‘അന്ന് കൈയിലൊരു കത്തിയുണ്ടായിരുന്നെങ്കിൽ എന്നെത്തന്നെ കുത്തിക്കൊല്ലുമായിരുന്നു’; ആ പെനാൽറ്റി നഷ്ടം ഇപ്പോഴും വേട്ടയാടുന്നതായി ഇറ്റാലിയൻ ഇതിഹാസം

ലോക് ഫുട്ബാളിലെ മിന്നുംതാരങ്ങളിലൊരാളായിട്ടും ഇറ്റാലിയന്‍ ഇതിഹാസം റോബര്‍ട്ടോ ബാജിയോയെ ലോകമോര്‍ക്കുന്നത് ഒറ്റ പെനാല്‍ട്ടി നഷ്ടത്തിന്റെ പേരിലാണ്. 1994 ലോകകപ്പ് ഫൈനലിലാണ് അത് സംഭവിക്കുന്നത്.

ഇറ്റലിയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോര്. നിശ്ചിത സമയം ഗോൾരഹിത സമനിലയിൽ അവസാനിച്ചു, അധിക സമയത്തും ഇരു ടീമുകൾക്കും വലകുലുക്കാനായില്ല. വിജയികളെ കണ്ടെത്തുന്നതിനായി മത്സരം ഷൂട്ടൗട്ടിലേക്ക്. നാലു വീതം കിക്കുകൾ കഴിഞ്ഞപ്പോൾ ബ്രസീൽ 3-2ന് മുന്നിൽ. ഇറ്റലിക്കായി അവസാന കിക്കെടുക്കാനായി എത്തിയത് പുത്തന്‍ താരോദയം റോബര്‍ട്ടോ ബാജിയോ. അഞ്ച് ഗോളുകള്‍ നേടി അസൂറികളെ ഫൈനലിലെത്തിച്ചവനാണ്.

അതിസമ്മര്‍ദത്തിന്റെ മുള്‍മുനയില്‍ റോബര്‍ട്ടോയെടുത്ത കിക്ക് ഗോൾബാറിനു മുകളിലൂടെ പുറത്തേക്ക്. അതുവരെ വീരനായകനെന്ന് വാഴ്ത്തപ്പെട്ടവന്‍ ഒറ്റനിമിഷം കൊണ്ട് ആരാധകർക്ക് വില്ലനായി. ബാജിയോ ആ കിക്ക് വലയിലാക്കിയാലും ടീമിന് ജയിക്കുമെന്ന് ഉറപ്പില്ല, കാരണം ബ്രസീലിന് ഒരു കിക്ക് കൂടി ബാക്കിയുണ്ടായിരുന്നു. അത് ലക്ഷ്യം കണ്ടാലും ഇറ്റലി തോൽക്കുമായിരുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറവും ആ പെനാൽറ്റി നഷ്ടം ബാജിയോയെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

‘അന്ന് കൈയിലൊരു കത്തിയുണ്ടായിരുന്നെങ്കിൽ എന്നെത്തന്നെ കുത്തിക്കൊല്ലുമായിരുന്നു. തോക്ക് കൈയിലുണ്ടായിരുന്നെങ്കിൽ, സ്വയം വെടിയുതിർക്കുമായിരുന്നു. എനിക്ക് എങ്ങനെയെങ്കിലും മരിക്കണം എന്നേ ഉണ്ടായിരുന്നുള്ളു’ -ബാജിയോ പറഞ്ഞു. തന്‍റെ കരിയറിലെ ഏറ്റവും കഠിനമായ നിമിഷമായിരുന്നു അത്. നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന്, ഫൈനലിൽ കളിക്കാനിറങ്ങുന്നതിനു മുമ്പ് തന്‍റെ ബുദ്ധമത ആത്മീയ ഗുരു മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം ഇത്ര കൃത്യമാകുമെന്ന് ആ സമയത്ത് എനിക്ക് മനസ്സിലായില്ലെന്നും താരം കൂട്ടിച്ചേർത്തു.

ആ ലോകകപ്പ് ഇറ്റലി ജയിച്ചിരുന്നെങ്കിൽ, ഇന്ന് ഫുട്ബാൾ ഇതിഹാസങ്ങളായ ഡീഗോ മറഡോണ, പെലെ എന്നിവർക്കൊപ്പമായിരിക്കും റോബർട്ടോ ബാജിയോയുടെ സ്ഥാനം. അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പിനിടെ ബാജിയോ അർജന്‍റീനൻ ഇതിഹാസം ലയണൽ മെസ്സിയുമായി കൂടിക്കാഴ്ച നടത്തി. 1994 ലോകകപ്പിൽ ബാജിയോ ധരിച്ച ജഴ്സിയും മെസ്സിക്ക് സമ്മാനിച്ചു. ജഴ്സി കണ്ടപ്പോൾ മെസ്സി വികാരഭരിതനായി. അതിൽ പതുക്കെ തലോടി മടക്കിവെച്ചു. മനോഹരമായ കാഴ്ചയായിരുന്നു അതെന്നും ബാജിയോ വ്യക്തമാക്കി. പിന്നാലെ ബാജിയോക്ക് നന്ദി പറഞ്ഞ് മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടു.

Tags:    
News Summary - Roberto Baggio on 1994 penalty miss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.