‘ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു അത്...’; മെസ്സിക്കൊപ്പം പന്തുതട്ടിയതിന്‍റെ ആവേശത്തിൽ റയൽ യുവതാരം

വെനിസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ താൻ ആരാധിച്ചുനടന്ന സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം അർജന്‍റീന ടീമിനായി പന്തുതട്ടാനായതിന്‍റെ സന്തോഷത്തിലാണ് 18കാരനായ ഫ്രാങ്കോ മസ്തന്റുവാനോ. ദേശീയ ടീമിനായി മെസ്സിക്കൊപ്പം ആദ്യമായാണ് മസ്തന്റുവാനോ കളിക്കുന്നത്.

തന്‍റെ സ്വപ്നം യാഥാർഥ്യമായെന്നാണ് താരം പറയുന്നത്. നാട്ടിൽ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വെനിസ്വേലയെ മെസ്സിപ്പട തരിപ്പണമാക്കിയത്. ഒരുപക്ഷേ, മെസ്സി ദേശീയ ടീമിനായി നാട്ടിൽ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. അർജന്‍റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു. മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരമാണെന്ന് മസ്തന്റുവാനോ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘മെസ്സിക്കൊപ്പം കളിച്ചത് അവിശ്വസനീയ അനുഭവമായിരുന്നു. സത്യം പറഞ്ഞാൽ, അത് എന്റെ ജീവിതത്തിലെ ഒരു സ്വപ്നമായിരുന്നു. കുട്ടിക്കാലം മുതൽ മെസ്സിയെ ആരാധിച്ചു നടന്നവനാണ്. അദ്ദേഹത്തിന്റെ കരിയർ തുടക്കം മുതൽ നേരിട്ടു കണ്ടയാളാണ്’ -മസ്തന്റുവാനോ പറഞ്ഞു. മത്സരത്തിനിടെ പന്ത് പാസ്സ് കൊടുക്കാതെ നേരിട്ട് ഷൂട്ട് ചെയ്തതിന് മെസ്സി തന്നോട് ദേഷ്യപ്പെട്ടു. എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് കാര്യം മനസ്സിലായി. പിന്നീട് താൻ മെസ്സിയോട് ക്ഷമ ചോദിച്ചെന്നും താരം വെളിപ്പെടുത്തി. എക്വഡോറിനെതിരെ ഈമാസം ഒമ്പതിന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സി കളിക്കില്ല.

ജോലി ഭാരം കുറക്കുന്നതിന്‍റെ ഭാഗമായി താരത്തിന് വിശ്രമം നൽകാനാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം. ഒരു പതിറ്റാണ്ടിന് ശേഷം റയലിനുവേണ്ടി കളിക്കുന്ന ആദ്യ അർജന്‍റീനൻ താരമാണ് മസ്തന്റുവാനോ. 2010ൽ ബെൻഫിക്കയിൽനിന്നു എയ്ഞ്ചൽ ഡി മരിയ വന്ന ശേഷമുള്ള റയലിന്റെ ആദ്യത്തെ അർജന്റൈൻ സൈനിങ്ങാണിത്. റിവർ പ്ലേറ്റിൽനിന്ന് 45 മില്യൺ നൽകിയാണ് താരത്തെ റയൽ ബെർണബ്യൂവിലെത്തിച്ചത്. പി.എസ്.ജിയും ലൂയിസ് എന്റിക്വയും കണ്ണുവെച്ചിരുന്നെങ്കിലും സാബിയുടെ ഇടപെടലാണ് താരത്തെ മഡ്രിഡിലെത്തിച്ചത്.

Tags:    
News Summary - Real Madrid star experience of playing alongside Lionel Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.