അക്രം അഫീഫ് കോച്ച്
കാർലോസ് ക്വിറോസിനൊപ്പം
ദോഹ: ഇടവേളക്കുശേഷം സ്വന്തം മണ്ണിൽ പോരാട്ടങ്ങൾക്ക് ബൂട്ടുകെട്ടി ഖത്തർ ദേശീയ ടീം. വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യത പോരാട്ടങ്ങൾക്കും ജനുവരിയിലെ ഏഷ്യൻ കപ്പിനുമുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് അക്രം അഫീഫും ഹസൻ ഹൈദോസും ഉൾപ്പെടെ താരങ്ങൾ കോച്ച് കാർലോസ് ക്വിറോസിനു കീഴിൽ ഒരുങ്ങുന്നത്.
ആദ്യ സന്നാഹ മത്സരത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.15ന് കെനിയയെ നേരിടും. ലോകകപ്പ് വേദികളിൽ ഒന്നായ അൽ ജനൂബ് സ്റ്റേഡിയമാണ് സൂപ്പർ പോരാട്ടത്തിന് വേദിയാകുന്നത്. ഒരാഴ്ചക്കുള്ളിൽ രണ്ടു സൗഹൃദ മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. കെനിയക്കെതിരായ അങ്കത്തിനു പിന്നാലെ 12ന് റഷ്യയെയും ഖത്തർ നേരിടും.
കഴിഞ്ഞ ജൂലൈയിൽ കോൺകകാഫ് ഗോൾഡ് കപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ മത്സരങ്ങൾക്കു ശേഷമാണ് ഖത്തർ കളത്തിലിറങ്ങുന്നത്. ഫിഫ റാങ്കിങ്ങിൽ 105ാം സ്ഥാനക്കാർ മാത്രമായ കെനിയ ദുർബലരായ എതിരാളികളാണ്.
എന്നാൽ, മറുപാതിയിൽ പന്തുതട്ടുന്നവരുടെ വലുപ്പം നോക്കാതെ മികച്ച കളിയിലൂടെ പ്രകടനം മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായാണ് ഖത്തർ ബൂട്ടുകെട്ടുന്നത്. 26 അംഗ ടീമിനെ കോച്ച് ക്വിറോസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമിലെ എല്ലാവരും സൗഹൃദ മത്സരത്തിനായി പൂർണമായി ഒരുങ്ങിയെന്ന് കോച്ച് ക്വിറോസ് പറഞ്ഞു.
ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ ടീമിന് കടുത്ത പോരാട്ടങ്ങളാണ് മുന്നിലുള്ളതെന്നും അതിലേക്കുള്ള തുടക്കമായാണ് ഓരോ മത്സരങ്ങളുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗോൾഡ് കപ്പിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയുമായാണ് ഖത്തർ കളിച്ചത്.
ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിന്റെ ഗോൾ മെഷീനായ മൈകൽ ഒലുങ്ക കെനിയൻ ടീമിനായി ബൂട്ടുകെട്ടും. കോച്ച് എൻഗിൻ ഫിറാതിനു കീഴിൽ ടീം കഴിഞ്ഞദിവസം ദോഹയിലെത്തിയിരുന്നു. ഖത്തറിനെ നേരിട്ട ശേഷം 12ന് സൗത്ത് സുഡാനുമായും കെനിയ ഇവിടെ കളിക്കുന്നുണ്ട്. അവർക്കും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള തയാറെടുപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.