‘ഗസ്സ വംശഹത്യ അവസാനിപ്പിക്കൂ...’; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പി.എസ്.ജി ആരാധകർ, കൂറ്റൻ ബാനർ ഉയർത്തി

മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്ന മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.എസ്.ജി ആരാധകർ.

മത്സരത്തിനിടെ ‘ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കു’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തിയാണ് ആരാധകർ ഫലസ്തീൻ ജനതക്കുള്ള പിന്തുണ അറിയിച്ചത്. ഫലസ്തീൻ സ്വതന്ത്ര പോരാട്ടത്തിന്‍റെ പ്രതീകമായ കഫിയ ധരിച്ചും ഫലസ്തീൻ പതാക കൈയിലേന്തിയുമാണ് പല പി.എസ്.ജി ആരാധകരും സ്റ്റേഡിയിലെത്തിയത്. കളിയുടെ ഒമ്പതാം മിനിറ്റിൽ മൊറോക്കോയുടെ പ്രതിരോധ താരം അഷ്റഫ് ഹകീമി പി.എസ്.ജിയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടതിനു പിന്നാലെയാണ് ആരാധകർ ഫലസ്തീന് അനുകൂല ബാനർ ഉയർത്തിയത്.

ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം നേരത്തെയും പലവേദികളിലും പി.എസ്.ജി ആരാധകർ പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ നവംബറിൽ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരത്തിനിടെ ഗാലറിയിൽ ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന ബാനർ പി.എസ്.ജി ആരാധകർ ഉയർത്തിയിരുന്നു. മൂന്നുവട്ടം ചാമ്പ്യന്മാരായ ചരിത്രവുമായെത്തിയ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് പി.എസ്.ജി തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.

പാരിസിയൻ ക്ലബിനായി ഡിസൈർ ഡുവോ ഇരട്ടഗോളുമായി (20, 63ാം മിനിറ്റുകൾ) തിളങ്ങി. അഷ്റഫ് ഹകീമി (12–ാം മിനിറ്റ്), ക്വിച്ച ക്വാരറ്റ്ക്ഷ്ലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പി.എസ്.ജിയുടെ മറ്റു സ്കോറർമാർ.

മത്സരത്തിൽ പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ആധിപത്യം പുലർത്തിയത് പി.എസ്.ജി ആയിരുന്നു. ലോക ഫുട്‌ബാളിലെ വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ ക്ലബിനായി ഒരുമിച്ച് പന്തുതട്ടിയിട്ടും നേടാൻ കഴിയാതെ പോയ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലൂയി എന്റിക്വെയുടെ കീഴിൽ ഒത്തൊരുമയോടെ കളിച്ച് ടീം സ്വന്തമാക്കിയത്.

അതേസമയം, ഇസ്രായേൽ നരഹത്യയിൽ ഇതുവരെ ഗസ്സയിൽ 54,000 ലേറെ പേരാണ് കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സമർപിച്ച വെടിനിർത്തൽ നിർദേശത്തോട് ഹമാസ് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. നിരവധി ഫലസ്തീനി തടവുകാരെ വിട്ടയക്കുന്നതിന് പകരം 10 ഇസ്രായേൽ ബന്ദികളെയും 18 മൃതദേഹങ്ങളും വിട്ടയക്കാമെന്നാണ് ഹമാസ് അറിയിച്ചത്.

സ്ഥിരമായ വെടിനിർത്തൽ, ഗസ്സ മുനമ്പിൽനിന്ന് സമ്പൂർണ ഇസ്രായേൽ സൈനിക പിന്മാറ്റം, ഗസ്സയിലേക്ക് വിലക്കുകളില്ലാതെ സഹായം കടത്തിവിടൽ എന്നിവ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാർ നിർദേശങ്ങളെന്ന് ഹമാസ് വാർത്ത കുറിപ്പിൽ അറിയിച്ചു. പുതിയ നിർദേശത്തോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. വിറ്റ്കോഫ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു.

Tags:    
News Summary - PSG supporters display 'stop genocide in Gaza’ banner during Champions League final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.