മഡ്രിഡ്: അർജന്റീനയുടെ കൗമാര താരോദയം ഫ്രാങ്കോ മസ്റ്റാന്റുവോനോയെ അണിയിലെത്തിച്ച് റയൽ മഡ്രിഡ്. 45 ദശലക്ഷം യൂറോക്കാണ് (ഏകദേശം 448 കോടി രൂപ) അർജന്റീനയിലെ മുൻനിര ഫുട്ബാൾ ക്ലബായ റിവർേപ്ലറ്റിൽനിന്ന് മസ്റ്റാന്റുവോനോ മഡ്രിഡിലേക്ക് വിമാനം കയറുന്നത്.
17കാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ അർജന്റീനയുടെ ഭാവിവാഗ്ദാനമായി പേരെടുത്ത താരമാണ്. ഒരു കോംപറ്റീറ്റിവ് ഗെയിമിൽ അർജന്റീനക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഫ്രാങ്കോ സ്വന്തമാക്കിയത് കഴിഞ്ഞയാഴ്ചയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീന ചിലിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച മത്സരത്തിൽ അവസാന ഘട്ടത്തിൽ പകരക്കാരനായി കളത്തിലെത്തിയാണ് താരം പുതിയ ചരിത്രം കുറിച്ചത്.
മസ്റ്റാന്റുവോനോക്ക് 18 വയസ്സു തികയുന്ന ആഗസ്റ്റ് 14 മുതൽ റയലുമായുള്ള ആറു വർഷത്തെ കരാർ പ്രാബല്യത്തിൽ വരും. ഈ സമ്മറിൽ സാന്റിയാഗോ ബെർണബ്യൂവിലെത്തുന്ന മൂന്നാമത്തെ താരമാണ് മസ്റ്റാന്റുവോനോ. ലിവർപൂളിൽനിന്ന് ട്രെന്റ് അലക്സാണ്ടർ ആർനോൾഡും ബോൺമൗത്തിൽനിന്ന് ഡീൻ ഹൂയിസണുമാണ് റയൽ സ്വന്തമാക്കിയ മറ്റു താരങ്ങൾ. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക് എന്നീ ബ്രസീലുകാർക്കൊപ്പം മറ്റൊരു തെക്കനമേരിക്കൻ പ്രതിഭ കൂടി റയലിന്റെ മുന്നണിയിൽ തേരുതെളിക്കാനെത്തുകയാണ്.
ടെന്നിസ് ഉപേക്ഷിച്ചാണ് മസ്റ്റാന്റുവോനോ ഫുട്ബാളിന്റെ വഴിയിലേക്ക് മാത്രമായി തിരിഞ്ഞത്. കുട്ടിയായിരിക്കേ തന്റെ കാറ്റഗറിയിൽ ദേശീയ തലത്തിൽ ആദ്യ പത്തിനുള്ളിലെത്തിയ ടെന്നിസ് താരമായിരുന്നു. ഒപ്പം, ഫുട്ബാൾ കോച്ചായിരുന്ന പിതാവ് പരിശീലിപ്പിച്ചിരുന്ന റിവർ ഡി അസൂൽ ക്ലബിൽ മൂന്നാം വയസ്സുമുതൽ പന്തുതട്ടിപ്പഠിക്കാനും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് റിവർ േപ്ലറ്റ് തങ്ങളുടെ അക്കാദമിയിലേക്ക് ഫ്രാങ്കോയെ ക്ഷണിക്കുന്നത്. എന്നാൽ, ആ ഓഫർ അവൻ നിരസിച്ചു. ടെന്നിസിൽ കരിയർ തുടരാനുള്ള കുടുംബത്തിന്റെ ആഗ്രഹമായിരുന്നു കാരണം. 11-ാം വയസ്സിൽ സെമന്റോ ക്ലബുമായി കരാറിലൊപ്പിട്ടു.
എന്നാൽ, 2019ൽ റിവർ േപ്ലറ്റിന്റെ ഓഫർ സ്വീകരിക്കാൻ മസ്റ്റാന്റുവോനോ തീരുമാനിച്ചു. 2023 വരെ റിവർ േപ്ലറ്റിന്റെ അക്കാദമിയിൽ കളിച്ചുതെളിഞ്ഞു. അടുത്ത സീസണിൽ സീനിയർ ടീമിൽ അംഗമാവുകയും ചെയ്തു. റിവർ േപ്ലറ്റിലെ മിടുക്ക് കണ്ടാണ് അർജന്റീന അണ്ടർ 17, അണ്ടർ 20 ടീമുകളിലും പിന്നാലെ സീനിയർ ടീമിലും ഇടം ലഭിച്ചത്. ഇടങ്കാലൻ മിഡ്ഫീൽഡറായ മസ്റ്റാന്റുവോനോ േപ്ലമേക്കിങ് മിഡ്ഫീൽഡറായോ ഫോർവേഡായോ ഒക്കെ കളം നിറയാൻ കഴിയുന്ന താരമാണ്. കരുത്തുറ്റ ഷോട്ടുകൾ ഉതിർക്കാനും കഴിയും. ഫ്രീകിക്കുകൾ വിജയകരമായി തൊടുക്കുന്നതിലും മിടുക്കനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.