സ്കോട് ലൻഡ് താരം മക്ടൊമിനിയുടെയും യുവന്റസ് താരമായിരിക്കെ ക്രിസ്റ്റ്യാനോ റെണാൾഡോയും നേടിയ ഗോളുകൾ
ലണ്ടൻ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജയം അനിവാര്യമായ മത്സരത്തിൽ കളി ചൂട് പിടിക്കും മുമ്പേ മത്സരത്തിന്റെ ഗതിമാറ്റിയ സുന്ദരമായൊരു ഗോൾ. കരുത്തരായ ഡെന്മാർക്കിനെതിരെ, നിർണായക മത്സരത്തിനിറങ്ങിയ സ്കോട്‍ലൻഡിനായി കളിയുടെ മൂന്നാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് വന്ന ഹൈബാളിനെ ആകാശത്തു നിന്നും പിടിച്ചെടുത്ത് മനോഹരമായി വലയിലേക്ക്.
ആരാധകരുടെ ഓർമയിൽ എന്നും സൂക്ഷിക്കാവുന്ന ഗോളുമായി മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം കൂടിയായ സ്കോട്ട് മക് ടൊമിനി പുതു ചരിത്രമെഴുതി. സ്കോട്‍ലൻഡിന് നിർണായകമായ കളിയിൽ ഉജ്വല തുടക്കം നൽകിയ ഗോൾ എന്നതിനൊപ്പം ചരിത്രത്തിലെ തന്നെ മികച്ച ബൈസികിൾ കിക്ക് ഗോളയും കുറിക്കപ്പെട്ടു.
മത്സരത്തിൽ, സ്കോട്‍ലൻഡ് 4-2ന് ഡെന്മാർകിനെ തോൽപിച്ച് ഗ്രൂപ്പ് ‘സി’യിൽ നിന്നും ലോകകപ്പിന് യോഗ്യതയും ഉറപ്പിച്ചു. 1998ന് ശേഷം സ്കോട്‍ലൻഡിന് ലോകകപ്പ് ഫുട്ബാളിലേക്കുള്ള ആദ്യ ടിക്കറ്റായി മാറി ആ മത്സരം. ഇതോടൊപ്പം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ ചരിത്രത്തിൽ ഇടം നേടിയ ബൈസികിൾ കിക്ക് ഗോളിന്റെ റെക്കോഡും സ്കോട് മക്ടൊമിനി തിരുത്തി.
എട്ട് അടി മൂന്ന് ഇഞ്ച് ഉയരത്തിൽ (2.52 മീറ്റർ) പറന്ന്, 1.7 സെക്കൻഡ് വായുവിൽ നിന്നുകൊണ്ടായിരുന്നു മക് ടൊമിനിയുടെ ഉജ്വല ഗോൾ.
2018 റയൽമഡ്രിഡ് താരമായിരിക്കെ, യുവന്റസിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ തകർപ്പൻ ബൈസികിൾ കിക്കിന്റെ അഴകിനെയും മറികടക്കുന്നതായിരുന്നു സ്കോട്ടിഷ് താരത്തിന്റെ സ്കോറിങ്. 7 അടി ഏഴ് ഇഞ്ച് ഉയരത്തിൽ നിന്നും (2.38 മീറ്റർ), 1.5 സെക്കൻഡ് വായുവിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ അന്ന് സ്കോർ ചെയ്തത്.
ക്രിസ്റ്റ്യാനോക്ക് ശേഷം, തുർക്കിയ ക്ലബ് ട്രബ്സോൺസ്പറിെൻർ നൈജീരിയൻ താരം പോൾ ഒനാചു 2.41മീറ്റർ ഉയരത്തിൽ ബൈസികിൾ കിക്ക് ഗോൾ നേടി ചരിത്രം കുറിച്ചിരുന്നു. ഈ റെക്കോഡും മക് ടൊമിനി തിരുത്തി.
ക്രിസ്റ്റ്യാനോയേക്കാൾ നാല് സെന്റീമീറ്റർ ഉയരത്തിലായിരുന്നു മക് ടൊമിനിയുടെ കിക്ക്.
ഗ്രൂപ്പിൽ നിന്നും ആറ് കളിയിൽ 13 പോയന്റ് നേടിയാണ് സ്കോട്‍ലന്റ് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. 11 പോയന്റുമായി ഡെന്മാർക് രണ്ടാമതാണ്. ഗ്രീസ്, ബെലാറസ് ടീമുകൾ പുറത്തായി.
2017മുതൽ മാഞ്ചസ്റ്റർ താരമായിരുന്ന മക് ടൊമിനി കഴിഞ്ഞ വർഷമാണ് ഇറ്റാലിയൻ ക്ലബായ നാപോളിയിലേക്ക് കൂടുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.