കൊൽക്കത്ത ലീഗിൽ സർക്കാറിന്റെ കണ്ണഞ്ചും സിസർകട്ട് ഗോൾ; പരിശീലകരേ..‘നിങ്ങളിതു കാണ​ണ’മെന്ന് കളിക്കമ്പക്കാർ -VIDEO

കൊൽക്കത്ത: വലതുവിങ്ങിൽനിന്ന് എതിർപെനാൽറ്റി ബോക്സിലേക്ക് ഏങ്കോണിച്ചിറങ്ങുന്ന ഫ്രീകിക്ക്. പന്ത് താഴ്ന്നുതുടങ്ങിയതും സൈകത് സർക്കാർ ഉയർന്നുപൊങ്ങിയതും ഒരുമിച്ചായിരുന്നു. തടയാൻ തക്കം പാർത്തുനിന്ന എതിർഡിഫൻസ് അന്തിച്ചുനിൽക്കെ അതിമനോഹരമായൊരു സിസർകട്ടിൽ പന്ത് ചാട്ടുളി കണക്കെ വലയിലേക്ക്. അത്തരമൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന ഗോളി ഡൈവ് ചെയ്തു വീഴുമ്പോഴേക്ക് പന്ത് വലക്കണ്ണികളിൽ മുത്തമിട്ടു​ കഴിഞ്ഞിരു​ന്നു.

കൽക്കട്ട ഫുട്ബാൾ ലീഗിലെ പ്രീമിയർ ഡിവിഷനിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആര്യൻ ക്ലബിനുവേണ്ടിയാണ് സർക്കാർ ഗോൾ നേടിയത്. കൽക്കട്ട കസ്റ്റംസായിരുന്നു എതിരാളികൾ. കളിയിൽ സ്വന്തം ടീം 2-0ത്തിന് പിന്നിട്ടുനിൽക്കുന്ന വേളയിലായിരുന്നു അക്രോബാറ്റിക് മികവിൽ ലോകനിലവാരത്തിലൊരു ഗോൾ പിറന്നത്. മത്സരം 2-1ന് ആര്യൻ ക്ലബ് തോറ്റെങ്കിലും സർക്കാറിന്റെ ഗോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

‘ഈ ഗോൾ എല്ലാവരുമൊന്നു കാണണം. നമ്മുടെ സ്വന്തം താരങ്ങളെ ടീമിലെടുക്കാൻ മടിക്കുന്ന ക്ലബുകൾക്കും പരിശീലകർക്കുമുള്ളതാണ് ഈ വിഡിയോ. വിദേശ താരങ്ങളെ എടുക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള പരിഹാരം എന്നു കരുതുന്നവർക്കുള്ള മറുപടിയാണിത്’ -വിഡിയോ പങ്കുവെച്ച് പ്രമുഖ കളിയെഴുത്തുകാരനായ നിലഞ്ജൻ ദത്ത ട്വിറ്ററിൽ കുറിച്ചു.

ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഗോളിനെ പ്രകീർത്തിക്കുന്നു. ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരെ ബ്രസീലിനുവേണ്ടി റിച്ചാർലിസൺ നേടിയ ഗോളുമായി സൈകതിന്റെ ഗോളിനെ ചിലർ താരതമ്യപ്പെടുത്തുന്നുണ്ട്. ‘ആ ഫ്രീകിക്കും ഗോളും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യൻ ഫുട്ബാൾ ഇവിടുത്തെ പ്രതിഭകളെ ഉപയോഗപ്പെടുത്തണം’ -ഒരാൾ ട്വിറ്ററിൽ കമന്റ് ചെയ്തു.

Tags:    
News Summary - Saikat Sarkar scores an amazing acrobatic goal in CFL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.