ലൂയി എൻറിക്
പാരിസ്: കളി കരുത്തർ തമ്മിലാകുമ്പോൾ അവസാന മിനിറ്റുവരെയും ആവേശവും ആധിയും നിറഞ്ഞുനിൽക്കുന്നതാണ് സോക്കറിലെന്നല്ല, ഏതു കളിയിലെയും ശരാശരി രീതി. എന്നാൽ, ആദ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഒടുവിൽ ക്ലബ് ലോകകപ്പ് സെമിയിലും അതിമിടുക്കരെ കളിക്കാൻ കിട്ടിയ പി.എസ്.ജി ചെയ്തുകളഞ്ഞതാണിപ്പോൾ കായിക ലോകത്തെ വിഷയം.
മൂന്നുവട്ടം കിരീടം ചൂടിയ പാരമ്പര്യമുള്ള ഇന്റർ മിലാനുമായി ചാമ്പ്യൻസ് ലീഗ് കലാശപ്പോര് കളിച്ച പാരിസുകാർ കപ്പുയർത്തിയത് എതിരില്ലാത്ത അഞ്ചു ഗോളിന്റെ ജയം കുറിച്ച്. ക്ലബ് ലോകകപ്പിൽ റെക്കോഡിട്ട് അഞ്ചുതവണ കിരീട ജേതാക്കളായ റയൽ മഡ്രിഡുമായി കഴിഞ്ഞ ദിവസം സെമിയിൽ മുഖാമുഖം നിന്നപ്പോൾ ജയം ഏകപക്ഷീയമായ നാലു ഗോളിന്. മുന്നേറ്റം നയിക്കാൻ മെസ്സിയും നെയ്മറും എംബാപ്പെയുമുണ്ടായിരുന്ന നാളുകളിൽ സാധ്യമാകാത്ത മഹാവിജയങ്ങളുടെ നിറവിൽ നിൽക്കുന്ന ടീമിലിപ്പോൾ എല്ലാം എൻറിക്വ് മയമാണ്. ‘ഫുട്ബാൾ ആർക്കിടെക്റ്റ്’ എന്ന് ഫ്രഞ്ച് മാധ്യമങ്ങൾ വിളിക്കുന്ന പരിശീലകൻ ലൂയി എൻറിക്വാണ് ടീമിന്റെ വിജയങ്ങളിലെ മുഖ്യശിൽപി.
ബാലൺ ഡിഓർ സാധ്യത കൽപിക്കപ്പെടുന്ന ഉസ്മാനെ ഡെംബലെ മുതൽ ക്വിച്ച ക്വാരറ്റ്ക്ഷലിയയും 19കാരൻ ഡിസയർ ഡൂവെയും വരെ ടീമിലെ ഓരോ താരവും പ്രധാന റോൾ വഹിക്കുന്ന കേളീശൈലിയിലേക്ക് ടീമിനെ വാർത്തെടുത്ത എൻറിക്വിന്റെ ചിറകേറി പി.എസ്.ജിയിപ്പോൾ സ്വപ്നം കാണുന്നത് ഒരു സീസണിൽ നേടാവുന്ന പരമാവധി കിരീടങ്ങളായ നാലെണ്ണമാണ്. ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടത്തോടെ ഹാട്രിക് പൂർത്തിയാക്കിയ ടീമിന് നാളെ ക്ലബ് ലോകകപ്പിൽ ചെൽസിയെ കൂടി വീഴ്ത്താനായാൽ പാരിസിൽ വിരിയുക പുതു സോക്കർ വസന്തം.
പാർക് ഡി പ്രിൻസ് മൈതാനത്ത് അതുവരെയും വാണ സൂപ്പർ താര സംസ്കാരം ദൂരെയെറിഞ്ഞാണ് എൻറിക്വ് പുതിയ യാത്ര തുടങ്ങിയത്. സൂപ്പർ താര ത്രയം ടീമിന്റെ മുന്നേറ്റം ഭരിച്ച നാളുകൾ മാറി ഈ സ്ഥാനങ്ങളിൽ ഇളമുറക്കാരെത്തി. ഓരോ താരവും ടീം ഗെയിമിൽ 100 ശതമാനവും അർപ്പിക്കുന്നുവെന്ന് ഉറപ്പാക്കി. കളി പറയാനും തന്ത്രം മെനയാനും ഒന്നിലേറെ ആളുകളുണ്ടാകുന്നില്ലെന്നും ഉറപ്പാക്കി. കളിക്കാരിൽ കാര്യങ്ങൾ അടിച്ചേൽപിക്കുംമുമ്പ് സ്വയം അച്ചടക്കം പൂർണമായി നടപ്പാക്കി. എംബാപ്പെ റയലിലേക്ക് ചേക്കേറിയതോടെ നിയന്ത്രണം പൂർണമായത് കാര്യങ്ങൾ എളുപ്പമാക്കി.
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-2ന് വീഴ്ത്തി വരാനിരിക്കുന്നതിന്റെ സൂചന നൽകിയ ടീം പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളിനെയും ആഴ്സനലിനെയുമടക്കം മറികടന്നാണ് യൂറോപ്പിലെ മറ്റു കരുത്തരെയും കുടഞ്ഞിട്ടത്. ക്ലബ് ലോകകപ്പിൽ ബ്രസീൽ ക്ലബായ ബൊട്ടാഫൊഗോക്കെതിരെ ഗ്രൂപ് ഘട്ട തോൽവി ഞെട്ടിച്ചെങ്കിലും പിന്നീട് അറ്റ്ലറ്റികോ മഡ്രിഡ്, ബയേൺ മ്യൂണിക് എന്നിവരടക്കം എതിരാളികളെ വീഴ്ത്തി പിഴവുകൾ ടീം തിരുത്തി.
ഏറ്റവുമൊടുവിൽ സെമിയിലെത്തിയപ്പോൾ സാക്ഷാൽ എംബാപ്പെ അണിനിരന്ന റയൽ മഡ്രിഡിനെതിരെ 24 മിനിറ്റിനുള്ളിൽ ടീം അടിച്ചുകയറ്റിയത് കാൽ ഡസൻ ഗോളുകൾ. ഡബ്ളടിച്ച് ഫാബിയൻ റൂയിസും വീണ്ടും വല കുലുക്കിയ ഡെംബലെയുമായിരുന്നു സ്കോറർമാർ. അതേ ഊർജത്തിൽ ടീം കളി തുടർന്നിരുന്നെങ്കിൽ റയൽ മഡ്രിഡ് ടീമിന്റെ കണ്ണീരിന് കനം കൂടിയേനെ.
എൻറിക്വിനു കീഴിൽ താരങ്ങൾക്കു ലഭിച്ച ഊർജവും സ്വാതന്ത്ര്യവുമാണ് പി.എസ്.ജിയെ വേറിട്ടതാക്കുന്നത്. റയലിനെതിരെ ഒരു ഘട്ടത്തിൽ നിയന്ത്രണം അഞ്ചിൽ നാലും പി.എസ്.ജി കാലുകളിലായിരുന്നു.
മുൻനിരയിൽ ഡെംബലെ, ഡൂവേ, ക്വാരറ്റ്ക്ഷലിയ ത്രയത്തിന് കരുത്തുപകർന്ന് മധ്യനിരയിൽ ജൊആവോ നെവസ്, വിറ്റിഞ്ഞ, റൂയിസ് എന്നിവരും ചേരുമ്പോൾ ടീമിനും മൈതാനത്തിനും അനിതര വേഗമാണ്. നേരത്തേ ബാഴ്സക്കൊപ്പം കിരീട ട്രിപ്പ്ൾ കുറിച്ച എൻറിക്വ് ഞായറാഴ്ച ന്യൂ ജേഴ്സി മൈതാനത്ത് ടീമിന് നൽകാനിരിക്കുന്നത് പുതു ചരിത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.