ബാഴ്സയുടെ കിരീടധാരണം നീട്ടി ഇഞ്ചുറി സമയ ഗോളിൽ റയലിന് ജയം

മഡ്രിഡ്: ജയമല്ലാത്ത എന്തും ബദ്ധവൈരികളായ ബാഴ്സയുടെ കിരീടധാരണം ഉറപ്പാക്കുമെന്നിരിക്കെ, 95ാം മിനിറ്റിൽ ഇളമുറക്കാരൻ ജേകബോ റാമൺ കുറിച്ച വിജയ ഗോളിൽ ഒരു നാൾകൂടി പ്രതീക്ഷ നീട്ടിയെടുത്ത് റയൽ മഡ്രിഡ്. കളി അവസാന വിസിലിന് നിമിഷങ്ങൾവരെയും ഓരോ ഗോളിൽ ഒപ്പം നിന്ന മത്സരത്തിലാണ് മയോർക്കക്കെതിരെ 20കാരനായ റാമോൺ റയലിന് വിലപ്പെട്ട ജയം നൽകിയത്.

കളി തുടങ്ങുംമുമ്പ് ആദ്യ സ്ഥാനത്തുള്ള ബാഴ്സയെക്കാൾ ഏഴു പോയന്റ് പിറകിലായിരുന്നു റയൽ. തോൽക്കുകയോ സമനിലയിലാകുകയോ ചെയ്താൽ ഹാൻസി ഫ്ലിക്കിന്റെ കറ്റാലൻ സംഘം കിരീടധാരണം ആഘോഷമാക്കുമായിരുന്നു. മയോർക്ക ഗോളി അതിമാനുഷനെപ്പോലെ പോസ്റ്റിനു മുന്നിൽ കോട്ടകെട്ടി നിലയുറപ്പിച്ച മൈതാനത്ത് ആദ്യം ഗോൾ വീണത് റയൽ വലയിൽ. 11ാം മിനിറ്റിൽ മാർട്ടിൻ വാൽജെന്റ് ആയിരുന്നു സ്കോറർ. മുനകൂർത്ത ആക്രമണങ്ങളുമായി ഗോൾ മടക്കാൻ എംബാപ്പെയും സംഘവും എതിർബോക്സിൽ തിമിർത്തു കളിച്ചെങ്കിലും മയോർക്കക്ക് ഒറ്റ ഗോൾ ലീഡുമായി ഇടവേള പിരിഞ്ഞു. 68ാം മിനിറ്റിൽ എംബാപ്പെ റയലിനെ ഒപ്പമെത്തിച്ചു.

രണ്ട് പ്രതിരോധ താരങ്ങളുടെ കാലുകൾക്കിടയിൽനിന്ന് പായിച്ച പൊള്ളുന്ന ഗ്രൗണ്ടറിലായിരുന്നു ഗോൾ. പ്രതിരോധിച്ചും ആക്രമിച്ചും കളി കനത്തുനിന്ന അവസാന നിമിഷങ്ങളിൽ അപ്രതീക്ഷിതമായാണ് ജാകോബോ റാമോൺ എന്ന പുതുമുഖ താരം വിജയം കുറിച്ച ഗോൾ അടിച്ചുകയറ്റുന്നത്. ജയത്തോടെ വിലപ്പെട്ട മൂന്നു പോയന്റ് നേടി മണിക്കൂറുകളുടെ ഇടവേളയിലെങ്കിലും ബാഴ്സയുമായി അകലം നാല് പോയന്റായി കുറച്ചു.

കഴിഞ്ഞ ദിവസം ഗോൾമഴ കണ്ട എൽക്ലാസിക്കോയിൽ റയലിനെ 4-3ന് മുക്കിയാണ് ബാഴ്സ ലാ ലിഗ കിരീടത്തിന് തൊട്ടരികെയെത്തിയത്. സീസണിൽ റയലിനെതിരെ ടീമിന്റെ നാലാം ജയമായിരുന്നു ഇത്. ഇരു ടീമുകളും മുഖാമുഖം നിന്ന കോപ ഡെൽ റെ, സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലുകളിലും ജയം കറ്റാലൻമാർക്കായിരുന്നു. ഇതോടെ, പരിശീലകക്കുപ്പായമഴിക്കുന്ന കാർലോ ആഞ്ചലോട്ടി കിരീടങ്ങളൊന്നുമില്ലാതെയാകും സീസൺ അവസാനിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബ്രസീൽ പരിശീലകനായാണ് ആഞ്ചലോട്ടി മടങ്ങുന്നത്. റയൽ പരിശീലകക്കുപ്പായത്തിൽ നിലവിലെ ബയേർ കോച്ച് സാവി അലൻസോ എത്തിയേക്കും.

Tags:    
News Summary - Real Madrid beats Mallorca 2-1 in stoppage time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.