ന്യൂഡൽഹി: 2026 സാഫ് ചാമ്പ്യൻഷിപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഫുട്ബാൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. നവംബർ 4 മുതൽ 17 വരെ ബംഗ്ലാദേശിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിൽ വെച്ചാണ് ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്.
ടൂർണമെന്റിൽ ആകെ ആറ് ടീമുകളാണ് നിലവിൽ പന്ത് തട്ടുന്നത്. ആതിഥേയരായ ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഇന്ത്യക്കും പാകിസ്താനും പുറമെ മാലദ്വീപ് കൂടി ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി. ഫിഫയുടെ വിലക്ക് നേരിടുന്നതിനാൽ നേപ്പാൾ ഫുട്ബാൾ ഫെഡറേഷനെ മത്സരക്രമത്തിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ നിശ്ചിത സമയത്തിനകം വിലക്ക് നീങ്ങിയാൽ നേപ്പാളിനെ ഗ്രൂപ്പ് എയിൽ ഉൾപ്പെടുത്തും. അല്ലാത്തപക്ഷം ആറ് ടീമുകളുമായി ടൂർണമെന്റ് മുന്നോട്ട് പോകും.
സ്വന്തം മണ്ണിൽ നടന്ന 2023-ലെ ടൂർണമെന്റിൽ കിരീടം ചൂടിയ ഇന്ത്യ, കിരീടം നിലനിർത്തുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഇത്തവണ ബംഗ്ലാദേശിലേക്ക് വണ്ടി കയറുന്നത്. പത്താം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ മത്സരം നവംബർ 5-ന് പാകിസ്താനെതിരെയും രണ്ടാം മത്സരം നവംബർ 11-ന് മാലദ്വീപിനെതിരെയുമാണ്. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്ക് മുന്നേറും. നവംബർ 14-ന് സെമി ഫൈനലുകളും നവംബർ 17-ന് കലാശപ്പോരാട്ടവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.