‘മെസ്സിയുടെ ലോകകപ്പ് വിജയം വലിയ സംഭവമൊന്നുമല്ല! ലോകകപ്പ് എന്‍റെ സ്വപ്നവുമല്ല’; മലക്കം മറിഞ്ഞ് ക്രിസ്റ്റ്യാനോ

അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയുടെ ലോകകപ്പ് കിരീട നേട്ടം വലിയ സംഭവമൊന്നുമല്ലെന്ന് പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പിനെ പറ്റിയുള്ള മുൻപരാമര്‍ശത്തിലും താരം മലക്കം മറിഞ്ഞു.

ലോകകപ്പ് നേടുക എന്നത് തന്‍റെ സ്വപ്നമല്ല എന്നാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍ പറയുന്നത്. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള യൂട്യൂബ് അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. അടുത്ത വർഷം അമേരിക്ക, കാനഡ, മെക്സികോ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ കളിക്കാനുള്ള ഒരുക്കത്തിനിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. ക്രിസ്റ്റ്യാനോയുടെ ആറാം ലോകകപ്പാണിത്. മെസ്സിക്കു മുമ്പുതന്നെ അർജന്‍റീന ലോകകപ്പ് നേടിയിട്ടുണ്ടെന്നും പോർചുഗൽ ലോകകപ്പ് നേടിയാൽ ലോകത്തെ ഞെട്ടിക്കുമെന്നും 40കാരനായ ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

‘മെസ്സിക്കു മുമ്പ് അർജന്‍റീന എത്രതവണ ലോകകപ്പ് നേടിയിട്ടുണ്ട്? രണ്ടു തവണ. അതുകൊണ്ടു തന്നെ അതൊരു സാധാരണ സംഭവം മാത്രമാണ്. ഈ രാജ്യങ്ങളൊക്കെ വലിയ ടൂർണമെന്‍റുകളിൽ കിരീടം നേടുന്നത് പതിവാണ്. ബ്രസീൽ ലോകകപ്പ് നേടുന്നത് ലോകത്തിനൊരു അത്ഭുതമല്ല. മറിച്ച് പോർചുഗൽ ലോകകപ്പ് നേടുകയാണെങ്കിൽ അത് ലോകത്തെ ഞെട്ടിക്കും. പക്ഷേ, ഞാൻ അങ്ങനെയൊന്നും ചിന്തിക്കുന്നില്ല. തീർച്ചയായും നമ്മൊളൊക്കെ ജയിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതേ, മത്സരിക്കുമ്പോൾ ജയം മാത്രമാണ് ലക്ഷ്യം. ഞാൻ സത്യസന്ധനാണ്. പക്ഷേ, ലോകകപ്പ് വിജയമൊന്നും ഞാൻ കാര്യങ്ങളെ കാണുന്ന രീതിയിലും ഫുട്ബോളിനോടുള്ള അഭിനിവേശത്തിലും കാര്യമായ മാറ്റമുണ്ടാക്കില്ല’ -ക്രിസ്റ്റ്യാനോ പറഞ്ഞു.

ലോകകപ്പ് കിരീടം തന്‍റെ സ്വപ്നമൊന്നുമല്ല. ലോക ഫുട്ബാളിലെ ഏറ്റവും വലിയ ട്രോഫി നേടാൻ കഴിയാത്തതിന്റെ പേരിൽ മാത്രം, മികച്ചൊരു ഫുട്ബാളറുടെ കരിയറിനെ ചോദ്യം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും താരം വ്യക്തമാക്കി. ‘ലോകകപ്പ് കിരീടം സ്വപ്നമാണോ? നിങ്ങൾ എന്നോട് ചോദിച്ചാൽ ഇല്ലെന്നേ ഞാൻ പറയു. ലോകകപ്പ് വിജയിച്ചാലും ഇല്ലെങ്കിലും ഫുട്ബാൾ ചരിത്രത്തിലെ എന്‍റെ പേരിന് ഒരു കോട്ടവും സംഭവിക്കില്ല. ഞാൻ നുണ പറയുകയല്ല. ഒരു കാര്യം ഉറപ്പാണ്, ഈ നിമിഷങ്ങൾ ശരിക്കും ആസ്വദിക്കുകയാണ്. ആളുകൾ പറയുന്നു, ക്രിസ്റ്റ്യാനോ ലോകകപ്പ് നേടിയാൽ ഏറ്റവും മികച്ച കളിക്കാരനാകും എന്ന്. ഞാൻ അംഗീകരിക്കില്ല. പോർച്ചുഗലിനായി ഞാൻ മൂന്ന് കിരീടങ്ങൾ നേടി’ -താരം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് അധികം വൈകാതെ വിരമിക്കുമെന്ന സൂചനയും റൊണാൾഡോ നൽകുന്നുണ്ട്. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയതായും താരം പറഞ്ഞു. ‘ഫുട്ബാളിൽ ഗോൾ നേടുമ്പോൾ നമുക്ക് ലഭിക്കുന്ന ആവേശത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കണം, പ്രത്യേകിച്ച് രണ്ട് വയസ്സുള്ള ബെല്ലക്കൊപ്പം. ഞാൻ മത്സര സമയങ്ങളിൽ ടീമിനൊപ്പം ഹോട്ടലിൽ താമസിക്കുമ്പോൾ, എനിക്ക് ഒരുതരം തിരക്ക് അനുഭവപ്പെടാറുണ്ട്. ക്രിസ്റ്റ്യാനോ ജൂനിയറിന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കണം, ബുദ്ധിശൂന്യമായ കാര്യങ്ങളിലേക്ക് വഴിതെറ്റിപോകുന്ന പ്രായമാണ് അവന്. സ്വഭാവികം, കാരണം ഞാനും പലതും ചെയ്തിട്ടുണ്ട്. എനിക്ക് ഒരു മികച്ച കുടുംബനാഥനാകണം’ -ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.

അടുത്ത വർഷം യു.എസ്.എ, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്ന ലോകകപ്പിൽ കളിക്കുമെന്നും താരം ആവർത്തിച്ചു. അതിനുശേഷമാകും തങ്ങളുടെ വിവാഹം. ലോകകപ്പിനുശേഷം കിരീടവുമായി വിവാഹം നടത്താനാണ് ആലോചന. വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജോർജിനക്ക് പാർട്ടി ഇഷ്ടമില്ല. അവൾക്ക് സ്വകാര്യ ചടങ്ങുകളാണ് ഇഷ്ടം, താൻ അതിനെ ബഹുമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി തന്നേക്കാൾ കേമനാണെന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്നും അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ പറയുന്നുണ്ട്.

Tags:    
News Summary - Ronaldo Plays Down Messi Winning World Cup As 'Normal'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.