പ്രിമിയർ ലീഗിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ കൂടെയുണ്ടായിട്ടും ചാമ്പ്യൻപട്ടത്തിനരികെയെത്താൻ പോലുമാകാതെ കിതച്ച കഴിഞ്ഞ സീസണും അവസാന മാസങ്ങളും തത്കാലം മറക്കാൻ മാഞ്ചസ്റ്റർ സിറ്റി. ഡി ബ്രുയിൻ ഒരിക്കലൂടെ താരമായ അങ്കത്തിൽ കരുത്തരായ ചെൽസിയെ ചിത്രത്തിൽനിന്ന് പടികടത്തിയ വിജയവുമായാണ് സിറ്റി േക്ലാപിെൻറയും സോൾഷ്യറുടെയും പടകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇകായ് ഗുണ്ടൊഗൻ, ഫിൽ േഫാഡൻ, കെവിൻ ഡി ബ്രുയിൻ എന്നിവർ ആദ്യ 16 മിനിറ്റിൽ അടിച്ചുകയറ്റിയത് മൂന്നു ഗോളുകളാണ്. പിന്നെയും ഗോളവസരങ്ങൾ നിരവധി തുറന്നുകിട്ടിയെങ്കിലും നിർഭാഗ്യം വഴിമുടക്കിയത് ആശ്വാസം പകർന്നത് ചെൽസിക്ക്.
കോവിഡ് മൂലം ടീമിലെ ആറു പേർ പുറത്തിരിക്കേണ്ടിവന്നതിെൻറ ക്ഷീണമൊന്നും പ്രകടിപ്പിക്കാതെയായിരുന്നു ഞായറാഴ്ച ആദ്യ വിസിൽ മുതൽ സിറ്റി നിരയുടെ പ്രകടനം. കളി ജയിച്ചതോടെ ഗാർഡിയോളയുടെ കുട്ടികൾ 29 പോയിൻറുമായി പ്രിമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. നാലാമതായിരുന്ന നീലക്കുപ്പായക്കാരാകട്ടെ 26 പോയിൻറു മാത്രം സമ്പാദ്യവുമായി എട്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
കരുത്തുതിരിച്ചുപിടിച്ച മാഞ്ചസ്റ്റർ യുനൈറ്റഡും നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ ഫോം ഇനിയും തുടർന്നാലേ സിറ്റിക്ക് ചാമ്പ്യൻപട്ടത്തിനുള്ള അങ്കം കടുപ്പിക്കാനാകൂ. അവസാന ആറു മത്സരങ്ങളിൽ നാലും തോറ്റ ചെൽസി ഇനി വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.
കോവിഡ് പിടിച്ച് കൈൽ വാക്കർ, ഗബ്രിിയേൽ ജീസസ്, ഫെറാൻ ടോറസ്, ഗോളി എഡേഴ്സൺ തുടങ്ങിയവർ ചെൽസിക്കെതിരെ ഇറങ്ങിയിരുന്നില്ല. അതുപക്ഷേ, കളത്തിൽ കാണിക്കാതെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. സിറ്റി ഏഴു കളികളിൽ ഇതുവരെ തോറ്റിട്ടില്ല. വഴങ്ങിയതാകട്ടെ, രണ്ടു ഗോളുകൾ മാത്രം. 14 ഗോളുകൾ അടിച്ചുകയറ്റുകയും ചെയ്തു.
ലീഗിലെ മറ്റൊരു മത്സരത്തിൽ ലെസ്റ്റർ ന്യൂകാസിലിനെ 2-1ന് തോൽപിച്ചിരുന്നു. ജെയിംസ് മാഡിസൺ, യൂറി ടീലെമാൻസ് എന്നിവരാണ് ലെസ്റ്ററിനായി ഗോൾ കണ്ടെത്തിയത്.
ലാ ലിഗയിൽ സൂപർ താരം ലയണൽ മെസ്സിയുടെ മികവിൽ ബാഴ്സ ആശ്വാസ ജയം കുറിച്ചിരുന്നു. മെസ്സി നൽകിയ പാസിൽ ഡച്ച് മിഡ്ഫീൽഡർ ഡി ജോങ്ങായിരുന്നു കളിയിലെ ഏക ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.