ബംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളില്‍ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ കളിയുടെ അവസാനമിനിറ്റിൽ സെൽഫ് ഗോൾ ചതിച്ചു. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- കുവൈത്ത് മത്സരം സമനിലയിൽ (1-1) അവസാനിച്ചു. 92ാം മിനിറ്റിൽ അൻവർ അലിയുടെ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമം സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു.
തകർപ്പൻ ഫോമിലുള്ള നായകൻ സുനിൽ ഛേത്രി ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ നേടിയ ഗംഭീര ഗോളാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. കുവൈത്തിന്റെ പെനാൽറ്റി ബോക്‌സിന് മധ്യഭാഗത്ത് നിന്ന് അത്യുഗ്രൻ വോളിയിലൂടെയാണ് ഛേത്രി ടൂർണമന്റിലെ തന്റെ അഞ്ചാം ഗോൾ നേടിയത്. 80ാം മിനിറ്റിൽ ഡഗ് ഔട്ടിൽ അച്ചടക്ക ലംഘനത്തിന് ഇന്ത്യൻ കോച്ച് സ്റ്റിമാക്കിനെ ചുവപ്പ് കാർഡ് നൽകി റഫറി പറഞ്ഞയച്ചു.
കളിയുടെ മുഴുവൻ സമയവും ശക്തമായ പോരാട്ടമായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്. ഒരു ഗോൾ ലീഡിന്റെ ബലത്തിൽ ജയമുറപ്പിച്ച ഇന്ത്യക്ക് അവസാന നിമിഷം കാലിടറുകയായിരുന്നു. 90ാം മിനുറ്റിൽ ഇന്ത്യയുടെ റഹീം അലിയും കുവൈത്തിന്റെ ഹമദ് അൽ ഖല്ലഫും ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ മത്സരം താളം തെറ്റി. രണ്ട് മിനിറ്റിനകം സെൽഫ് ഗോൾ രൂപത്തിൽ സമനില പിടിച്ചതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അവസാനിച്ചു.
ഇരു ടീമിനും ഏഴു പോയന്റാണെങ്കിലും ഗോൾ ശരാശരിയിൽ കുവൈത്ത് ഗ്രൂപ് എ ചാമ്പ്യന്മാരായി. ഏകപക്ഷീയമായ നാല് ഗോളിന് പാക്കിസ്താനെയും രണ്ട് ഗോളിന് നേപ്പാളിനെയും തകർത്താണ് ഇന്ത്യ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിറങ്ങിയത്. നേപ്പാളിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെയും പാകിസ്ഥാനെതിരെ എതിരില്ലാത്ത നാല് ഗോളിന്റെയും ജയം നേടിയാണ് കുവൈത്ത് ഇന്ത്യക്കെതിരെ ബൂട്ടുകെട്ടിയത്.
ഇതിന് മുമ്പ് മൂന്ന് തവണയാണ് ഇന്ത്യയും കുവൈത്തും തമ്മിൽ ഏറ്റമുട്ടിയിട്ടുള്ളത്. രണ്ടു കളികളില്‍ കുവൈത്ത് ജയിച്ചപ്പോള്‍ ഇന്ത്യക്ക് ഒരു ജയം. 2010ലാണ് അവസാനമായി നേര്‍ക്ക് വന്നത്. അന്ന് ഒന്നിനെതിരെ ഒമ്പത് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.