സ്പാനിഷ് യുവനിരയെ ഷൂട്ടൗട്ടിൽ വീഴ്ത്തി പോർചുഗൽ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കൾ

മ്യൂണിക്: സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി യുവേഫ നേഷന്‍സ് ലീഗ് ജേതാക്കളായി പോർചുഗൽ. ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് പോര്‍ചുഗല്‍ വിജയം നേടുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.

21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയുടെ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റിന് പിന്നാലെ നുനോ മെന്‍ഡിസ് പോർചുഗലിനെ ഒപ്പമെത്തിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കെ 45ാം മിനിറ്റിൽ മൈക്കല്‍ ഒയാര്‍സബാല്‍ ഗോൾ നേടി സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. 61ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോ പോർച്ചുഗലിനെ സമനിലയിലേക്കുയർത്തി.

പിന്നീട് ഇരുടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനായി കിക്കെടുത്തവരെല്ലാം വലകുലുക്കി. സ്പാനിഷ് താരം അല്‍വാരോ മൊറാട്ടയുടെ കിക്ക് പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡിയോഗ കോസ്റ്റ തടഞ്ഞത് നിര്‍ണായകമായി. പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. 


ക്രിസ്റ്റ്യാനോയും സ്‌പെയിനിന്‍റെ യുവതാരം ലമീന്‍ യമാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാല്‍ ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല. പോർചുഗലിന്‍റെ രണ്ടാമത് യുവേഫ നേഷന്‍സ് ലീഗ് കിരീടമാണിത്. 2019ലാണ് ആദ്യ കിരീടനേട്ടം. 

Tags:    
News Summary - Portugal won UEFA NationsLeague-Championship 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.