ഖത്തർ ഫുട്ബാൾ ടീം
ദോഹ: ഒക്ടോബറിലെ ഫിഫ ലോക റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ ഫുട്ബാൾ ടീം. ഫിഫ ലോക റാങ്കിങ്ങിൽ 52ാം സ്ഥാനത്തേക്ക് മുന്നേറിയ ഖത്തർ ഫുട്ബാൾ ടീം അറബ്, ഏഷ്യ മേഖലയിൽ അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട്.
രണ്ടു തവണ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ അടുത്ത വർഷം യു.എസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യത മത്സരങ്ങളിൽ ഗ്രൂപ് എ യിൽ ഒന്നാമതെത്തി ടിക്കറ്റുറപ്പിച്ചിരുന്നു. യു.എ.ഇക്കെതിരെ 2-1ന് പരാജയപ്പെടുത്തിയും ഒമാനെതിരെ സമനിലയും നേടിയ ഖത്തറിന് നാല് പോയന്റുകൾ വർധിച്ച് ആകെ 1,461.6 പോയന്റുകളാണ് നേടാനായത്.
അതേസമയം, ഫിഫ ലോക റാങ്കിങ്ങിൽ സ്പെയിൻ 1,880.76 പോയന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. അർജന്റീന 1,872.43 പോയന്റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി.
നേരത്തേ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഫ്രാൻസ് 1,862.71 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 1,824.3 പോയന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും 1,778 പോയന്റുമായി പോർചുഗൽ അഞ്ചാം സ്ഥാനത്തുമാണ്. നെതർലാൻഡ്സ്, ബ്രസീൽ, ബെൽജിയം, ഇറ്റലി, ജർമനി എന്നീ ടീമുകൾ ആദ്യ പത്തിൽ ഇടം നേടി. 1,710.11 പോയന്റുമായി ആഗോള തലത്തിൽ 12ാം സ്ഥാനത്തുള്ള മൊറോക്കോയാണ് അറബ് രാജ്യങ്ങളിൽ മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.