ടോട്ടൻഹാമിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സമനില ഗോൾ നേടിയ മത്യാസ് ഡിലിറ്റ് (ഇടത്തുനിന്ന് മൂന്നാമത്) ബ്രയാൻ എംബ്യൂമോ, ലെനി യോറോ, മേസൺ മൗണ്ട്
എന്നിവർക്കൊപ്പം ആഹ്ലാദത്തിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തർ തമ്മിലുള്ള പോരാട്ടത്തിൽ തുല്യത. ടോട്ടൻഹാം ഹോട്സ്പറും മാഞ്ചസ്റ്റർ യുനൈറ്റഡുമാണ് നാലു ഗോൾ പങ്കിട്ട് പോയന്റ് പങ്കുവെച്ചത്. ടോട്ടൻഹാമിനായി മത്യാസ് ടെൽ (84), റിച്ചാർലിസൺ (90+1) എന്നിവരും യുനൈറ്റഡിനായി ബ്രയാൻ എംബ്യൂമോ (32), മത്യാസ് ഡിലിറ്റ് (90+6) എന്നിവരുമാണ് സ്കോർ ചെയ്തത്.
11 മത്സരങ്ങളിൽ ഇരുടീമുകൾക്കും 18 പോയന്റ് വീതമാണെങ്കിലും ടോട്ടൻഹാം മൂന്നാമതും യുനൈറ്റഡ് ഏഴാമതുമാണ്. 10 കളികളിൽ 25 പോയന്റുമായി ആഴ്സനലാണ് തലപ്പത്ത്. 10 മത്സരങ്ങളിൽ 19 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുണ്ട്. 10 കളികളിൽ 18 പോയന്റ് വീതമുള്ള ലിവർപൂൾ, സണ്ടർലൻഡ്, ബോൺമൗത്ത് ടീമുകൾ പോയന്റ് പട്ടികയിൽ ടോട്ടൻഹാമിനും യുനൈറ്റഡിനുമിടയിലുണ്ട്.
ടോട്ടൻഹാം ഹോട്സ്പർ സ്റ്റേഡിയത്തിൽ നടന്ന അങ്കത്തിൽ ആദ്യ വെടിപൊട്ടിച്ചത് യുനൈറ്റഡായിരുന്നു. കളി അര മണിക്കൂർ പിന്നിടവെ അമദ് ദിയാലോ വലതുവിങ്ങിൽനിന്ന് നൽകിയ ക്രോസിൽ ഹെഡറിലൂടെയായിരുന്നു എംബ്യൂമോയുടെ ഗോൾ. പതിവിൽനിന്ന് വിഭിന്നമായി ദിയാലോയെ റൈറ്റ് വിങ് ബാക്കിൽനിന്ന് മാറ്റി വലതുസ്ട്രൈക്കറാക്കിയ യുനൈറ്റഡ് കോച്ച് റൂബൻ അമോറിം എംബ്യൂമോയെ ഇടതുസ്ട്രൈക്കറായാണ് കളിപ്പിച്ചത്. ഒരു ഗോൾ ലീഡിൽ യുനൈറ്റഡ് ജയത്തിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു തോമസ് ഫ്രാങ്കിന്റെ ടോട്ടൻഹാം ഇരട്ട ഗോളുമായി തിരിച്ചടിച്ചത്. പകരക്കാരനായി ഇറങ്ങിയ മത്യാസ് ടെൽ ആയിരുന്നു സമനില പിടിച്ചത്.
പിന്നാലെ ആക്രമണം കനപ്പിച്ച ടോട്ടൻഹാം ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റിൽ റിച്ചാർലിസണിന്റെ ഹെഡർ ഗോളിലുടെ ലീഡും പിടിച്ചു. എന്നാൽ, യുനൈറ്റഡ് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ലഭിച്ച കോർണറിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഡെലിവറിൽ ബാക്ക്പോസ്റ്റിൽ ഉയർന്നുചാടിയ ഡിലിറ്റ് തകർപ്പൻ ഹെഡറിലൂടെ ടീമിന് സമനില സമ്മാനിച്ചു.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ കിട്ടിയെത്തിയ സണ്ടർലൻഡ് ഗംഭീര പ്രകടനം തുടർന്നപ്പോൾ മുമ്പന്മാരായ ആഴ്സനലിന് പോയന്റ് നഷ്ടം.
ഇഞ്ചുറി സമയ ഗോളിൽ 2-2നാണ് ഗണ്ണേഴ്സിനെ ബ്ലാക്ക് ക്യാറ്റ്സ് തളച്ചത്. 94ാം മിനിറ്റിൽ ഡച്ച് സ്ട്രൈക്കർ ബ്രയാൻ ബ്രോബിയുടെ അക്രോബാറ്റിക് ഗോളാണ് സണ്ടർലൻഡിന് സമനില സമ്മാനിച്ചത്. 36ാം മിനിറ്റിൽ ഡാനി ബല്ലാർഡിന്റെ ഗോളിൽ മുന്നിലെത്തിയ സണ്ടർലൻഡിനെതിരെ രണ്ടാം പകുതിയിൽ ബുകായോ സാക (54), ലിയാൻഡ്രോ ട്രൊസാർഡ് (74) എന്നിവരിലൂടെ ആഴ്സനൽ വിജയത്തിലേക്കെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു ബ്രോബിയുടെ സമനില ഗോൾ. 11 കളികളിൽ 26 പോയന്റുമായി ആഴ്സനൽ തലപ്പത്ത് തുടരുകയാണ്.
വോൾവ്സിനെ 3-0ന് തകർത്ത ചെൽസി 20 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. മാലോ ഗസ്റ്റോ, ജാവോ പെഡ്രോ, പെഡ്രോ നെറ്റോ എന്നിവരായിരുന്നു സ്കോറർമാർ. ഒരു ജയം പോലുമില്ലാത്ത വോൾവ്സ് രണ്ട് പോയന്റുമായി അവസാന സ്ഥാനത്താണ്.
മ്യൂണിക്: തുടർച്ചയായ 16 വിജയങ്ങളുടെ റെക്കോഡുമായി മുന്നേറുകയായിരുന്ന ബയേൺ മ്യൂണിക്കിന്റെ തേരോട്ടത്തിന് ഒടുവിൽ ജർമൻ ബുണ്ടസ് ലീഗയിൽ യൂനിയൻ ബർലിൻ തടയിട്ടു. ഇഞ്ചുറി സമയത്ത് സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ നേടിയ ഗോളിലാണ് ബയേൺ 2-2 സമനിലയുമായി രക്ഷപ്പെട്ടത്. ഡാനിലോ ഡൊയേകി യൂനിയന്റെ രണ്ടു ഗോളും നേടിയപ്പോൾ ലൂയിസ് ഡയസിന്റെ വകയായിരുന്നു ബയേണിന്റെ മറ്റൊരു ഗോൾ. ബയർ ലെവർകൂസൻ 6-0ത്തിന് ഹൈഡൻഹെയ്മിനെ തകർത്തു. 10 കളികളിൽ 28 പോയന്റുമായി ബയേൺ തന്നെയാണ് മുന്നിൽ.
മഡ്രിഡ്: സ്പാനിഷ് പ്രിമേറാ ലീഗയിൽ അന്റോയിൻ ഗ്രീസ്മാന്റെ ഇരട്ട ഗോൾ മികവിൽ അത്‍ലറ്റികോ മഡ്രിഡിന് ജയം. 3-1ന് ലെവന്റെയെയാണ് തോൽപിച്ചത്. പോയന്റ് പട്ടികയിൽ നാലാമതാണ് അത്‍ലറ്റികോ (25). റയൽ മഡ്രിഡ് (30), വിയ്യാറയൽ (26), ബാഴ്സലോണ (25) ടീമുകളാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.