മഡ്രിഡ്: ബ്രസീൽ യുവതാരത്തിന് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ അന്ത്യശാസനം. ഈ സമ്മറിൽ തന്നെ പുതിയ ക്ലബ് കണ്ടെത്തിയില്ലെങ്കിൽ 23കാരനായ മധ്യനിരതാരം റെയ്നിയറുമായുള്ള കരാർ റദ്ദാക്കുമെന്നാണ് റയലിന്‍റെ മുന്നറിയിപ്പ്. താരം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്തതാണ് ക്ലബിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ വഴിയേയാണ് ബ്രസീലിലെ ഫ്ലമംഗോ ക്ലബിൽനിന്ന് 17 വയസ്സുള്ളപ്പോൾ റെയ്നിയറെ റയൽ റാഞ്ചുന്നത്. അന്ന് ഏകദേശം 281 കോടി രൂപയാണ് റയൽ താരത്തിനായി മുടക്കിയത്. നേരത്തെ, ഫ്ലമംഗോയിൽ നിന്ന് വിനീഷ്യസിനെയും സാന്‍റോസിൽനിന്ന് റോഡ്രിഗോയും അധികം പ്രഫഷനൽ മത്സരപരിചയമില്ലാത്ത സമയത്താണ് റയൽ സ്വന്തമാക്കിയത്.
ഫ്ലമംഗോക്കായി ബ്രസീൽ ലീഗിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് റെയ്നിയറെ യൂറോപ്പിലെത്തിച്ചത്. ആദ്യം റയൽ ബി ടീമിനുവേണ്ടി കളിച്ച വിനീഷ്യസും റോഡ്രിഗോയും സീനിയർ ടീമിന്‍റെ അവിഭാജ്യഘടകമായി. ആറു മാസം ലോസ് ബ്ലാങ്കോസ് അക്കാദമിയിൽ പരിശീലിച്ച റെയ്നിയറെ വായ്പാടിസ്ഥാനത്തിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനും ജിറോണക്കും ഗ്രനാഡക്കും കൈമാറി. ഈ ക്ലബുകളിലൊന്നും താരത്തിന് കാര്യമായ സ്വാധീനം ഉണ്ടാക്കാനായില്ല. റയലിനൊപ്പം ഒരു വർഷം കൂടിയാണ് താരത്തിന് ബാക്കിയുള്ളത്.
റയലിന് താരവുമായുള്ള കരാർ പുതുക്കാൻ താൽപര്യമില്ല. ഇതിനിടയിൽ പുതിയ ക്ലബിനെ കണ്ടെത്തിയില്ലെങ്കിൽ കരാർ അവസാനിപ്പിക്കാനാണ് റയലിന്‍റെ തീരുമാനം. താരത്തെ വിൽക്കാനാണ് നീക്കമെങ്കിലും കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനം കാരണം മറ്റു ക്ലബുകളൊന്നും ബ്രസീൽ താരത്തിനുവേണ്ടി താൽപര്യം കാണിക്കുന്നില്ല. നേരത്തെ, 2021ൽ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം കളിക്കുമ്പോൾ, ജർമൻ ക്ലബ് താരത്തെ ടീമിലേക്ക് സ്ഥിരമായി ക്ഷണിച്ചിരുന്നു. 2020 മുതൽ 2022 വരെയാണ് താരം ബുണ്ടസ് ലിഗ ക്ലബിനൊപ്പം കളിച്ചത്.
അന്ന് ഡോർട്ട്മുണ്ടിന്‍റെ വാഗ്ദാനം റയൽ തള്ളിക്കളഞ്ഞു. നിലവിലെ ഫോമിൽ താരത്തിന് മറ്റു ക്ലബുകളിലേക്ക് ചേക്കേറുക എന്നത് അസാധ്യമാണ്. ബ്രസീലിന്‍റെ വണ്ടർ കിഡ് എന്നായിരുന്നു ഒരുകാലത്ത് താരം അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.