മഡ്രിഡ്: റയൽ മഡ്രിഡിന്‍റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ നോട്ടമിട്ട് സൗദി ക്ലബുകൾ. പുതിയ സീസണിൽ തന്നെ ലോക ഫുട്ബാളിലെ മിന്നുംതാരത്തെ സൗദിയിലെത്തിക്കാനായി റെക്കോഡ് ട്രാൻസ്ഫർ തുകയാണ് ക്ലബുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ ബാലൺ ദ്യോർ പുരസ്കാരം വിനീഷ്യസ് നേടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചെങ്കിലും അവസാന നിമിഷമാണ് താരത്തെ മറികടന്ന് റോഡ്രി ജേതാവാകുന്നത്. 2025ൽ തന്നെ സൗദി പ്രോ ലീഗിൽ താരത്തെ എത്തിക്കാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. വേനൽ ട്രാൻസ്ഫർ വിപണിയിൽ ലോക ഫുട്ബാളിലെ മികച്ച താരങ്ങൾ പ്രോ ലീഗിലെത്തുമെന്ന് സി.ഇ.ഒ ഉമർ മുഗർബെൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ലക്ഷ്യമിടുന്ന താരങ്ങളുടെ പട്ടികയിൽ 24കാരനായ വിനീഷ്യസ് ഒന്നാമതാണ്.
അൽ -ഹിലാൽ, അൽ -അഹ്ലി ക്ലബുകളാണ് വമ്പൻ വാഗ്ദാനവുമായി താരത്തിനായി നീക്കം നടത്തുന്നത്. കഴിഞ്ഞദിവസമാണ് മറ്റൊരു ബ്രസീൽ സൂപ്പർതാരം നെയ്മർ അൽ-ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പരസ്പരധാരണപ്രകാരമാണ് കരാർ റദ്ദാക്കൽ. 2023 ആഗസ്റ്റിൽ ടീമിലെത്തിയ നെയ്മർ തുടർച്ചയായ പരിക്കുകൾമൂലം ഏഴു മത്സരങ്ങളിലാണ് അൽ ഹിലാൽ ജഴ്സിയിൽ ബൂട്ടുകെട്ടിയത്. ഈ സീസണിൽ രണ്ടുതവണ മാത്രം.
2000 കോടി നൽകി 2023ലാണ് അൽ ഹിലാൽ നെയ്മറിനെ ക്ലബിലെത്തിച്ചത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നെയ്മറിന്‍റെ ട്രാൻസ്ഫർ റെക്കോഡ് മറികടക്കുന്ന തുകയാണ് വിനീഷ്യസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. റയലിന് മുന്നിൽ 300 മില്യൺ യൂറോയുടെ (2700 കോടി രൂപ) ഓഫറാണ് സൗദി ക്ലബുകൾ വെച്ചിരിക്കുന്നത്. കൂടാതെ,
വിനീഷ്യസിന് അഞ്ചുവര്‍ഷത്തെ കരാറിനായി ഒരു ബില്യണ്‍ യൂറോയും (ഏകദേശം 9,000 കോടി രൂപ) ക്ലബുകൾ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, വിനീഷ്യസിനെ വിട്ടുകൊടുക്കാൻ റയലിന് താൽപര്യമില്ല. നിലവിൽ 2027 വരെയാണ് ക്ലബുമായി കരാറുള്ളത്. വിനീഷ്യസ് റയല്‍ മഡ്രിഡിനൊപ്പം തന്നെയുണ്ടാകുമെന്ന് പറഞ്ഞ മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി, സൗദി അറേബ്യയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.