സന്തോഷ് ട്രോഫി: കേരളം സെമി കാണാതെ പുറത്ത്; മിസോറാമിനോട് തോറ്റത് ഷൂട്ടൗട്ടിൽ

ഇട്ടനഗർ: കേരളത്തിന്റെ സന്തോഷ് ട്രോഫി സ്വപ്നങ്ങൾ വടക്കുകിഴക്കൻ കുന്നിൻമുകളിൽ അസ്തമിച്ചു. യൂപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ മിസോറം സഡൻ ഡെത്തിലാണ് കേരളത്തെ കീഴടക്കിയത്. സ്കോർ: 7-6. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോളടിച്ചിരുന്നില്ല. ഷൂട്ടൗട്ടിൽ 5-5 എന്ന നിലയിൽ തുല്യ നിലയിലായതോടെയാണ് സഡൻ ഡെത്തിലേക്ക് കിക്കടിച്ചത്.

മിസോറം ഏഴാം കിക്ക് ലക്ഷ്യത്തിലെത്തിച്ചപ്പോൾ കേരള ഡിഫൻഡർ വി.ആർ. സുർജിത്തിന് പിഴച്ചു. താൽക്കാലിക ക്യാപ്റ്റൻ ജി. സഞ്ജു, വി. അർജുൻ, മുഹമ്മദ് സലിം, ബി. ബെൽജിൻ, ജി. ജിതിൻ എന്നിവർ കേരളത്തിനായി ഗോൾ നേടി. വ്യാഴാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന സെമിയിൽ മിസോറവും സർവിസസും ഏറ്റുമുട്ടും. ഏഴു മണിക്ക് രണ്ടാം സെമിയിൽ മണിപ്പൂർ ഗോവയെ നേരിടും.

സർവീസസിനെതിരെ മത്സരിച്ച ടീമിൽ ആറ് മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. പരിക്കലട്ടുന്ന ക്യാപ്റ്റൻ നിജോ ഗിൽബർട്ട് ക്വാർട്ടർ ഫൈനലിൽ പകരക്കാരനായിരുന്നു. നിതിൻ മധുവും അബ്ദുറഹീമും തിരിച്ചെത്തി. ആദ്യ മിനിറ്റിൽതന്നെ കേരളം എതിരാളികളെ ഞെട്ടിച്ചു. വിങ്ങിൽനിന്ന് റഹീമിന്റെ തകർപ്പൻ പാസ്. മുഹമ്മദ് ആശിഖ് തട്ടിയിട്ട പന്ത് ഗോളെന്നുറച്ച നിമിഷം. മിസോറം ഗോളി ലാൽ മനോമ ഇടതുകൈകൊണ്ട് അത്ഭുതകരമായി പന്ത് രക്ഷപ്പെടുത്തി. പിന്നീട് കേരളം നിരന്തരമായ സമ്മർദം ചെലുത്തി.

കോർണർകിക്കുകൾ തുടർച്ചയായി വഴങ്ങി മിസോറം കേരളത്തിന്റെ നീക്കങ്ങൾ രക്ഷപ്പെടുത്തി. തൻകീമയുടെ ഹെഡർ കേരള ഗോളി മുഹമ്മദ് അസർ സേവ് ചെയ്തു. റഹീമിന്റെ മുന്നേറ്റങ്ങളാണ് മിസോറമിന് പലപ്പോഴും ഭീഷണിയായത്. മറുഭാഗത്ത് എംഫിന്റെ ക്രോസുകൾ കേരള പ്രതിരോധത്തിന് ഇടക്കിടെ തലവേദനയായി. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ലൗതൻകീമയും മോസംസാലയും മിസോറമിനായും നരേഷ് കേരളത്തിനായും ലക്ഷ്യത്തിലേക്ക് പന്ത് തൊടുത്തെങ്കിലും വല കുലുങ്ങിയില്ല.

രണ്ടാം പകുതിയിൽ പോരാട്ടത്തിന് ചൂടുപിടിച്ചു. മുന്നേറ്റങ്ങൾക്കിടയിൽ ഫൗളിനും താരങ്ങൾ ശ്രമിച്ചു. 55ാം മിനിറ്റിൽ റഫറി കിഷോർ ചൗധരി ആദ്യമായി മഞ്ഞക്കാർഡ് പുറത്തെടുത്തു. കേരളത്തിന്റെ മുഹമ്മദ് ആശിഖിനായിരുന്നു ശിക്ഷ. അധികസമയത്തിന്റെ ആദ്യപകുതിയിൽ റിസ്വാൻ അലിയുടെ ഷോട്ട് മിസോറം ഗോളി രക്ഷപ്പെടുത്തിയതാണ് കേരളത്തിന് ലഭിച്ച പ്രധാന അവസരങ്ങളിലൊന്ന്.

Tags:    
News Summary - Santhosh Trophy: Kerala out without seeing the semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT