ലയണൽ മെസ്സി അർജന്‍റീനയിലെ ബാല്യകാല ക്ലബിലേക്ക്?; വെളിപ്പെടുത്തലുമായി മുൻ സഹതാരം

സൂപ്പർതാരം ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്‍റ് ജെർമനുമായുള്ള (പി.എസ്.ജി) കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. സീസണോടെ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

മെസ്സിയുടെ പിതാവ് ജോർജെ മെസ്സി പി.എസ്.ജി മാനേജ്മെന്‍റുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല. ചർച്ചകൾ ഏറെക്കുറെ വഴിയടഞ്ഞ നിലയിലാണെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് റിപ്പോർട്ട് ചെയ്തിരുന്നു. താരം അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ഇംഗ്ലണ്ട് മുൻ സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്‍റർ മിയാമി. മെസ്സിക്കായി ക്ലബ് നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു. മെസ്സിയും ഇന്റർ മിയാമിയും തമ്മിൽ റെക്കോഡ് തുകക്ക് ധാരണയിൽ എത്തിയേക്കുമെന്ന തരത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു.

ഇതിനിടെയാണ് അർജന്‍റീനയിലെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലേക്ക് തിരിച്ചുപോകുന്നത് മെസ്സിയുടെ സജീവ പരിഗണനയിലുണ്ടെന്ന് മുൻസഹതാരമായ സെർജിയോ അഗ്യൂറോ വെളിപ്പെടുത്തുന്നത്. റൊസാരിയോയിലെ ന്യൂവെൽസ് ക്ലബിലൂടെയാണ് മെസ്സി ഫുട്ബാളിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കുന്നത്.

ന്യൂവെൽസിനായി കളിക്കാനുള്ള സാധ്യത അദ്ദേഹം ഗൗരവമായി പരിഗണിക്കുകയാണെന്ന് 34കാരനായ അഗ്യൂറോ പറഞ്ഞു.

മെസ്സിയെ ക്ലബിൽ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പി.എസ്.ജിയും നടത്തുന്നുണ്ട്. 2021ൽ രണ്ടു വർഷത്തെ കരാറിലാണ് താരം ക്ലബിലെത്തുന്നത്. ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും താരത്തിനുണ്ട്. ലോകകപ്പ് ജയത്തോടെ മെസ്സിയുടെ താരമൂല്യം വീണ്ടും വർധിച്ചിരിക്കുകയാണ്.

അതേസമയം, മെസ്സിക്ക് മിയാമിയിൽ സ്വന്തമായി വസതിയുണ്ട്. അവധി ആഘോഷിക്കാനായി താരം പതിവായി പോകുന്ന സ്ഥലം കൂടിയാണിത്. മെസ്സിക്കായി ക്ലബ് ശ്രമം നടത്തുന്നതായി കഴിഞ്ഞമാസം ഇന്‍റർ മിയാമി പരിശീലകൻ ഫിൽ നെവില്ലെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Sergio Aguero claims Lionel Messi considering a move back to Newell’s Old Boys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.