രണ്ടടിച്ച് എംബാപ്പെ; ലാസ് പാൽമാസിനെ വീഴ്ത്തി റയൽ ലാ ലിഗയിൽ ഒന്നാമത്

മഡ്രിഡ്: സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ടു ഗോളുകളുമായി തിളങ്ങിയ ലാ ലിഗ മത്സരത്തിൽ ലാസ് പാൽമാസിനെ വീഴ്ത്തി റയൽ മഡ്രിഡ് പോയന്‍റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. സാന്റിയാഗോ ബെർണബ്യൂവിൽ ഒരു ഗോളിനു പിന്നിൽപോയശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് റയൽ തകർപ്പൻ ജയം സ്വന്തമാക്കിയത്.

20 മത്സരങ്ങളിൽനിന്ന് 46 പോയന്‍റുമായാണ് റയൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് ഇത്രയും മത്സരങ്ങളിൽനിന്ന് 44 പോയന്‍റും മൂന്നാമതുള്ള ബാഴ്സലോണക്ക് 39 പോയന്‍റും. ഫാബിയോ സിൽവയുടെ ക്ലോസ് റേഞ്ച് ഗോളിലുടെ ഒന്നാം മിനിറ്റിൽ തന്നെ സന്ദർശകർ റയലിനെ ഞെട്ടിച്ചു. 18ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കി എംബാപ്പെ റയലിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. റോഡ്രിഗോയെ ബോക്സിനുള്ളിൽ ലാസ് പാൽമാസ് താരം സാന്ദ്രോ റാമിറെസ് ഫൗൾ ചെയ്തതിനാണ് റയലിന് അനുകൂലമായി പെനാൽറ്റി വിധിച്ചത്.

33ാം മിനിറ്റിൽ ലൂക്കാസ് വാസ്‌ക്വസിന്‍റെ അസിസ്റ്റിൽനിന്ന് ബ്രാഹിം ഡയസ് ആതിഥേയരെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിനുശേഷം എംബാപ്പെ ടീമിന്‍റെ ലീഡ് ഉയർത്തി. റോഡ്രിഗോയാണ് ഗോളിന് വഴിയൊരുക്കിയത്. 57-ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ റയൽ ഗോൾ പട്ടിക പൂർത്തിയാക്കി. ഇതിനിടെ ലാസ് പാൽമാസിന്‍റെ പകരക്കാരൻ ബെനിറ്റോ റാമിറെസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 64ാം മിനിറ്റു മുതൽ പത്തു പേരുമായാണ് ലാസ് പാൽമാസ് കളിച്ചത്.

റയലിന്‍റെ മൂന്നു ഗോളുകളാണ് ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങിയത്. ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമും നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. ശനിയാഴ്ച നടന്ന നിർണായക മത്സരത്തിൽ ഗെറ്റാഫെയോട് സമനില വഴങ്ങിയത് ബാഴ്സയുടെ ലാ ലിഗ കിരീട പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണിത്. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ലാ ലിഗയിൽ അവസാന എട്ടു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ബാഴ്സ ജയിച്ചത്.

Tags:    
News Summary - Real Madrid beat Las Palmas and go top of La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.