സ്വീഡനെ ഗോളിൽ മുക്കി പോർച്ചുഗൽ

സ്വീഡനെതിരായ സൗഹൃദ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് പറങ്കിപ്പട ജയിച്ചുകയറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഇറങ്ങിയ പോർച്ചുഗൽ പകരം പി.എസ്.ജി സ്ട്രൈക്കർ ഗോൺസാലോ റാമോസിനെയാണ് ആക്രമണ ചുമതലയേൽപിച്ചത്.

രണ്ടാം മിനിറ്റിൽ തന്നെ സ്വീഡൻ ഗോളിനടുത്തെത്തിയെങ്കിലും അലക്സാണ്ടർ ഇസാകിന്റെ ക്രോസ് പോർച്ചുഗൽ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി പോസ്റ്റിലേക്ക് നീങ്ങിയെങ്കിലും ഗോൾകീപ്പർ രക്ഷകനായി. 15ാം മിനിറ്റിൽ പോർച്ചുഗൽ അക്കൗണ്ട് തുറന്നെന്ന് തോന്നിച്ചെങ്കിലും മാത്യൂസ് നൂനസിന്റെ തകർപ്പൻ ഷോട്ട് എതിർ ഗോൾകീപ്പർ ഓൾസൺ ഇടത്തോട്ട് പറന്ന് കുത്തിയകറ്റി. എന്നാൽ, 24ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ബെർണാഡോ സിൽവയുടെ ഉശിരൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചപ്പോൾ പന്തെത്തിയത് റാഫേൽ ലിയാവോയുടെ കാലിലായിരുന്നു. താരം പിഴവില്ലാതെ പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. തൊട്ടുടൻ സ്വീഡന് അനുകൂലമായി ബോക്സിന് തൊട്ടടുത്തുനിന്ന് ഫ്രീകിക്ക് ലഭിച്ചെങ്കിലും കുലുസേവ്സ്കിയുടെ ഷോട്ട് ഗോൾകീപ്പർ കൈയിലൊതുക്കി.

33ാം മിനിറ്റിൽ പോർച്ചുഗൽ ലീഡുയർത്തി. ബെർണാഡോ സിൽവ കൈമാറിയ പന്ത് മാത്യൂസ് നൂനസ് ഉശിരൻ ഷോട്ടിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാനിരിക്കെ മൂന്നാം ഗോളുമെത്തി. വലതുവിങ്ങിൽനിന്ന് നെൽസൺ സെമിഡൊ നൽകിയ ക്രോസ് ബ്രൂണോ ഫെർണാണ്ടസ് ഓടിയെടുത്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

57ാം മിനിറ്റിൽ എതിർ പ്രതിരോധത്തിന്റെ പിഴവിൽനിന്ന് പിടിച്ചെടുത്ത പന്തുമായി മുന്നേറിയ ബ്രൂണോ ഫെർണാണ്ടസ് ബ്രൂമക്ക് കൈമാറുകയും താരം ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലയിലെത്തിക്കുകയും ചെയ്തതോടെ സ്കോർ 4-0 എന്ന നിലയിലായി. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ സ്വീഡൻ ഒരുഗോൾ തിരിച്ചടിച്ചു. വലതുവിങ്ങിൽനിന്ന് ഹോം നൽകിയ ക്രോസിന് വിക്ടർ ഗ്യോകരസ് കാൽ​വെച്ച് കൊടുക്കുകയായിരുന്നു.

നാല് മിനിറ്റിനകം പോർച്ചുഗൽ അഞ്ചാം ഗോളിലെത്തി. ലോങ് പാസ് സ്വീകരിച്ച നെൽസൺ സെമിഡോ ബോക്സിലേക്ക് ഓടിയെത്തിയ ഗോൺ​സാലോ റാമോസിന് പന്ത് ​കൈമാറിയപ്പോൾ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ചുമതലയേ താരത്തിന് ഉണ്ടായിരുന്നുള്ളൂ. തുടർന്ന് ബെർണാഡോ സിൽവയുടെ രണ്ട് ഗോൾശ്രമങ്ങൾ സ്വീഡിഷ് ഗോൾകീപ്പർ തടഞ്ഞിട്ടു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ സ്വീഡൻ ഒരു ഗോൾകൂടി തിരിച്ചടിച്ച് തോൽവിഭാരം കുറച്ചു. വലതു വിങ്ങിൽനിന്ന് കുലുസേവ്സ്കി നൽകിയ ക്രോസ് ഗുസ്താഫ് നിൽസൺ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. 

Tags:    
News Summary - Portugal's huge win against Sweden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT