റോസ്ബൗൾ(യു.എസ്): ക്ലബ് ലോകകപ്പിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ച് ബ്രസീലിയൻ ക്ലബ് ബോട്ടോഫോഗോ. ഏക പക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് വമ്പന്മാർ കീഴടങ്ങിയത്.
36ാം മിനിറ്റിൽ സ്ട്രൈക്കർ ഇഗോർ ജീസസാണ് ബോട്ടോഫോഗോക്കായി വിജയഗോൾ നേടിയത്. കളിയുടെ ബഹുഭൂരിപക്ഷം സമയവും പന്ത് കൈവശംവെച്ച പി.എസ്.ജി ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഏറെ നടത്തിയെങ്കിലും ഫലംകണ്ടില്ല. ആദ്യ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ 4-0ത്തിന് തകർത്ത പി.എസ്.ജിക്ക് അപ്രതീക്ഷിത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതേസമയം, കളിച്ച രണ്ടുമത്സരവും ജയിച്ച ബോട്ടോഫോഗെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ അമേരിക്കൻ ക്ലബായ സിയാറ്റിൽ സൗണ്ടേഴ്‌സ് എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (1-3) അത്ലലറ്റികോ മാഡ്രിഡ് വീഴ്ത്തി.
ഗ്രൂപ്് എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പോർച്ചുഗൽ ക്ലബ് പോർട്ടോക്കെതിരെ ഇന്റർമയാമിക്ക് ജയം. സ്കോർ, 2-1. സൂപ്പർ താരം ലയണൽ മെസിയുടെ തകർപ്പൻ ഫ്രീകിക്കിലാണ് മയാമി ജയിച്ച് കയറിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് രണ്ടടിച്ച് പോർട്ടോയെ വീഴ്ത്തിയത്.
എട്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് പോർട്ടോയെ ആദ്യം മുന്നിലെത്തിച്ചത്. കിക്കെടുത്ത സ്ട്രൈക്കർ സാമു അഗെഹോവ പന്ത് അനായാസം മയാമിയുടെ വലയിലെത്തിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള മയാമിയുടെ ശ്രമങ്ങളെല്ലാം പോർട്ടോ സമർത്ഥമായി ചെറുത്തതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് പിന്നിലായിരുന്നു മയാമി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മയാമി ഒപ്പമെത്തി.
47ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയാണ് സമനില ഗോൾ നേടിയത്. 54ാം മിനിറ്റിലാണ് ഇതിഹാസ താരം ലയണൽ മെസ്സിയുടെ മാജിക്കൽ ഗോളെത്തിയത്. ഇടങ്കാലൻ ഫ്രീക്കിക്ക് പോർട്ടോ ഗോൾ കീപ്പർക്ക് പ്രതിരോധിക്കാനുള്ള ഒരു പഴുതും നൽകാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ വന്നിറങ്ങി (2-1). മെസ്സിയുടെ 68ാമെത്തെ ഫ്രീക്കിക്ക് ഗോളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.