ഗോളും അസിസ്റ്റുമായി സാക; ചാമ്പ്യൻസ് ലീഗിൽ സെവിയ്യക്കെതിരെ ആഴ്സണലിന് ജയം

ചാമ്പ്യൻസ് ലീഗിൽ നിലവിലെ യൂറോപ ലീഗ് ചാമ്പ്യന്മാരായ സെവിയ്യക്കെതിരെ ആഴ്സണലിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇംഗ്ലീഷുകാരുടെ ജയഭേരി. ലിയാൻഡ്രോ ട്രൊസ്സാർഡ്, ബുകായോ സാക എന്നിവരു​ടെ വകയായിരുന്നു ഗോളുകൾ.

​മത്സരത്തിലെ ആദ്യ നീക്കം തന്നെ ആഴ്സണലിന് അനുകൂലമായ കോർണറിലാണ് കലാശിച്ചത്. മാർട്ടിനെല്ലി എടുത്ത കിക്ക് മാർക്ക് ചെയ്യാതെ നിന്നിരുന്ന കായ് ഹാവർട്സിന്റെ തലക്ക് നേരെ കൃത്യമായി എത്തിയെങ്കിലും താരത്തിന്റെ ഹെഡർ അവിശ്വസനീയമായി പുറത്തുപോയി. 29ാം മിനിറ്റിലാണ് ആദ്യ ഗോളെത്തിയത്. ഗബ്രിയേൽ ജീസസിനും എഡ്ഡീ എൻകേറ്റിയക്കും പരിക്കേറ്റതോടെ ആദ്യ ഇലവനിൽ ഇടം നേടിയ ട്രൊസ്സാർഡാണ് ആഴ്സണലിന് ലീഡ് സമ്മാനിച്ചത്. ബുകായോ സാക നൽകിയ തകർപ്പൻ ക്രോസ് പോസ്റ്റിലേക്ക് അടിക്കേണ്ട ചുമതലയേ ട്രൊസ്സാർഡിന് ഉണ്ടായിരുന്നുള്ളൂ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ സാക സ്വന്തം ഹാഫിൽനിന്ന് ഓടിക്കയറി ഹാവർട്സിന് മനോഹരമായി ബാൾ മറിച്ചു നൽകുമ്പോൾ ഗോളി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. എന്നാൽ, പോസിറ്റിലേക്ക് അടിച്ചപ്പോഴേക്കും എതിർ താരം ഓടിയെത്തി തട്ടിയകറ്റി. 54ാം മിനിറ്റിലും ഹാവർട്സിന് സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിനോട് ചാരി പുറത്തുപോയി. 64ാം മിനിറ്റിൽ മാർട്ടിനല്ലിയുടെ അസിസ്റ്റിൽ സാകയുടെ ഗോളുമെത്തി. മാർട്ടിനെല്ലി നീട്ടിനൽകിയ പന്ത് ഓടിയെടുത്ത സാക എതിർ പ്രതിരോധ താരത്തെ വെട്ടിച്ച് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 67ാം മിനിറ്റിൽ ആഴ്സണൽ താരത്തി​ന്റെ ഷോട്ട് സെവിയ്യ ഗോൾകീപ്പറും കളിയുടെ അവസാന മിനിറ്റിൽ സെവിയ്യ താരത്തിന്റെ ഷോട്ട് ആഴ്സണൽ ഗോളിയും തട്ടിത്തെറിപ്പിച്ചു.

ജയത്തോടെ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ മേധാവിത്തം ആഴ്സണൽ അരക്കിട്ടുറപ്പിച്ചു. ഒമ്പത് പോയന്റുള്ള ആഴ്സണലിന് പിന്നിൽ രണ്ടാമതുള്ളത് അഞ്ച് പോയന്റുള്ള പി.എസ്.വി ഐന്തോവനാണ്. അത്രയും പോയന്റുള്ള ലെൻസ് മൂന്നാമതുള്ളപ്പോൾ രണ്ട് പോയന്റ് മാത്രമുള്ള സെവിയ്യ അവസാന സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളിന് സ്​പോർട്ടിങ് ബ്രഗയെ തോൽപിച്ചു. ബ്രഹിം ഡയസ്, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരായിരുന്നു റയലിന്റെ സ്കോറർമാർ. മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.സി കോപൻ ഹേഗനോട് 4-3ന് പരാജയപ്പെട്ടു. 42ാം മിനിറ്റിൽ മാഞ്ചസ്റ്റർ ​താരം റാഷ്ഫോഡ് ചുവപ്പുകാർഡ് കണ്ട് പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്. ഹാരി കെയ്നിന്റെ ഇരട്ട ഗോളിൽ ബയേൺ മ്യൂണിക് ഗാലറ്റസറെക്കെതിരെ 2-1ന്റെ ജയം നേടി. മറ്റു മത്സരങ്ങളിൽ ഇന്റർ മിലാൻ ആർ.ബി സാൽസ്ബർഗിനെ 1-0ത്തിനും റയൽ സൊസീഡാഡ് 3-1ന് ബെൻഫിക്കയെയും പി.എസ്.വി ഐന്തോവൻ 1-0ത്തിന് ലെൻസിനെയും തോൽപിച്ചു. നാപോളി-യൂനിയൻ ബെർലിൻ മത്സരം 1-1ന് സമനിലയിൽ കലാശിച്ചു.

Tags:    
News Summary - Saka with goal and assist; Arsenal beat Sevilla in the Champions League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.