ഗോളും അസിസ്റ്റുമായി നിറഞ്ഞാടി റൊണാൾഡോ; അൽ നസ്റിന് ജയം

റിയാദ്: ഗോളും അസിസ്റ്റുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറഞ്ഞാടിയ മത്സരത്തിൽ അൽ നസ്റിന് ജയം. സൗദി പ്രോ ലീഗിൽ അൽ താഇയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ക്രിസ്റ്റ്യാനോയും സംഘവും കീഴടക്കിയത്.

അൽ നസ്റിന്റെ തുടർച്ചയായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. സാദിയോ മാനെയും റൊണാൾഡോയും ടാലിസ്കയുമെല്ലാം നിരന്തരം അൽ തായി ഗോൾമുഖം റെയ്ഡ് ചെയ്തുകൊണ്ടിരുന്നു. 13ാം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് ഗോൾകീപ്പർ ബർഗ കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചു. 25ാം മിനിറ്റിൽ അൽതാഇക്കും മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

32ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. അൽ നസ്റിന്റെ കൗണ്ടർ അറ്റാക്കിനെ തുടർന്ന് ബാൾ ലഭിച്ച റൊണാൾഡോ അത് ടാലിസ്കക്ക് കൈമാറുകയും താരത്തിന്റെ ഷോട്ട് ഗോൾകീപ്പറെ കീഴടക്കുകയും ചെയ്തു. നാല് മിനിറ്റിന് ശേഷം റൊണാൾഡോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 59ാം മിനിറ്റിൽ അൽ താഇക്ക് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിലേക്ക് പറന്നെങ്കിലും ഗോൾകീപ്പർ നവാഫ് പണിപ്പെട്ട് തട്ടിയകറ്റിയത് സമനില നേടാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി. 67ാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറും ഗോൾകീപ്പർ കുത്തിയകറ്റി. 73ാം മിനിറ്റിലും റൊണാൾഡോയെ​ തേടി ഗോളവസരം ലഭിച്ചെങ്കിലും ഇത്തവണ പോസ്റ്റിൽ തട്ടിത്തെറിച്ചു.

എന്നാൽ, ആറ് മിനിറ്റിനകം അൽ താഇ സമനില ഗോൾ കണ്ടെത്തി. ഒറ്റക്ക് മുന്നേറിയ വിർജിൽ മിസിദ്ജിയാന്റെ വകയായിരുന്നു ഗോൾ. രണ്ട് മിനിറ്റിനകം അവർ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും അൽ നസ്ർ ഗോളി മുഴുനീള ഡൈവിലൂടെ ബാൾ തട്ടിത്തെറിപ്പിച്ചു. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെയാണ് റൊണാൾഡോയുടെ വിജയഗോൾ എത്തിയത്. അൽ നസ്‍റിന് ലഭിച്ച ഫ്രീകിക്കിനെ തുടർന്ന് ടാലിസ്കയുടെ ഹെഡർ എതിർ താരത്തിന്റെ കൈയിൽ തട്ടിയതോടെ റഫറി പെനാൽറ്റിയിലേക്ക് വിസിലൂതി. റൊണാൾഡോ അനായാസം പന്ത് വലയിലെത്തിച്ചതോടെ അൽ നസ്ർ വിജയമുറപ്പിക്കുകയായിരുന്നു. 

Tags:    
News Summary - Ronaldo with goal and assist; Al Nassr wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.