ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുതായി ചർച്ചിൽ ബ്രദേഴ്സ് ക്ലബിനെ ഉൾപ്പെടുത്തേണ്ടെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. ഏറെ വൈകി ആരംഭിക്കുന്ന 2025-26 സീസണിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഒരു ടീമിനെക്കൂടി ചേർക്കുന്നത് പ്രായോഗികമല്ലെന്ന് ഫെഡറേഷൻ നിർവാഹക സമിതിയുടെ ഓൺലൈൻ യോഗം വിലയിരുത്തി.
ചർച്ചിലിനെ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്ന് നിർവാഹക സമിതിയിലെ മൂന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു തീരുമാനം.
ഐ ലീഗ് 2024-25 സീസൺ സമാപിച്ചപ്പോൾ ചർച്ചിലായിരുന്നു പോയന്റ് പട്ടികയിൽ തലപ്പത്ത്. സ്വാഭാവികമായും ഇവർക്ക് ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. എന്നാൽ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്റർ കാശി മുമ്പ് എടുത്തുകളഞ്ഞ നാല് പോയന്റിനായി കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ പോയി അനുകൂലവിധി സമ്പാദിച്ചു.
ഇതോടെ ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റർ കാശിയെ പ്രഖ്യാപിച്ചു. ഇവരടക്കം 14 ടീമുകളാണ് ഇക്കുറി ഐ.എസ്.എല്ലിലുള്ളത്. മത്സരങ്ങൾ ശനിയാഴ്ച ആരംഭിക്കും. കൊൽക്കത്തയിൽ നടക്കുന്ന ആദ്യ കളിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.