പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടറിൽ, ജയിച്ചിട്ടും അത്ലറ്റികോ പുറത്ത്

വാഷിങ്ടൺ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ. ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ അമേരിക്കൻ ക്ലബായ സിയാറ്റിൻ സൗണ്ടേഴ്സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഫ്രഞ്ച് ക്ലബ് തകർത്തത്.

ബ്രി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പി.എസ്.ജി അവസാന പതിനാറിലെത്തിയത്. മൂന്നു മത്സരങ്ങളിൽനിന്ന് ആറു പോയന്‍റ്. ഗ്രൂപ്പിൽനിന്ന് ബ്രസീൽ ക്ലബ് ബോട്ടാഫോഗോയും പ്രീക്വാർട്ടറിലെത്തി. ഖ്വിച്ച ക്വാരത്സെലി, അഷ്റഫ് ഹക്കീമി എന്നിവരാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. പ്രീ ക്വാർട്ടറിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയാണ് പി.എസ്.ജിയുടെ എതിരാളികൾ.

മത്സരത്തിന്റെ 35ാം മിനിറ്റിൽ വിറ്റിഞ്ഞയുടെ ക്രോസിൽനിന്നാണ് ക്വാരത്സെലി ടീമിന് ലീഡ് നേടികൊടുത്തത്. 66ാം മിനിറ്റിൽ ഹക്കീമി ടീമിന്‍റെ രണ്ടാം ഗോൾ നേടി. ബ്രാഡ്‌ലി ബാർക്കോളയാണ് ഗോളിന് വഴിയൊരുക്കിയത്. മറ്റൊരു മത്സരത്തിൽ ബോട്ടാഫോഗോയോട് ഒരു ഗോളിന് ജയിച്ചിട്ടും അത്ലറ്റികോ മഡ്രിഡ് പ്രീ ക്വാർട്ടർ കാണാതെ പുറത്തായി.

അവസാന പതിനാറിലെത്താൻ സ്പാനിഷ് ക്ലബിന് മൂന്നു ഗോളിന്‍റെ വ്യത്യാസത്തെങ്കിലും ബ്രസിൽ ക്ലബിനെതിരെ ജയിക്കണമായിരുന്നു. ഗ്രൂപ്പിൽ പി.എസ്.ജിക്കും ബോട്ടാഫോഗോക്കും അത്ലറ്റികോക്കും ആറു പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ആദ്യ രണ്ടു ടീമുകൾ പ്രീ ക്വാർട്ടറിൽ എത്തിയത്.

മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ (87ാം) പകരക്കാരൻ അന്‍റോണിയോ ഗ്രീസ്മാനാണ് അത്ലറ്റികോയുടെ വിജയ ഗോൾ നേടിയത്. ജൂലിയൻ അൽവാരസാണ് ഗോളിന് വഴിയൊരുക്കിയത്. പാൽമീറാസാണ് പ്രീക്വാർട്ടറിൽ ബോട്ടാഫോഗോയുടെ എതിരാളികൾ.

Tags:    
News Summary - PSG beat Seattle to reach knockout stage at Club World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.