2012ൽ മറഡോണ കണ്ണൂരിലെത്തിയപ്പോൾ പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ് ഇതിഹാസ താരത്തെ ഓർക്കുന്നു.
മറഡോണയുടെ മരണവാർത്ത കേട്ടപ്പോൾ എെൻറ ഓർമകൾ നേരെ പോയത് കണ്ണൂരിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത ചടങ്ങിലേക്കാണ്. ആ പരിപാടി കാണാത്ത മലയാളികൾ കുറവായിരിക്കും. ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകരാണ് അന്ന് മറഡോണയെ കാണാൻ തടിച്ചുകൂടിയത്.
ഫുട്ബാളിെൻറ നാട് കൂടിയാണല്ലോ കണ്ണൂർ. ഉത്സവപ്രതീതി നിറഞ്ഞ അവിടുത്തെ അന്തരീക്ഷം ഏറെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. മറഡോണയുടെ ചുറ്റുമുള്ള പ്രകാശവലയത്തിൽ എല്ലാവരും സ്തംഭിച്ചതുപോലെ. ആരാധകരെ കണ്ട് അദ്ദേഹവും ഞെട്ടി.
അത്ര വലിയൊരു ആൾക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ല. ഊർജസ്വലതയുള്ളവരെ വേദിയിൽ കിട്ടുേമ്പാൾ എന്നെപ്പോലുള്ള അവതാരകർക്ക് ആവേശം ഇരട്ടിയാകും. നമ്മുടെ പ്രകടനത്തിനും മിഴിവ് കൂടും. അവിടെയും അതാണ് സംഭവിച്ചത്. മറഡോണ എന്നോടൊപ്പം പാട്ട് പാടി, നൃത്തം ചെയ്തു. പാട്ടും നൃത്തവും ഹൃദയംകൊണ്ട് ഇഷ്ടപ്പെടുന്ന അേദ്ദഹത്തിന് നല്ല താളബോധമുണ്ടായിരുന്നു.
കളിയുടെ ചലനങ്ങളിലും ആ താളം കാണാം. വേദിയിലുണ്ടായിരുന്ന അര മണിക്കൂർ വല്ലാത്തൊരു തരംഗമാണ് മറഡോണ സൃഷ്ടിച്ചത്. ഭാഷയുടെ അതിരിനപ്പുറം നമ്മളിൽ ഒരാളെന്ന് തോന്നിപ്പിക്കുന്നതും അത്ഭുതം ജനിപ്പിക്കുന്നതുമാണ് ആ വ്യക്തിത്വം. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചാണ് അന്ന് മറഡോണ നാട്ടിലേക്ക് മടങ്ങിയത്.
അദ്ദേഹത്തിെൻറ വ്യക്തിജീവിതവും ഫുട്ബാൾ ജീവിതവും ഒന്നുപോലെ ആഘോഷഭരിതമായിരുന്നു. സ്വന്തം ഇഷ്ടങ്ങളും തത്വസംഹിതകളും അനുസരിച്ചായിരുന്നു ജീവിതം. ജീവിച്ചിരുന്ന ഓരോ നിമിഷവും ആഘോഷമാക്കി.
മൈക്കൽ ജാക്സനെ പോലെ ലോകത്തിലെ എല്ലാവർക്കും ഒരുപോലെ അറിയാവുന്ന പേരാണ് മറഡോണ. ഏതോ ഒരു രീതിയിൽ അദ്ദേഹം എല്ലാവരെയും തൊട്ടു. അത് കളിയിലൂടെ മാത്രമായിരുന്നില്ല. ഗാലറിക്ക് വേണ്ടി കളിച്ച കായികപ്രതിഭയായിരുന്നു. സെലിബ്രിറ്റികൾക്ക് പൊതുവെ സ്വന്തം ആഗ്രഹപ്രകാരം ജീവിക്കാൻ ഭയമാണ്.
എന്നാൽ, മറഡോണക്ക് അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നില്ല. 60 വയസ്സ് എന്നത് ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം ചെറുപ്പമാണ്. പക്ഷേ, ജീവിതത്തിൽ സ്വയം കൈക്കൊണ്ട ചില തീരുമാനങ്ങളുടെ അടിസ്ഥാനത്തിലെ ശാരീരിക പ്രശ്നങ്ങളാണ് നമ്മോട് ഇത്ര വേഗം വിടപറയുന്ന സാഹചര്യം സൃഷ്ടിച്ചത്.
പക്ഷേ, മലയാളികളുടെയോ ലോകത്തിെൻറയോ മനസ്സിൽ മറഡോണക്ക് മരണമില്ല. അദ്ദേഹം ലോകത്തിന് സമ്മാനിച്ച ആവേശവും പ്രചോദനവും മരണത്തിനും അതീതമാണ്. ഇതൊക്കെ ചിന്തിക്കുേമ്പാൾ മരണത്തിൽ സങ്കടപ്പെടാതെ ആ ജീവിതം നമ്മളും ആഘോഷിക്കുകയാണ് വേണ്ടത്.
ഞാൻ ഇതുവരെ വേദി പങ്കിട്ടതിൽ ഊർജസ്വലമായ വ്യക്തിത്വം കൊണ്ട് എന്നെ ഏറ്റവുമധികം വിസ്മയിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത ആളാണ് മറഡോണ. മരണം അറിഞ്ഞപ്പോൾ മുതൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. ആ ഓർമകൾ പുതുമയോടെ മടങ്ങിയെത്തി. ലോകത്തിെൻറ ഒരറ്റത്ത് ഇരിക്കുന്ന എനിക്ക് മറഡോണയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞു എന്നത് നിറഞ്ഞ അഭിമാനമാണ്.
2020ൽ കുറേ പേർ നമ്മെ വിട്ടുപോയി. ലോകത്തിന് വളരെ പ്രായസങ്ങൾ നിറഞ്ഞൊരു വർഷമായിരുന്നു. ഇപ്പോൾ മറഡോണയും വിട പറഞ്ഞിരിക്കുന്നു. ലോകത്തിന് വലിയൊരു ഇതിഹാസത്തെയാണ് നഷ്ടപ്പെട്ടത്. ആ ഓർമകൾക്ക് മുന്നിൽ പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.