സരം സമനിലയിൽ കലാശിച്ചു. 

Tags:    
News Summary - Sergio Aguero scored his first Premier League goal since January 2020 as Manchester City extended their lead at the top of the Premier League with a win at struggling Fulham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.