ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച് സെനഗാൾ, ആദ്യ ആഫ്രിക്കൻ രാജ്യം

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെ തോൽപിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി സെനഗാൾ. നോട്ടിങ്ഹാമിലെ സ്വന്തം ആരാധകർക്കു മുന്നിൽ സൗഹൃദ മത്സരത്തിന് ഇറങ്ങിയ ത്രീ ലയൺസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സെനഗാൾ നിലംപരിശാക്കിയത്.

ഇസ്മായില സാർ, ഹബീബ് ദിയാറ, ചെക്ക് സബാലി എന്നിവരാണ് സെനഗാളിനുവേണ്ടി വലകുലുക്കിയത്. നായകൻ ഹാരി കെയ്നിന്‍റെ വകയായിരുന്നു ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോൾ. ജയത്തോടെ സെനഗാൾ അവരുടെ അപരാജിത കുതിപ്പ് 24 മത്സരങ്ങളിലേക്ക് നീട്ടി. സൂപ്പർ താരങ്ങളെ കളത്തിലിറക്കിയിട്ടും വമ്പൻ തോൽവി വഴങ്ങിയത് പുതിയ പരിശീലകൻ തോമസ് തുഷേലിനും ടീമിനും ക്ഷീണമായി. തുഷേലിനു കീഴിൽ കളിച്ച നാലു മത്സരങ്ങളിൽ ആദ്യ തോൽവിയാണിത്.

കഴിഞ്ഞദിവസം അൻഡോറക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ട് കളിച്ച ടീമിൽനിന്ന് 10 മാറ്റങ്ങളുമായാണ് ആതിഥേയർ കളത്തിലിറങ്ങിയത്. ഏഴാം മിനിറ്റിൽ തന്നെ കെയ്നിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. അന്തോണി ഗോർഡൻസിന്‍റെ ഷോട്ട് സെനഗാൾ ഗോൾകീപ്പർ എഡ്വേർഡ് മെൻഡി തട്ടിയകറ്റിയെങ്കിലും പന്ത് വന്നു വീണത് കെയ്നിന്‍റെ തൊട്ടുമുന്നിൽ. താരം അനായായം പന്ത് വലയിലാക്കി. 40ാം മിനിറ്റിൽ ഇസ്മായില സാറിന്‍റെ ഗോളിലൂടെ സെനഗാൾ മത്സരത്തിൽ ഒപ്പമെത്തി.

വലതു മൂലയിൽനിന്ന് നികോളാസ് ജാക്സൺ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസിൽനിന്നെത്തിയ പന്ത് കെയിൽ വാക്കറെയും മറികടന്നെത്തിയ സാർ ലക്ഷ്യത്തിലെത്തിച്ചു. 62ാം മിനിറ്റിൽ ദിയാറയിലൂടെ സന്ദർശകർ ലീഡെടുത്തു. കൂലിബാലിയാണ് ഗോളിന് വഴിയൊരുക്കിയത്. 85ാം മിനിറ്റിൽ പകരക്കാരൻ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചെങ്കിലും വാർ പരിശോധനയിൽ ഹാൻഡ് ബാളിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.

ഇതിനിടെ ബുകായോ സാക്കയുടെ ഒരു തകർപ്പൻ ഷോട്ട് മെൻഡി രക്ഷപ്പെടുത്തി. ഇൻജുറി ടൈമിൽ (90+3) സബാലി മൂന്നാം ഗോളും നേടി ഇംഗ്ലണ്ടിന്‍റെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. പന്ത് കൈവശം വെക്കുന്നതിൽ ഇംഗ്ലണ്ട് മുന്നിൽനിന്നെങ്കിലും ഗോളിലേക്കുള്ള ഷോട്ടുകളുടെ കണക്കിൽ സെനഗാളിനായിരുന്നു മുൻതൂക്കം.

Tags:    
News Summary - Senegal become first African team to beat England with 3-1 win in friendly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.