റബാത്ത് (മൊറോക്കൊ): ആഫ്രിക്കൻ ഫുട്‌ബാളർ ഓഫ് ദ ഇയർ പുരസ്‌കാരം സെനഗലിന്റെ ബയേൺ ബ്യൂണിക് സൂപ്പർ താരം സാദിയോ മാനെക്ക്. ലിവർപൂളിൽ സഹതാരമായിരുന്ന മുഹമ്മദ് സലാഹിനെയും ചെൽസിയുടെ സെനഗൽ ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെയും മറികടന്നാണ് മാനെ ഒന്നാമതെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം പുരസ്കാരം നേടുന്നത്. ഒന്നിലധികം തവണ പുരസ്കാരം നേടുന്ന പത്താമത്തെ താരമാണ് സാദിയോ മാനെ.
വ്യാഴാഴ്ച മൊറോക്കോയിലെ റബാത്തിൽ നടന്ന ആഫ്രിക്കൻ ഫുട്‌ബാൾ കോൺഫെഡറേഷന്റെ അവാർഡ് ദാന ചടങ്ങിലാണ് സെനഗൽ ക്യാപ്റ്റനെ 2022ലെ വിജയിയായി പ്രഖ്യാപിച്ചത്. ലിവർപൂൾ വിട്ട് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൽ അരങ്ങേറ്റം കുറിച്ച് 24 മണിക്കൂറിനുള്ളിലാണ് അവാർഡ് സ്വീകരിക്കാൻ താരം മൊറോക്കോയിൽ എത്തിയത്.
സെനഗലിന് ലോകക്കപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയികളാക്കുന്നതിലും സാദിയോ മാനെ നിർണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിന്റെ പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായിരുന്ന സലാഹ് 23 ഗോളുകളുമായി ഗോൾഡൻ ബൂട്ട് നേടുകയും 13 ഗോളുകളുമായി അസിസ്റ്റ് ചാർട്ടിൽ ഒന്നാമതെത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ ചെൽസിക്കൊപ്പം ക്ലബ് ലോകകപ്പ് നേടിയതിനൊപ്പം സെനഗലിന്റെ ആഫ്രിക്കൻ നേഷൻസ് കപ്പ് വിജയത്തിലും മെൻഡി പ്രധാന പങ്ക് വഹിച്ചു. 2014ൽ വിൻസെന്റ് എനിയാമ മൂന്നാം സ്ഥാനത്തെത്തിയ ശേഷം ആഫ്രിക്കൻ ഫുട്‌ബാളർ ഓഫ് ദ ഇയർ വോട്ടെടുപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്ന ആദ്യ ഗോൾകീപ്പറാണ് 30കാരൻ.
സാമുവൽ എറ്റൂ, യായ ടുറെ എന്നിവർ നാല് തവണ വീതവും ജോർജ് വിയ, അബേദി പെലെ എന്നിവർ മൂന്ന് തവണയും ആഫ്രിക്കൻ ഫുട്ബാളർ പുരസ്കാരം നേടിയിട്ടുണ്ട്. മാനെക്ക് പുറമെ മുഹമ്മദ് സലാഹ്, ദിദിയർ ദ്രോഗ്ബ, റോജർ മില്ല, നുവാൻകോ കാനു, എൽ ഹാജി ദിയൂഫ് എന്നിവരാണ് രണ്ടുതവണ വീതം പുരസ്കാരം നേടിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.